2017-10-30 11:51:00

സ്നേഹമെന്ന മഹാ കല്‍പ്പന- പാപ്പായുടെ ത്രികാലജപ വിചിന്തനം


പതിവുപോലെ ഈ ഞായറാഴ്ചയും (29/10/17) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുകൊണ്ടു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 4.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങളും  കരഘോഷങ്ങളുമുയര്‍ന്നു. ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ, കൈകള്‍ ഉയര്‍ത്തി, എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ഈ ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യെ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം അദ്ധ്യായം 22, 34 മുതല്‍ 40 വരെയുള്ള വാക്യങ്ങള്‍, അതായത്, ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടി സ്നേഹിക്കുക, തന്നെപ്പോലെതന്നെ അയല്‍ക്കാരനനെയും സ്നേഹിക്കുക എന്നീ സുപ്രധാനകല്പനകളെക്കുറിച്ചു യേശു പഠിപ്പിക്കുന്ന ഭാഗം ആയിരുന്നു പാപ്പാ വിശകലനം ചെയ്തത്.   

പാപ്പായുടെ പരിചിന്തനം: 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. 

ഹ്രസ്വവും എന്നാല്‍ സുപ്രധാനവുമായ ഒരു സുവിശേഷഭാഗമാണ് ഈ ഞായറാഴ്ചത്തെ ആരാധനാക്രമം നമ്മു‌ടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഫരിസേയര്‍ യേശുവിനെ പരീക്ഷിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്നതായി സുവിശേഷകന്‍ മത്തായി പറയുന്നു. അവരില്‍ നിയമപണ്ഡിതനായ ഒരുവന്‍ യേശുവിനോടു ഇപ്രകാരം ചോദിക്കുന്നു :”ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ്?” ആളെ കുടുക്കുന്ന ഒരു ചോദ്യമാണത്. കാരണം, മോശയുടെ നിയമത്തില്‍ 600 ലേറെ കല്പനകള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ സുപ്രധാനമായ കല്പന ഏതെന്നു എങ്ങനെ തിരിച്ചറിയാന്‍ കഴിയും? എന്നാല്‍ യേശു സന്ദേഹമൊന്നും കൂടാതെ പ്രത്യുത്തരിക്കുന്നു: “ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ സ്നേഹിക്കുക” എന്നി‌ട്ട് അവിടന്ന് കൂട്ടിച്ചേര്‍ക്കുന്നു “ നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക”. (മത്തായി 22:37,39)

യേശുവിന്‍റെ ഈ ഉത്തരം അവര്‍ക്ക് അത്ര എളുപ്പം വ്യക്തമാകുന്നതായിരുന്നില്ല. കാരണം, യഹൂദ നിയമസംഹിതയിലെ കല്പനകളില്‍ എറ്റം പ്രധാനപ്പെട്ടവ, ദൈവവും ജനങ്ങളുമായുള്ള ഉടമ്പടിയുടെ വ്യവസ്ഥകള്‍ എന്ന നിലയില്‍ ദൈവം മോശയ്ക്ക് നേരിട്ടു നല്കിയ പത്തുകല്‍പ്പനകളാണ്. എന്നാല്‍ യേശു മനസ്സിലാക്കിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നത് ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കാതെ കര്‍ത്താവുമായുള്ള ഉടമ്പടിയോട് യഥര്‍ത്ഥത്തില്‍ വിശ്വസ്തതപാലിക്കാന്‍ ആകില്ല എന്നാണ്. ഒത്തിരിയേറെ നല്ല കാര്യങ്ങള്‍ നിനക്കു ചെയ്യാനാകും, കല്‍പനകള്‍ പാലിക്കാനാകും, എന്നാല്‍ സ്നേഹമില്ലെങ്കില്‍ അവയെല്ലാം നിഷ്ഫലങ്ങളാകും.

പുറപ്പാടിന്‍റെ പുസ്തകത്തിലെ “ ഉടമ്പടിയുടെ നിയമസംഹിത” എന്നറിയപ്പെടുന്ന ഒരു ഭാഗവും ഇതിനു സ്ഥിരീകരണം നല്കുന്നുണ്ട്. കര്‍ത്താവിനോടുള്ള ഉടമ്പടിയില്‍ നിലനില്‍ക്കാനും ഒപ്പം അവിടത്തെ സംരക്ഷണയിലുള്ളവരോടു അപമര്യാദയായി പെരുമാറാനും ആകില്ലയെന്ന് അവിടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കര്‍ത്താവിന്‍റെ   സംരക്ഷണം ലഭിക്കുന്ന ഇക്കൂട്ടര്‍ ആരാണ്? വിധവയും അനാഥനും പരദേശിയും, കുടിയേറ്റക്കാരനും, അതായത്, ഒറ്റപ്പെട്ടവരും പ്രതിരോധിക്കാന്‍ കഴിയാത്തവരും ആണ് ഇവരെന്ന് വേദപുസ്തകം പറയുന്നു.(പുറപ്പാട് 22,20-21). തന്നോടു ചോദ്യമുന്നയിച്ച ആ ഫരിസേയരോടു മറുപടിപറഞ്ഞുകൊണ്ട് യേശു അവരുടെ മതാത്മകതയെ ക്രമപ്പെടുത്താനും യഥാര്‍ത്ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയും അപ്രധാനമായയും എന്തെന്ന് തിരിച്ചറിയാനും അവരെ സഹായിക്കാന്‍ ശ്രമിക്കുകകയാണ്. യേശു അരുളിച്ചെയുന്നു: “ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമങ്ങളും പ്രവാചന്മാരും അധിഷ്ഠിതിമായിരിക്കുന്നു.” (മത്തായി 22,40) ഇവരണ്ടുമാണ് സുപ്രധാനം. മറ്റുള്ളവയെല്ലാം ഇവയെ ആശ്രയിച്ചിരിക്കുന്നു. യേശു ഇപ്രകാരമാണ് ജീവിതം നയിച്ചത്. സുപ്രധാനവും സത്താപരവുമായതെന്തോ, അതായത്, സ്നേഹം പ്രഘോഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട് അവിടന്ന് ജീവിച്ചു. ജീവിതത്തിനും വിശ്വാസയാത്രയ്ക്കും ഊര്‍ജ്ജവും ഫലസമൃദ്ധിയും ഏകുന്നത് സ്നേഹമാണ്; സ്നേഹത്തിന്‍റെ അഭാവത്തില്‍ ജീവിതവും വിശ്വാസവും ഫലശൂന്യമാകും.

ഈ സുവിശേഷത്താളിലൂടെ യേശു അവതരിപ്പിക്കുന്നത് നമ്മുടെ അധികൃത ഹൃദയാഭിലാഷത്തിനനുയോജ്യമായ വിസ്മയകരമായ ഒരു ആദര്‍ശമാണ്. വാസ്തവത്തില്‍ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയാണ്. സ്നേഹമാകുന്ന ദൈവം നമ്മെ സൃഷ്ടിച്ചത് നാം അവിടത്തെ ജീവിതത്തില്‍ പങ്കുചേരുന്നതിനും അവിടന്നിനാല്‍ സ്നേഹിക്കപ്പെടുന്നതിനും അവിടത്തെ സ്നേഹിക്കുന്നതിനും അവിടത്തോടുകൂടെ സകല വ്യക്തികളേയും സ്നേഹിക്കുന്നതിനുമാണ്. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നം ഇതാണ്. അത് സാക്ഷാത്ക്കരിക്കുന്നതിന് നമുക്ക് അവിടത്തെ കൃപ ആവശ്യമാണ്. ദൈവത്തില്‍ നിന്നു വരുന്ന സ്നേഹിക്കാനുള്ള കഴിവ്  നമുക്ക് ലഭിക്കേണ്ടിയിരിക്കുന്നു. ഇതിനുവേണ്ടിയാണ് യേശു വിശുദ്ധ കുര്‍ബ്ബാനയില്‍ നമുക്കായി സ്വയം നല്കുന്നത്. വിശുദ്ധ കുര്‍ബ്ബാനയില്‍ നാം അവിടത്തെ മാംസവും രക്തവും സ്വീകരിക്കുന്നു. അതായത്, നമ്മുടെ രക്ഷയ്ക്കായി പിതാവിന് തന്നെത്തന്നെ ബലിയായി നല്കിയ അവിടത്തെ സ്നേഹത്തിന്‍റെ പാരമ്യാവിഷ്ക്കാരത്തില്‍ നാം അവിടത്തെ സ്വീകരിക്കുന്നു.

ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിന്‍റെ “സുപ്രധാന കല്‍പ്പന” നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ നമുക്കതറിയാവുന്നതാണെങ്കിലും ആ സ്നേഹത്തിലേക്കുള്ള പരിവര്‍ത്തനത്തിനും നാം ആയിരിക്കുന്ന വിഭിന്നങ്ങളായ അവസ്ഥകളില്‍ ആ സ്നേഹം പ്രാവര്‍ത്തികമാക്കുന്നതിനും ഒരിക്കലും അവസാനമില്ല.

ഈ വാക്കുകളെതുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട വിവിധരാജ്യക്കാരായ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തു. ബ്രസീലിലെ കാഷ്യാ ദൊ സൂളില്‍ വച്ച് ശനിയാഴ്ച (28/10/17) ഇറ്റലിക്കാരനായ പ്രേഷിതവൈദികന്‍ ജൊവാന്നി സ്ക്യാവൊ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

ഇറ്റലിയിലെ വിച്ചേന്‍സ പ്രവിശ്യയില്‍ 1903 ജൂലൈ 8ന് ജനിച്ച നവവാഴ്ത്തപ്പെട്ടവന്‍ ബ്രസീലില്‍ പ്രേഷിതനായി എത്തിച്ചേര്‍ന്നതും  അവി‍ടെ ദൈവജനത്തിനുള്ള സേവനത്തിലും സന്ന്യാസിസന്ന്യാസിനികളുടെ പരിശീലനത്തിലും തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചതും പാപ്പാ അനുസ്മരിക്കുകയും, ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള നമ്മുടെ ഐക്യം അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ അദ്ദേഹത്തിന്‍റെ മാതൃക നമുക്കു സഹായകമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഇറ്റലിയിലെ അല്‍മായസമര്‍പ്പിതജീവിത സമൂഹങ്ങളുടെ, (സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ) സമ്മേളനത്തില്‍ പങ്കെടുത്തവരും ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നതിനാല്‍ അവരെയും പാപ്പാ അഭിവാദ്യം ചെയ്തു. അവര്‍ ലോകത്തിനേകുന്ന സുവിശേഷസാക്ഷത്തിന് പാപ്പാ നന്ദിയര്‍പ്പിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതാരായിരുന്നു കൊളൊംബിയ. ടോഗൊ, വെനെസ്വേല എന്നീ നാട്ടുകാരെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. വെനെസ്വേലക്കാരായ തീര്‍ത്ഥാടകര്‍ “ചിക്കിന്‍ക്വിറാ” നാഥയുടെ തിരുച്ചിത്രവുമേന്തി നില്ക്കുന്നതു കണ്ട പാപ്പാ ഈ നാടുകളുടെയെല്ലാം ന്യായമായ അഭിലാഷങ്ങളെ പരിശുദ്ധ കന്യാകമറിയത്തിനു സമര്‍പ്പിച്ചു. തുടര്‍ന്ന്, എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.