2017-11-07 15:50:00

ആഗോളപരിഗണനകളുമായി കോഫി അന്നന്‍ പാപ്പായെ സന്ദര്‍ശിച്ചു


2017 നവംബര്‍ ആറാംതീയതി ഫ്രാന്‍സീസ് പാപ്പായുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഐക്യരാഷ്ട്രസംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ ആഗോളപ്രശ്നങ്ങളെ സംബന്ധിച്ച പരിഗണനകളില്‍ വത്തിക്കാന്‍റെ സഹകരണം ആഗ്രഹിക്കുന്നു എന്നു പ്രസ്താവിച്ചു.

പേപ്പല്‍ വസതിയായ കാസാ സാന്താമാര്‍ത്തായില്‍ ഉച്ചകഴിഞ്ഞ് എത്തിയ അദ്ദേഹത്തോടൊപ്പം ദ എല്‍ഡേഴ്സ് (The Elders) എന്ന അന്താരാഷ്ട്രസംഘടനയിലെ ചില അംഗങ്ങളും സന്ദര്‍ശനത്തിനെത്തിയിരുന്നു എന്ന് വത്തിക്കാന്‍ അറിയിച്ചു. 2007-ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന നെല്‍സണ്‍ മണ്‍ഡേല സ്ഥാപിച്ച ഈ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനാണ് കോഫി അന്നന്‍. അന്താരാഷ്ട്ര പ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ വത്തിക്കാനുമായുള്ള സഹകരണം അവശ്യമാണെന്നുള്ള ബോധ്യത്തോടെ, കുടിയേറ്റം, ആണവായുധങ്ങളും സമാധാനവും, കാലാവസ്ഥാവ്യതിയാനം, ലിംഗസമത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പാപ്പായുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.  അടുത്തു നടക്കാനിരിക്കുന്ന ആണവായുധ നിരോധനത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സിന്‍റെയും ഈ സംഘടനയുടെ പത്താം വാര്‍ഷികത്തിന്‍റെയും പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.