2017-11-06 12:35:00

തിരിച്ചെടുക്കപ്പെടാത്ത ദൈവിക ദാനങ്ങള്‍-പാപ്പായുടെ വചനസമീക്ഷ


ദൈവം നല്കുന്ന ദാനങ്ങള്‍ അവിടന്ന് ഒരിക്കലും തിരിച്ചെടുക്കില്ലയെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (06/11/17) രാവിലെ വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നമാത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ വചനസമീക്ഷയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനം നല്കിയത്.

രക്ഷാകരചരിത്രത്തില്‍ ദൈവം സ്വന്തജനത്തിന് മൂന്നു ദാനങ്ങളാണ് നല്കിയതെന്നും അവയെല്ലാം തിരിച്ചെടുക്കാന്‍ പറ്റാത്തവയായിരുന്നുവെന്നും തിരഞ്ഞെടുപ്പ്, വാഗ്ദാനം, ഉടമ്പടി എന്നിവയായിരുന്നു ആ ദാനങ്ങളെന്നും പാപ്പ വിശദീകരിച്ചു.

അബ്രഹാത്തിനെന്ന പോലെ നമ്മെ സംബന്ധിച്ചും അപ്രകാരം തന്നെയാണ് ദൈവത്തിന്‍റെ   പ്രവര്‍ത്തനമെന്നും നാമോരോരുത്തരും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെട്ടവരായ നാം ഒരോരുത്തരും കര്‍ത്താവിന്‍റെ വാഗ്ദാനത്തിന്‍റെ സംവാഹകരാണെന്നും പാപ്പാ പറഞ്ഞു.

കര്‍ത്താവുമായി ഉടമ്പടിയിലേര്‍പ്പെടേണ്ടവരാണ് നാമെന്നും അതു ചെയ്യാനും ചെയ്യാതിരിക്കാനും സ്വതന്ത്ര്യം നമുക്കുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു,

ദൈവം നമ്മെ തിരഞ്ഞെടുത്തതിനെക്കുറിച്ച് നാം ഓരോരുത്തരും എന്താണ് ചിന്തിക്കുന്നതെന്നും, നാം യാദൃശ്ചിക ക്രൈസ്തവാരാ​ണോ, സ്വന്തം പരിത്രാണയാത്രയില്‍ നാമോരോരുത്തരും വാഗ്ദാനം എപ്രകാരമാണ് ജീവിക്കുന്നത്, ദൈവം അവിടത്തെ വാഗ്ദാനത്തില്‍ വിശ്വസ്തനായിരിക്കുന്നതുപോലെ നാം വിശ്വസ്തരാണോ ​എന്നും സ്വയം ചോദിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെക്കുറിച്ചു പറയുമ്പോള്‍ പൗലോസപ്പസ്തോലന്‍ അനുസരണക്കേട്, കാരുണ്യം എന്നീ പദങ്ങള്‍ 4 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതിനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ഈ അനുസരണക്കേടിനു മുന്നില്‍ എന്നും ദൈവത്തിന്‍റെ കാരുണ്യമുണ്ടെന്നും എന്തെന്നാല്‍ ദൈവം അവിടത്തെ വാഗ്ദാനത്തില്‍ വിശ്വസ്തനാണെന്നും വിശദീകരിച്ചു.

നാം പാപങ്ങള്‍ ചെയ്യുകയും അനുസരണക്കേടുകാട്ടുകയും ചെയ്തവരെങ്കിലും ദൈവത്തിന്‍റെ കാരുണ്യത്തിന് നാം നമ്മെത്തന്നെ സമര്‍പ്പിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. 








All the contents on this site are copyrighted ©.