2017-11-04 12:31:00

കുടിയേറാതിരിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം-പാപ്പാ


കുടിയേറാതിരിക്കാനുള്ള അവകാശം വ്യക്തികള്‍ക്ക് ഉറപ്പുനല്കുന്നതിനു പര്യാപ്തമായ പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതലായ പഠനങ്ങള്‍ ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാസര്‍വ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതി ഈ മാസം 1 മുതല്‍ 4 വരെ (01-04/11/17) റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും അധികരിച്ചു സംഘടിപ്പിച്ച ആന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 230 ഓളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (04/11/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യവേ, സര്‍വ്വകലാശാലകള്‍ സംഭാവനയേകേണ്ട ഗവേഷണപഠനം, അദ്ധ്യാപനം, സാമൂഹ്യവികസനം എന്നീ മൂന്നു മേഖലകളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശാസ്ത്രീയ ഗവേഷണ പഠനങ്ങളെ ദൈവവിജ്ഞാനീയ ഗവേഷണ പഠനങ്ങളുമായി പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ യുക്തിയും വിശ്വാസവും തമ്മിലുള്ള സംഭാഷണത്തിലൂടെ കത്തോലിക്കാസര്‍വ്വകലാശാലകള്‍ എന്നും ശ്രമിച്ചിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിക്കുന്നു.

നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ച് ഉപരിയഗാധമായ പഠനങ്ങളും  കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും അജപാലനത്തിന്‍റെ  പ്രസക്തി സുവ്യക്തമാക്കുന്നതിന് കുടിയേറ്റത്തെ കാലത്തിന്‍റെ അടയാളമായി കണ്ടുകൊണ്ട് ആഴമേറിയ ദൈവശാസ്ത്രമനനവും ആവശ്യമായണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

“ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു” എന്നു പറയുന്ന യേശുവിനെ സഭ എന്നും കുടിയേറ്റക്കാരില്‍ ദര്‍ശിക്കുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

അഭയാര്‍ത്ഥിക്കള്‍ക്കും പഠിക്കാനുള്ള അവസരം കത്തോലിക്കാ സര്‍വ്വകലാശാലകള്‍ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുകയെന്ന കത്തോലിക്കാ സര്‍വ്വകലാശാലകളുടെ ദൗത്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരികപരങ്ങളായ വിഭിന്നങ്ങളായ അധികാരത്തെക്കുറിച്ച് വിമര്‍ശനാത്മകമായ ഒരു മനസ്സാക്ഷിയോടുകൂടി സര്‍വ്വകാലാശാലകള്‍, അവ എവിടെ ആയിരിക്കുന്നുവോ ആ സമൂഹത്തില്‍, പ്രവര്‍ത്തിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.