2017-10-27 14:10:00

''സഭയുടെ പ്രഥമദൗത്യം സുവിശേഷവത്ക്കരണം'': പാപ്പാ


സഭയുടെ ലോകം മുഴുവനുമുള്ള സുവിശേഷവത്ക്കരദൗത്യത്തെക്കുറിച്ച്, 1919 നവംബര്‍ 30-നാണ് മാക്സിമൂം ഇല്ലൂദ് എന്ന രേഖ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ പുറപ്പെടുവിച്ചത്. ഒന്നാം ലോകമഹായുദ്ധശേഷമുള്ള ദുരിതപൂര്‍ണമായ ലോകത്തെ സുവിശേഷസാമീപ്യത്താല്‍ സുഖപ്പെടുത്തുന്നതിനും വിശുദ്ധീകരിക്കുന്നതിനും ആഗ്രഹിച്ചുകൊണ്ട് പാപ്പാ എഴുതിയ ഈ രേഖയുടെ നൂറാംവര്‍ഷത്തില്‍, സഭയുടെ പ്രാഥമികദൗത്യമായ മിഷനറി തീക്ഷ്ണതയെ പ്രോജ്ജ്വലിപ്പിക്കുന്നതിനുവേണ്ടി, 2019 ഒക്ടോബര്‍ പ്രത്യേകമായി ഒരു അസാധാരണ മിഷനറി മാസം ആയി ആചരിക്കുന്നതിനും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും ആഹ്വാനം ചെയ്യുകയാണ് ഫ്രാന്‍സീസ് പാപ്പാ ഈ കത്തിലൂടെ.  കത്തിന്‍റെ പരിഭാഷ കൊടുക്കുന്നു.

ആദരണീയനായ എന്‍റെ സഹോദന്‍, കര്‍ദിനാള്‍ ഫെര്‍ണാന്ദോ ഫിലോണിയ്ക്ക്,

മാക്സിമും ഇല്ലൂദ് എന്ന പേരില്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ, സുവിശേഷപ്രഘോഷണത്തിന്‍റെ പ്രേഷിതദൗത്യത്തിനു നവമായൊരാവേശം നല്കുന്നതിനുദ്ദേശിച്ചുകൊണ്ട്,  പുറപ്പെടുവിച്ച രേഖയുടെ  നൂറാം വാര്‍ഷികം 2019 നവംബര്‍ 30-ന് നാം ആചരിക്കുകയാണ്. 1919-ല്‍, ആരംഭിച്ച ആഗോളതലത്തിലുള്ള സംഘട്ടനങ്ങളെ, നിരുപയോഗമായ കൂട്ടക്കൊല എന്നു വിളിച്ച പാപ്പാ, കോളനിസ്ഥാപനപരമായ, ഇടുങ്ങിയ ദേശീയ ലക്ഷ്യങ്ങളുള്ള, രാജ്യവിസ്തൃതിയാഗ്രഹിക്കുന്ന അന്നത്തെ പൊതുമനോഭാവം നാശമെന്നു തെളിയിച്ച വേളയില്‍, ലോകത്തിന് സുവിശേഷസാന്നിധ്യം കൂടുതലായി നല്‍കുന്ന മിഷനറി പ്രവര്‍ത്തനത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. ''ദൈവത്തിന്‍റെ സഭ സാര്‍വത്രികമാണ്, അവള്‍ ഒരു ജനതയക്കും വൈദേശികമല്ല'', എന്നു പാപ്പാ എഴുതിയത്, മറ്റെല്ലാ പ്രത്യേക താല്പര്യങ്ങളെയും ഉപേക്ഷിച്ചുകൊണ്ട്, കര്‍ത്താവായ യേശുവിനോടുള്ള സ്നേഹം, ഒരാളുടെ ജീവിതവിശുദ്ധിയാലും നന്മപ്രവൃത്തിയാലും വ്യാപിപ്പിക്കുക എന്ന ഏക ലക്ഷ്യമാണ് മിഷനറിപ്രവര്‍ത്തനം എന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു. അങ്ങനെ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ,  മിഷന്‍ പ്രദേശങ്ങളെ ലക്ഷ്യമാക്കുന്ന സുവിശേഷപ്രഘോഷണ ദൗത്യത്തെക്കുറിച്ച് എല്ലാവരിലും പ്രത്യേകിച്ചു വൈദികരുടെയിടയില്‍ സംവേദനത്വവും പ്രവര്‍ത്തനത്തിനു ഉണര്‍വും നല്‍കുന്നതിന് അന്നത്തെ കാലഘട്ടത്തിന്‍റെ ആശയങ്ങളും ഭാഷയും ഉപയോഗപ്പെടുത്തി,  മിസ്സിയോ അദ് ജെന്തെസ് എന്ന ദൗത്യത്തിനു പ്രത്യേക ഊന്നല്‍ നല്‍കി. 

ഈ ദൗത്യം, നിങ്ങള്‍ ലോകത്തിലെങ്ങുംപോയി എല്ലാസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍ (Mk 16:15)  എന്ന യേശുവിന്‍റെ നൈരന്തര്യതയുള്ള കല്പനയോടുള്ള പ്രത്യുത്തരമാണ്. കര്‍ത്താവിന്‍റെ ഈ കല്പന അനുസരിക്കുക എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിന്‍റെ വാക്കുകളില്‍, സഭയുടെ അടിസ്ഥാനപരമായ ദൗത്യമാണ്, അല്ലാതെ ഇഷ്ടമനുസരിച്ചുള്ള ഒരു തെരഞ്ഞെടുപ്പല്ല (AG 7), എന്തെന്നാല്‍ സഭ സ്വഭാവത്താലെ തന്നെ മിഷനറിയാണ്.  സുവിശേഷവത്ക്കരണം നടത്തുക എന്ന വസ്തുത സഭയ്ക്കു കൃത്യമായി ലഭിച്ചിട്ടുള്ള വിളിയും കൃപയുമാണ്, ആഴമായ തനിമയുമാണ്.  അവള്‍ നിലനില്‍ക്കുന്നതുതന്നെ സുവിശേഷവത്ക്കരണാര്‍ഥമാണ് (EN 14). കൗണ്‍സില്‍ ഇങ്ങനെ തുടരുന്നു: തന്നോടുതന്നെയും ക്രൂശിക്കപ്പെടുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിനെ, ജീവിക്കുന്നവനും കാരുണ്യസമ്പൂര്‍ണനുമായ രക്ഷകനെ പ്രഘോഷിക്കുന്ന ദൗത്യത്തോടും വിശ്വസ്തയായിരിക്കണമെങ്കില്‍, പ രിശുദ്ധാത്മാവിനാല്‍ പ്രേരിതയായി, അവള്‍ ക്രിസ്തുനടന്ന അതേവഴിയിലൂടെ അനുസരണത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയുമായ വഴിയിലൂടെ, ശുശ്രൂഷയുടെയും സ്വാത്മപരിത്യാഗത്തിന്‍റെയും വഴിയിലൂടെ നടന്നേ തീരൂ. അപ്രകാരം, വീണ്ടെടുക്കപ്പെട്ട മനുഷ്യവര്‍ഗത്തിന്‍റെ മാ തൃകയായ, കര്‍ത്താവിലേയ്ക്ക് എല്ലാവരും ആഗ്രഹത്തോടെ എത്തിച്ചേരുന്നതിന്, സഹോദ രസ്നേഹത്താല്‍ പ്രേരിതരായി, നിഷ്ക്കളങ്കതയിലും സമാധാനസമ്പൂര്‍ണതയുടെ അരൂപിയി ലും അവള്‍ അതു ഫലപ്രദമായി പ്രഘോഷിക്കണം (AG 5).

ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ അത്യധികമായി അഭിലഷിച്ചതും കൗണ്‍സില്‍ അരനൂറ്റാണ്ടുമുമ്പ് ആവര്‍ത്തിച്ചതുമായ ഇക്കാര്യം ഇന്നും പ്രസക്തമാണ്. ഇപ്പോഴും, കഴിഞ്ഞകാലത്തെന്നപോലെ, എല്ലാ മനുഷ്യരോടും ദേശങ്ങളോടും, ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്താനും പകര്‍ന്നുനല്‍കുവാനും ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ട സഭ, ഇനിയും അവളുടെ മിഷനറിദൗത്യത്തിന്‍റെ ഏറിയപങ്കും പൂര്‍ത്തിയാക്കിയിട്ടില്ല എന്ന അവബോധമുള്ളവളാണ്. വി. ജോണ്‍ പോള്‍ രണ്ടാമനും, ഇങ്ങനെ സൂചിപ്പിക്കുന്നു:  രക്ഷകനായ ക്രിസ്തു തിരുസഭയെ ഭരമേല്‍പ്പിച്ച ദൗത്യം ഇന്നും അതിന്‍റെ പരിപൂര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്'', അതിനാല്‍ തീര്‍ച്ചയായും, ''മനുഷ്യവര്‍ഗത്തെ ഒന്നടങ്കം വീക്ഷിക്കുമ്പോള്‍ രക്ഷാകരദൗത്യം തുടക്കത്തില്‍ തന്നെ നില്‍ക്കുന്നതായിട്ടാണ് കാണുന്നത്. അതിന്‍റെ പുരോഗതിയ്ക്കായി യത്നിക്കുവാന്‍ നാമോരോരുത്തരും സന്നദ്ധരാകേണ്ടതുണ്ട് (RM 1). തല്‍ഫലമായി  മിഷനറിപ്രവര്‍ത്തനം, സഭയെ നവീകരിക്കുമെന്നും, വിശ്വാസത്തെയും ക്രിസ്തീയ തനിമയെയും ശക്തിപ്പെടുത്തുമെന്നും, നവോന്മേഷവും  ഉത്തേജനവും നല്‍കുമെന്നും ഉള്ള ബോധ്യത്തോടെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തീക്ഷ്‌ണതയോടെ മിഷനറി സമര്‍പ്പണം നടത്തുവാന്‍ നല്കിയ ആഹ്വാനം ഏവരുടെയും ശ്ര ദ്ധയ്ക്കു വിഷയീഭവിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വിശ്വാസം മറ്റുള്ളവര്‍ക്കു കൈമാറുമ്പോഴാണ് ശക്തിപ്പെടുന്നത്.  തിരുസ്സഭയുടെ ഈ സാര്‍വത്രിക ദൗത്യത്തിനുവേണ്ടി യുള്ള സമര്‍പ്പണത്തില്‍ ക്രിസ്തീയസമൂഹങ്ങള്‍ക്ക് നവസുവിശേഷവത്ക്കരണത്തിനായുള്ള പ്രചോദനവും പിന്‍തുണയും കണ്ടെത്താന്‍ കഴിയുക.

പതിമൂന്നാമതു സാധാരണ മെത്രാന്‍ സിനഡിന്‍റെ വിചിന്തനങ്ങളില്‍ നിന്നുരുത്തിരിഞ്ഞ എന്‍റെ തന്നെ അപ്പസ്തോലികാഹ്വാനം എവാഞ്ചെലീ ഗാവുദിയും, ക്രിസ്തീയവിശ്വാസത്തിന്‍റെ കൈമാറലിനുവേണ്ടിയുള്ള നവസുവിശേഷവത്ക്കരണത്തെക്കുറിച്ച് പരിചിന്തനം നടത്തുന്നുണ്ട്.  അവിടെ ഒരിക്കല്‍ക്കൂടി ഈ അടിയന്തിരമായ വിളി മുഴുവന്‍ സഭയുടെ മുമ്പിലും വയക്കുന്നു.  അവിടെ ഞാനിങ്ങനെ എഴുതി: ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നമ്മോട് ആവശ്യപ്പെടുന്നു, ക്രിസ്തുവില്‍ നിന്ന് അകലെയായിരിക്കുന്നവരോട് സുവിശേഷം പ്രസംഗിക്കുന്നതിലുള്ള ആവേശത്തിനു കുറവു വരുത്തുവാന്‍ പാടില്ല, എന്തെന്നാല്‍ ഇതാണ് സഭയുടെ പ്രഥമദൗത്യം.   തീര്‍ച്ചയായും, ഇന്നു പ്രേഷിതപ്രവര്‍ത്തനം സഭയുടെ ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നു. പ്രേഷിതപ്രവര്‍ത്തനം സര്‍വപ്രധാനമായിരിക്കുകയും വേണം.  ഈ വാക്കുകള്‍ നാം ഗൗരവമായി പരിഗണിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുക?  സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകേണ്ടത് പ്രേഷിത പ്രവര്‍ത്തനമാണ് എന്നു നാം മനസ്സിലാക്കുമായിരുന്നു (EG 25)
 
ഈ വെല്ലുവിളി, ഇപ്പോഴും എന്നുമെന്നപോലെ അടിയന്തിരസ്വഭാവമുള്ളതായി നിലനില്‍ക്കുന്നു എന്നെനിക്കു ബോധ്യമുണ്ട്. ഇതിന് ഗൗരവമുള്ള കര്‍മപരിപാടികളും സുപ്രധാനമായ പരിണിതഫലങ്ങളും ഉണ്ട്. എല്ലാ സമൂഹങ്ങളും അജപാലനപരവും പ്രേഷിതാത്മകവുമായ മാനസാന്തരത്തിന്‍റെ വഴിയേ മുന്നേറുന്നതിനു പ്രയത്നിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഇതുപോലെയായിരിക്കുകയില്ല.  മേലില്‍ ഭരണകാര്യനിര്‍വണം മാത്രം മതിയാവുകയില്ല.  ലോകം മുഴുവനിലും നമുക്ക് സ്ഥായിയായ ഒരു പ്രേഷിതാവസ്ഥയില്‍ ആയിരിക്കാം (EG 25).  നമുക്ക് ഭയമേതുമില്ലാതെ, ദൈവത്തിലുള്ള ശരണത്തോ‌ടും വലിയ ധൈര്യ ത്തോടും കൂടെ, സഭയുടെ ആചാരങ്ങള്‍, പ്രവര്‍ത്തനരീതികള്‍, സമയം, സമയക്രമീകരണം, ഭാഷ, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെല്ലാം അവളുടെ സ്വയം സംരക്ഷണത്തിനുവേണ്ടിയല്ലാതെ ഇന്നത്തെ സുവിശേഷവത്ക്കരത്തിനായി ഉചിതമാം വിധം നയിക്കപ്പെടുന്ന, എല്ലാറ്റിനെയും രപാന്തരപ്പെടുത്താന്‍ കഴിവുള്ള, പ്രേഷിതോന്മുഖമായ ഒരു ഉള്‍പ്രേരണയായി ഇതേറ്റെടുക്കാം.  അജപാലനപരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന പ്രസ്ഥാനങ്ങളുടെ നവീകരണം ഈ വെളിച്ചത്തില്‍ മാത്രമേ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു.  അവയെ കൂടുതല്‍ പ്രേഷിതോന്മുഖമാക്കി തീര്‍ക്കുവാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള സാധാരണ അജപാലനപ്രവര്‍ത്തനങ്ങള്‍, കൂടുതലായി ഉള്‍ക്കൊള്ളുന്ന സ്വഭാവവും തുറവിയും ഉള്ളതാക്കിത്തീര്‍ക്കുക, അജപാലനപ്രവര്‍ത്തകരില്‍ മുന്നോട്ടു പോകുവാനും അപ്രകാരം താനുമായുള്ള സൗഹൃദത്തിലേയ്ക്ക് യേശു വിളിക്കുന്ന എല്ലാവരില്‍ നിന്നും ക്രിയാത്മകമായ ഒരു പ്രതികരണം ഉളവാക്കുന്നതിനിടയാക്കുക.  ഒരിക്കല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഓഷ്യാനിയയിലെ മെത്രാന്മാരോടു പറഞ്ഞതുപോലെ, ''സഭയിലെ സര്‍വനവീകരണപ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം പ്രേഷിതരംഗമായിരിക്കണം.  അതല്ലെ ങ്കില്‍ ഒരു തരം സഭാത്മകമായ അന്തര്‍ദര്‍ശിത്വത്തിന് അത് ഇരയായിത്തീരും'' (EG 27)

മാക്സിമും ഇല്ലൂദ് എന്ന അപ്പസ്തോലികലേഖനം പ്രവാചകചൈതന്യത്തോടും, സുവിശേഷാത്മകധീരതയോടും കൂടെ ദൈവത്തിന്‍റെ രക്ഷയുടെ സന്ദേശത്തെ ദേശങ്ങളുടെ അതിരുകളെ അതിശയിക്കുന്ന സാക്ഷ്യമായി സംവഹിക്കുന്ന സഭയുടെ സാര്‍വത്രികദൗത്യത്തില്‍ പങ്കുചേരുന്നതിന് ആഹ്വാനമേകി. ഈ ലേഖനം പുറപ്പെടുവിച്ചതിന്‍റെ ശതാബ്ദിയോടടുക്കുന്ന വേളയില്‍ ഇത്, നിലവിലുള്ള സഭയുടെ അന്തര്‍ദര്‍ശിത്വത്തെയും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കൊതുങ്ങുന്ന പ്രവണതയെയും, അജപാലനമേഖലയിലുള്ള ശുഭാപ്തിവിശ്വാസമില്ലായ്മയെയും, കഴിഞ്ഞകാലത്തിലെ നന്മകളെക്കുറിച്ചു പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വന്ധ്യമായ ഗൃഹാതുരത്വത്തെയും വിജയിക്കുന്നതിന് പ്രേരണയായിരത്തീരട്ടെ.  സുവിശേഷത്തിന്‍റെ പുതുമയാര്‍ന്ന ആനന്ദത്തിലേയ്ക്കു തുറവിയുള്ളവരായിരിക്കാം.  യുദ്ധദുരന്തങ്ങളും സംഘട്ടനങ്ങളും വിഭാഗീതയും കലുഷിതമാക്കിയിരിക്കുന്ന നമ്മുടെ ഈ വിഷമംപി ടിച്ച സമയങ്ങളില്‍, യേശുവിന്‍റെ സുവിശേഷത്തിന്‍റെ ക്ഷമ തിന്മയെയും, ജീവന്‍ മരണത്തെയും, സ്നേഹം ഭയത്തെയും വിജയിക്കട്ടെ. ആ നല്ല വാര്‍ത്ത നവോന്മേഷത്തോടും, ശരണവും പ്രത്യാശയും ഏവരിലുമുളവാക്കത്തക്കവിധത്തില്‍ പ്രഘോഷിക്കപ്പെടട്ടെ.

ഇതിന്‍റെ വെളിച്ചത്തില്‍, ജനതകളുടെ സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട്, ജനതകളോടുള്ള സുവിശേഷപ്രഘോഷണത്തെ ക്കുറിച്ചുള്ള അവബോധവും, സഭയുടെ അജപാലനപ്രവര്‍ത്തനങ്ങളിലും സഭാജീവിതത്തി ലും ഒരു പ്രേഷിതപരിവര്‍ത്തനത്തിനുള്ള തീക്ഷ്ണതയും ഉളവാകുക എന്ന ലക്ഷ്യത്തോടെ 2019-ലെ ഒക്ടോബര്‍ മാസം അസാധാരണ മിഷനറിമാസമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. 2018-ലെ മിഷനറിമാസമായ ഒക്ടോബര്‍ ഇതിലേയ്ക്കൊരു തയ്യാറെടുപ്പിനു ഉപയുക്തമാകട്ടെ... യേശുവിനോടും അവിടുത്തെ ജനത്തോടുമുള്ള അഭിനിവേശം തന്നെയായ സഭയുടെ പ്രേഷിതദൗത്യത്തോടുള്ള സ്നേഹം, അഭൂതപൂര്‍വമായ വളര്‍ച്ചയും ശക്തിയും നേടട്ടെ.

ആദരണീയനായ സഹോദരാ, താങ്കള്‍ നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രിഗേഷനെയും, മറ്റു പൊന്തിഫിക്കല്‍ മിഷനറി സമൂഹങ്ങളെയും ഇക്കാര്യത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഞാന്‍ ഭരമേല്‍പ്പിക്കുന്നു.  പ്രത്യേകിച്ചും, പ്രാദേശികസഭകള്‍ക്കും, സമര്‍പ്പിത സമൂഹങ്ങള്‍ക്കും, മറ്റു സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും സഭാകൂട്ടായ്മകള്‍ക്കും ഇക്കാര്യ ത്തില്‍ വേണ്ടത്ര അവബോധമുണര്‍ത്തുക.  ഈ അസാധാരണമിഷനറിമാസം, തീക്ഷ്ണതയുടെ ഫലപൂര്‍ണമായ കൃപയുടെ അവസരമാകട്ടെ. ഇതിനോടനുബന്ധിച്ച എല്ലാ സംരംഭങ്ങളെ യും പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ച്, മിഷനറിപ്രവര്‍ത്തനത്തിന്‍റെ ആത്മാവായ പ്രാര്‍ഥ നയെ. അതുപോലെ, സുവിശേഷം പ്രസംഗിക്കുന്നതിന്, വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലും ദൈവശാസ്ത്രാടിസ്ഥാനത്തിലും സഭയുടെ ദൗത്യത്തെക്കുറിച്ചുള്ള പരിചിന്തനങ്ങള്‍ നടത്തുന്നതിന്, ക്രിസ്തീയ ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക്, ഐക്യദാര്‍ഢ്യത്തോടും സഹകരണത്തോടും ഇതരക്രിസ്തീയസഭകളുമായി പ്രായോഗിക പ്രവര്‍ത്തനങ്ങളേറ്റെടുക്കുന്നതിന്, അങ്ങനെ മിഷനറി തീക്ഷ്ണത സജീവമാകുന്നതിനും അതെന്നും തുടരുന്നതിനും ഇടയാകട്ടെ.

ഈ ആശംസയോടെ, ആഗോളമിഷന്‍ ഞായറാഴ്ചയില്‍, വി. ജോണ്‍ പോള്‍ പാപ്പായുടെ തിരുനാളില്‍, വത്തിക്കാനില്‍ നിന്ന് 2017 ഒക്ടോബര്‍ 22-ാം തീയതി, ഫ്രാന്‍സീസ് പാപ്പാ ഒപ്പുവച്ച അപ്പസ്തോലികലേഖനം സമാപിക്കുന്നു.








All the contents on this site are copyrighted ©.