2017-11-01 13:25:00

വിശുദ്ധര്‍:ദൈവത്തിന്‍റെ വെളിച്ചം കടത്തിവിടുന്ന സ്ഫടികം-പാപ്പാ


സകലിവിശുദ്ധരു‌ടെയും തിരുന്നാള്‍ പ്രമാണിച്ച് നവമ്പര്‍ ഒന്നിന്, ബുധനാഴ്ച വത്തിക്കാനില്‍ പൊതു അവധയായിരുന്നതിനാല്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ച അനുവദിച്ചില്ല. എന്നാല്‍ പാപ്പാ മദ്ധ്യാഹ്നത്തില്‍ ത്രികാലജപം നയിക്കുകയും അതിനൊരുക്കമായി ഒരു സന്ദേശം നല്കുകയും ചെയ്തു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതാരായിരുന്ന വിശ്വാസികളെ പേപ്പല്‍ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട് സംബോധന ചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു:                                              

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.

സകലവിശുദ്ധരുടെയും തിരുന്നാള്‍ നമ്മുടെ ഉത്സവമാണ്. അത് നമ്മള്‍ നല്ലവരായതുകൊണ്ടല്ല, പ്രത്യുത ദൈവത്തിന്‍റെ വിശുദ്ധി നമ്മുടെ ജീവിതത്തെ സ്പര്‍ശിച്ചിരിക്കുന്നതുകൊണ്ടാണ്. വിശുദ്ധര്‍ അന്യൂനമാതൃകകളല്ല, എന്നിരുന്നാലും, ദൈവം “കടന്നുപോന്ന” വ്യക്തികളാണ്. ദേവാലയങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളാല്‍ പ്രകാശകിരണങ്ങളെ കടത്തിവിടുന്ന ചില്ലുകളോട് അവരെ ഉപമിക്കാനാകും. തങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ വെളിച്ചം സ്വീകരിക്കുകയും ആ വെളിച്ചം തങ്ങള്‍ ഓരോരുത്തരുടെയും “തനിമ”യ്ക്കനുസൃതം ലോകത്തില്‍ പ്രസരിപ്പിക്കുകയും ചെയ്ത സഹോദരീസഹോദരന്മാരാണ് വിശുദ്ധര്‍. അവരെല്ലാവരും സുതാര്യതയുള്ളവരായിരുന്നു. ദൈവത്തിന്‍റെ മൃദുവായ വെളിച്ചം കടന്നുവരുന്നതിന് പാപക്കറകളും പാപത്തിന്‍റെ ഇരുളും നീക്കുന്നതിനായി പോരാടിയവരാണവര്‍. നമ്മെ സംബന്ധിച്ചും ജീവിതലക്ഷ്യം ഇതുതന്നെയാണ്. ദൈവത്തിന്‍റെ വെളിച്ചം കടന്നുവരാന്‍ സാഹചര്യം ഒരുക്കുക.

ഇന്നത്തെ സുവിശേഷത്തില്‍ യേശു അവിടത്തെ പ്രിയപ്പെട്ടവരെ, നാമെല്ലാവരെയും, സംബോധനചെയ്യുന്നത് “അനുഗ്രഹീതര്‍” എന്നാണ്. (മത്തായി 5:3) അവിടന്ന് പ്രസംഗം, സന്തോഷത്തിന്‍റെ സരണിയായ സദ്വാര്‍ത്ത പ്രഘോഷിക്കാന്‍ ആരംഭിക്കുന്നത് അനുഗ്രഹീതര്‍ എന്ന വാക്കോടെയാണ്. യേശുവിനോടുകൂടെ നിലകൊള്ളുന്നവന്‍ അനുഗ്രഹീതനാണ്, ആനന്ദവാനാണ്. എന്തെങ്കിലും ഉണ്ടായിരിക്കുന്നതിലോ, ആരെങ്കിലും ആയിത്തീരുന്നതിലോ അല്ല ആനന്ദം അടങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥ സന്തോഷം കര്‍ത്താവിനോടൊപ്പം ആയിരിക്കുന്നതിലും സ്നേഹത്തെപ്രതി ജീവിക്കുന്നതിലുമാണ്. അപ്പോള്‍, സന്തോഷപ്രദമായ ജീവിതത്തിന്‍റെ ചേരുവകള്‍ “സുവിശേഷ സൗഭാഗ്യങ്ങള്‍” ആണ്. എളിമയുള്ളവര്‍, ദൈവത്തിനു ഇടം നല്കുന്നവര്‍, മറ്റുള്ളവര്‍ക്കുവേണ്ടിയും സ്വന്തം തെറ്റുകളെ ഓര്‍ത്തും കേഴുന്നവര്‍, സൗമ്യശീലര്‍, അനീതിക്കെതിരെ പോരാടുന്നവര്‍, സകലരോടും കാരുണ്യം കാട്ടുന്നവര്‍, ഹൃദയശുദ്ധിയുള്ളവര്‍, സമാധാനത്തിനായി പരിശ്രമിക്കുന്നവര്‍ വേദനിക്കുമ്പോഴും ആനന്ദിക്കുകയും ദ്വേഷിക്കാതിരിക്കുകയും ചെയ്യുന്നവര്‍, തിന്മയോടു നന്മ കൊണ്ടു പ്രതികരിക്കുന്നവര്‍ ഇവരെല്ലാമാണ് അനുഗ്രഹീതര്‍.

ഇതാണ് സുവിശേഷസൗഭാഗ്യങ്ങള്‍. അനുദിന ജീവിതത്തിലെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിന് ശദ്ധേയമായ പ്രവൃത്തികള്‍ ഒന്നും ആവശ്യമില്ല, അമാനുഷരായിരിക്കേണ്ടതുമില്ല. അങ്ങനെയുള്ളവരാണ് വിശുദ്ധര്‍. ലോകത്തില്‍ തിന്മയാല്‍  മലിനമായ വായു എല്ലാവരെയും പോലെതന്നെ അവരും ശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തീയജീവിതത്തിന്‍റെ  ഭൂപടമെന്നപോലെ, യേശു കാട്ടിത്തന്ന, സുവിശേഷസൗഭാഗ്യങ്ങള്‍ അവതരിപ്പിക്കുന്ന, പാത അവരുടെ കണ്ണില്‍ നിന്ന് മറയുന്നില്ല. ഈ ഭൂപടം കാട്ടിത്തരുന്ന ലക്ഷ്യത്തിലെത്തിയവരുടെ ഉത്സവമാണ് ഇന്ന്. പഞ്ചാംഗത്തിലെ വിശുദ്ധരുടെ മാത്രമല്ല, നാം കണ്ടുമുട്ടുകയോ, പരിചയപ്പെടുകയോ ചെയ്തിട്ടുള്ളവരുമുള്‍പ്പെടുയുള്ള നമ്മുടെ അടുത്ത വാതിലിനപ്പുറമുള്ള നിരവധിയായ സഹോദരീസഹോദരന്മാരുടെയും ആഘോഷമാണ്. കുടുംബത്തിന്‍റെ ഉത്സവം. ലോകത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്, വാസ്തവത്തില്‍, ദൈവത്തെ സഹായിക്കുന്ന സാധാരണക്കാരും മറഞ്ഞിരിക്കുന്നവരുമായ നിരവധിപ്പേരുടെ ഉത്സവമാണ്. അങ്ങനെയുള്ളവര്‍ ഇന്നുമുണ്ട്.

സര്‍വ്വോപരി, പ്രഥമ സുവിശേഷസൗഭാഗ്യങ്ങളില്‍ ഒന്നാമത്തേത് പറയുന്നത് “ആത്മാവില്‍ ദരിദ്രര്‍” ഭാഗ്യവാന്മാര്‍ എന്നാണ്. (മത്തായി 5:3). അതിന്‍റെ പൊരുള്‍ എന്താണ്? നേട്ടങ്ങള്‍ക്കും അധികാരത്തിനും, പണത്തിനും വേണ്ടി ജീവിക്കാത്തവര്‍, സ്വന്തമായി സമ്പത്തു കുന്നുകൂട്ടുന്നവര്‍ ദൈവത്തിനു മുന്നില്‍ സമ്പന്നരല്ല എന്നറിയാവുന്നവര്‍ എന്നാണ്. അവര്‍ ജീവിതത്തിന്‍റെ സമ്പത്ത് കര്‍ത്താവാണെന്നും നേട്ടത്തിനുള്ള ഏകയഥാര്‍ത്ഥ ഉറവിടം പരസ്നേഹമാണെന്നും വിശ്വസിക്കുന്നു. എന്തെങ്കിലും ഇല്ലാതെ വരുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ അസന്തുഷ്ടരാകുകയോ നാം ആഗ്രഹിക്കുന്നതുപോലെ പരിഗണിക്കപ്പെടാതെവരുമ്പോള്‍ അസ്വസ്ഥരാകുകയോ ചെയ്യുന്നു. നമ്മുടെ സൗഭാഗ്യം ഇവയിലല്ല, പ്രത്യുത, കര്‍ത്താവിലും സ്നേഹത്തിലുമാണ് അടങ്ങിയിരിക്കുന്നതെന്ന് നാം ഓര്‍ക്കണം. അവിടത്തോടൊപ്പവും സ്നേഹിച്ചുകൊണ്ടും മാത്രമെ അനുഗ്രഹീതരായി ജീവിക്കാന്‍ കഴിയുകയുള്ളു.

സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ ബൈബിളില്‍ അവസാനഭാഗത്ത് കാണുന്നതും ജീവതാന്ത്യത്തെക്കുറിച്ചു പരാമര്‍ശിക്കുന്നതുമായ ഒരു സുവിശേഷസൗഭാഗ്യം ഉദ്ധരിക്കാന്‍ അവസാനമായി ഞാന്‍ ആഗ്രഹിക്കുന്നു. “കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗ്രഹീതര്‍” (വെളിപാട് 14:13). നമ്മുടെ പരേതര്‍ എന്നും കര്‍ത്താവില്‍ ആനന്ദിക്കുന്നതിന് അവരെ പ്രാര്‍ത്ഥനയാല്‍ തുണയ്ക്കാന്‍ നമ്മള്‍ നാളെ ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

നമ്മുടെ വിശുദ്ധിയിലേക്കുള്ളയാത്രയ്ക്കും നമുക്കു മുമ്പേ പോയ, സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി വിശുദ്ധരുടെ രാജ്ഞിയും സ്വര്‍ഗ്ഗത്തിന്‍റെ വാതിലുമായ ദൈവമാതാവ് മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്ന വിവിധ വിഭാഗക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

സൊമാലിയ അഫ്ഖാനിസ്ഥാന്‍ ന്യുയോര്‍ക്ക് എന്നിവിടങ്ങളില്‍ ഈ ദിനങ്ങളില്‍ അരങ്ങേറിയ ഭീകരാക്രമണത്തില്‍ തനിക്കുള്ള വേദന പാപ്പാ രേഖപ്പെടുത്തുകയും ഈ നിഷ്ഠൂരതകളെ ശക്തമായി അപലപിക്കുകയും ചെയ്തു. വിദ്വേഷത്തിലും ദൈവനാമത്തെ ദുരുപയോഗിച്ചുകൊണ്ടു നടത്തുന്ന ഭ്രാന്തമായ കൊലപാതകകൃത്യങ്ങളിലും നിന്ന് ലോകത്തെ മുക്തമാക്കാന്‍ ദൈവത്തോടു യാചിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.

“വിശുദ്ധരുടെ ഓട്ടം” എ​ന്ന പേരില്‍ സലേഷ്യന്‍ സമൂഹം സകലവിശുദ്ധരുടെയും തിരുന്നാള്‍ ദിനത്തില്‍ പത്തുവര്‍ഷമായി സംഘടിപ്പിച്ചുപോരുന്ന ഓട്ടത്തില്‍ പങ്കെടുത്തവരും ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചിരുന്നതിനാല്‍ അവര്‍ക്കും പാപ്പാ ആശംസകളര്‍പ്പിച്ചു.

എല്ലാവര്‍ക്കും സകലവിശുദ്ധരുടെയും തിരുന്നാളിന്‍റെ ആശംസകള്‍ പാപ്പാ നേരുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.