2017-10-28 12:57:00

ദൈവവചനം പ്രവര്‍ത്തികളാല്‍ ലോകത്തിലെത്തിക്കുക-പാപ്പാ


സമര്‍പ്പണവും മതേതരത്വവും സമന്വയിപ്പിക്കുന്നതിലാണ് അല്‍മായസമര്‍പ്പിതജീവിത സമൂഹങ്ങളുടെ (സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യുട്ടുകളുടെ) സവിശേഷത അടങ്ങിയിരിക്കുന്നതെന്ന് പാപ്പാ.

അല്‍മായസമര്‍പ്പിതജീവിത സമൂഹങ്ങളെ അധികരിച്ച് പന്ത്രാണ്ടാം പീയൂസ് പാപ്പാ 1947 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച “പ്രൊവിദ മാത്തെര്‍ എക്ലേസിയെ” എന്ന അപ്പസ്തോലികോപദേശത്തിന്‍റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ ഈ സമൂഹങ്ങളുടെ സമിതി റോമില്‍ ശനിയാഴ്ച(28/10/17) ആരംഭിച്ച ദ്വിദിനസമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

ഈ സമന്വയപ്രക്രിയയില്‍ സാക്ഷ്യമേകലും സുവിശേഷവത്ക്കരണവും സാമൂഹ്യജീവിതത്തിലുള്ള ക്രിസ്തീയദൗത്യവും ഉള്‍ക്കൊള്ളുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു തന്‍റെ സന്ദേശത്തില്‍.

ജീവിക്കുന്നതിലും സ്നേഹിക്കുന്നതിലും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിലും സൗഖ്യമേകുന്നതിലും സമാശ്വസിപ്പിക്കുന്നതിലും അതിദ്വീയമായൊരു ശൈലി പിന്‍ചെന്ന കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള എന്നും നവമായൊരു വിസ്മയത്തില്‍ നിന്നു ജന്മംകൊള്ളുന്നതാണ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അംഗങ്ങളുടെ അഭിനിവേശമെന്ന് പാപ്പാ പറയുന്നു.

ആകയാല്‍ ലോകത്തില്‍ ആയിരിക്കുകയെന്നാല്‍ ഒരു സാമൂഹ്യാവസ്ഥ മാത്രമല്ല ദൈവവിജ്ഞാനീയപരമായ ഒരു യാഥാര്‍ത്ഥ്യംകൂടിയാണെന്നും അത് ശ്രദ്ധയുള്ളവരായിരിക്കാനും, ലോകത്തിന്‍റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും കാണാനും ശ്രവിക്കാനും സഹാനുഭൂതിയുള്ളവരായിരിക്കാനും സന്തോഷത്തില്‍ പങ്കുചേരാനും അല്‍മായസമര്‍പ്പിതജീവിത സമൂഹാംഗങ്ങളെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ പറയുന്നു.

സമൂര്‍ത്തമാംവിധം ലോകത്തില്‍ പ്രവാചകസാന്നിധ്യമാകുക, അതായത്, ദൈവവചനം  നാം ആയിരിക്കുന്ന അവസ്ഥകളിലേക്കെത്തിക്കുക എന്ന ദൗത്യം അല്‍മായസമര്‍പ്പിതജീവിതസമൂഹത്തിലെ അംഗങ്ങള്‍ക്കുണ്ടെന്ന് അനുസ്മരിപ്പിച്ച പാപ്പാ  ലോകത്തോടു ദൈവത്തിനു പറയാനുള്ളതെന്തോ അതു നമ്മള്‍ വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടു പറയുക എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിച്ചു.  








All the contents on this site are copyrighted ©.