2017-11-03 16:19:00

''പ്രത്യാശ വേരുറപ്പിക്കുന്നത് മാനവസങ്കടങ്ങളില്‍'': പാപ്പാ


സകല മരിച്ചവരുടെയും ഓര്‍മദിനമായ നവംബര്‍ രണ്ടാംതീയതി പാപ്പാ നല്‍കിയ വചനസന്ദേശം പ്രത്യാശയുടെ നിറവു നല്‍കുന്ന വാക്കുകളുടെ പ്രവാഹമായിരുന്നു.  ഇറ്റലിയിലെ നെത്തൂണോയില്‍, രണ്ടാം ലോകമഹായുദ്ധകാലത്തു മരണമടഞ്ഞവരെ സംസ്ക്കരിച്ചിരിക്കുന്ന അമേരിക്കന്‍ സെമിത്തേരിയായിരുന്നു പാപ്പായുടെ ബലിയര്‍പ്പണവേദി.

''ഇന്നിവിടെ നാമെല്ലാവും ഒരുമിച്ചുകൂടിയിരിക്കുന്നത് പ്രത്യാശയിലാണ്'' എന്ന പ്രാരംഭവചനത്തോടെ പാപ്പാ തുടര്‍ന്നു: ''മിക്കവാറും പ്രത്യാശ ഉയിര്‍ക്കൊള്ളുന്നതും, അതു അതിന്‍റെ വേരുറപ്പിച്ചിരിക്കുന്നതും മാനവ ദുരിതങ്ങളിലാണ്,  മനുഷ്യന്‍റെ അനേകങ്ങളായ സങ്കടങ്ങളിലാണ്. എന്നാല്‍ ആ സഹനനേരങ്ങള്‍ നമ്മെ സ്വര്‍ഗത്തിലേക്കു നോക്കാനും ഇങ്ങനെ പറയാനും നമ്മെ പ്രാപ്തരാക്കുന്നു.  എന്‍റെ രക്ഷകന്‍ ജീവിക്കുന്നവെന്ന് ഞാന്‍ വിശ്വസിക്കുന്നു... കര്‍ത്താവേ, ഞാന്‍ നിന്നോടുകൂടിയാണെന്ന് എനിക്കുറപ്പുണ്ട്...''

സിമിത്തേരിയില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന അനേക യുവപ്പടയാളികളെ അനുസ്മരിച്ചുകൊണ്ട്, പാപ്പാ പറഞ്ഞു: ''ഇന്ന് ലോകം യുദ്ധത്തിനായി ശക്തമായി കോപ്പുകൂട്ടുമ്പോള്‍, നാം ഇങ്ങനെ പ്രാര്‍ഥിക്കണം.  ഇനിയും യുദ്ധം ഉണ്ടാകാനിടയാക്കരുതേ!''

''ചരിത്രത്തില്‍, മനുഷ്യര്‍ യുദ്ധങ്ങളെപ്പറ്റി ചിന്തിക്കുന്നു, ഒരു പുതിയ ലോകം ഉണ്ടാകുമെന്നുള്ള ബോധ്യത്തോടെ, ഒരു പുതിയ വസന്തകാലം കൈവരുത്താമെന്നുള്ള ബോധ്യത്തോടെ, എന്നാല്‍ യുദ്ധം അവസാനിക്കുന്നതോടെ കൈവരുന്നത് ശൈത്യമാണ്, ക്രൂരവും, വികൃതവുമായ, ഭീതിയുടെയും മരണത്തിന്‍റേതുമായ ഒരു കാലം.  ഇന്നു നാം മരണമടഞ്ഞ ഈ യുവജനങ്ങള്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍, അനേകം കുഞ്ഞുങ്ങള്‍ക്കും നിഷ്ക്കളങ്കര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, യുദ്ധത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ച് നമുക്കോര്‍ക്കാം...  യുദ്ധമെന്ന തിന്മയെക്കുറിച്ചു വിലപിക്കാനുള്ള കൃപ കര്‍ത്താവില്‍ നിന്നു നമുക്കു യാചിക്കാം''.  ഈ വാക്കുകളോടെയാണ് വചനസന്ദേശം സമാപിച്ചത്.

ഇറ്റലിയില്‍ റോമിന്‍റെ പ്രാന്തപ്രദേശത്തുള്ള നെത്തൂണോയിലെ അമേരിക്കന്‍ സെമിത്തേരി ഏതാണ് 77 ഏക്കറുകളിലായി കിടക്കുന്ന സ്ഥലമാണ്.  7860 പേരാണ് ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.  അവരില്‍ ഏറിയപങ്കും യുവാക്കളാണ്. 








All the contents on this site are copyrighted ©.