2017-10-25 13:03:00

പറുദീസ: ദൈവത്തിന്‍റെ ആലിംഗനം- പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


യൂറോപ്പ്  ശൈത്യത്തിന്‍റെ പിടിയിലായിതുടങ്ങിയിരിക്കുകയാണെങ്കിലും റോമില്‍ ഈ ബുധനാഴ്ച(25/10/17) മന്ദോഷ്ണ സുഖകരകാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഭാരതവും ചൈനയുമുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍  പങ്കെടുക്കുന്നതിന് ​എത്തിയിരുന്നു. ഗോവയില്‍ നിന്ന് ഫാത്തിമ ആഗോള പ്രേഷിതത്വ പ്രസ്ഥാനത്തിലെ അംഗങ്ങളും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധികളും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങള്‍ കരഘോഷത്താലും ആരവങ്ങളാലും തങ്ങളുടെ ആനന്ദം അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെന്നപോലെതന്നെ ഇത്തവണയും ഏതാനും ബാലികാബാലന്മാരെ വാഹനത്തിലേറ്റിയ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ആ വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുകയോ അല്ലെങ്കില്‍ മാതാപിതാക്കളോ മറ്റുള്ളവരോ തന്‍റെ ആശീര്‍വ്വാദത്തിനായി ഉയര്‍ത്തി നീട്ടിപ്പിടിക്കുകയോ ചെയ്ത കുഞ്ഞുങ്ങളെ പാപ്പാ   ഇടയ്ക്കിടെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും സ്നേഹവാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ, ആദ്യം, വണ്ടിയില്‍ തന്നോടൊപ്പമുണ്ടായിരുന്ന ബാലികാബാലന്മാരെ അനുഗ്രഹിച്ച്  അതില്‍നിന്നിറക്കി. തുടര്‍ന്ന് പാപ്പായും ഇറങ്ങി. തദ്ദനന്തരം ഫ്രാന്‍സീസ് പാപ്പാ നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.  ലൂക്കായുടെ സുവിശേഷം 23-Ͻ൦ അദ്ധ്യായം 33 ഉം 38 മുതല്‍ 43 വരെയുമുള്ള വാക്യങ്ങളില്‍ രോഖപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവിന്‍റെ ഇരുവശത്തുമായി രണ്ടു കുറ്റവാളികളെക്കൂടി ക്രൂശിക്കുന്നതും അവരിലൊരുവന്‍ ക്രൂശിതനേശുവിനെ നിന്ദിക്കുകയും അപരനാകട്ടെ സ്വര്‍ഗ്ഗരാജ്യത്തിലായിരിക്കുമ്പോള്‍ തന്നെക്കൂടി ഓര്‍ക്കണമേ എന്ന് യേശുവിനോടു അപേക്ഷിക്കുകയും യേശു അവന് പറുദീസ ഉറപ്പുനല്കുകയും ചെയ്യുന്നതുമായ സംഭവമാണ് വായിക്കപ്പെട്ടത്.ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, പ്രത്യാശയെ അധികരിച്ചു  താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.   മുപ്പത്തിയെട്ടാമത്തേതായിരുന്ന ഈ പരമ്പരയില്‍ പാപ്പാ നമ്മുടെ പ്രത്യാശയുടെ ലക്ഷ്യം പറുദീസയാണെന്ന് സമര്‍ത്ഥിച്ചു.

പ്രഭാഷണസംഗ്രഹം:

ഈ ആരാധനക്രമവത്സരത്തിന്‍റെ തുടക്കം മുതല്‍ ക്രിസ്തീയപ്രത്യാശയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ അവസാനത്തെതാണിത്. പറുദീസയെ നമ്മുടെ പ്രത്യാശയുടെ ലക്ഷ്യമായി അവതരിപ്പിച്ചുകൊണ്ടാണ് ഞാന്‍ ഇത് ഉപസംഹരിക്കുക.

യേശു നല്ല കള്ളനോടു കുരിശില്‍കിടന്നുകൊണ്ടുച്ചരിച്ച അവസാന വാക്കുകളില്‍ ഒന്നാണ് പറുദീസ. ഒരു നമിഷം നമുക്ക് ആ രംഗമൊന്നു മനസ്സില്‍ കാണാം. കുരിശി‍ല്‍ യേശുകിടക്കുന്നു. അവിടന്ന് തനിച്ചല്ല. യേശുവിന്‍റെ ഇടത്തും വലത്തുമായി രണ്ടു കുറ്റവാളികള്‍ കുരിശില്‍ കിടക്കുന്നു. ഗാഗുല്‍ത്തായില്‍ ഉയര്‍ത്തപ്പെട്ട ആ മൂന്നു കുരിശുകള്‍ക്കു മുന്നിലൂടെ കടന്നുപോകുമ്പോള്‍, ചിലര്‍, ഇത്തരക്കാര്‍ക്ക്   വധശിക്ഷയേകുകവഴി  അവസാനം നീതി നടപ്പാക്കപ്പെട്ടല്ലൊ എന്നു  ചിന്തിച്ചുകൊണ്ട് ആശ്വാസനിശ്വാസമുതിര്‍ക്കുന്നു.

യേശുവിന്‍റെ ചാരെ കുറ്റം ഏറ്റു പറയുന്ന ഒരുവനുമുണ്ട്; ആ കഠിന ശിക്ഷയ്ക്ക് താന്‍ അര്‍ഹനാണെന്ന് തിരിച്ചറിയുന്നവന്‍. അവനാണ് “നല്ല കള്ളന്‍”. അവന്‍ അപരനെ എതിര്‍ത്തുകൊണ്ട് പറയുന്നു: നമ്മുടെ പ്രവര്‍ത്തികള്‍ക്ക് തക്കതായ പ്രതിഫലം ലഭിച്ചിരിക്കുന്നു.(ലൂക്ക:23,41).

കാല്‍വരിയില്‍, ആ ദുഃഖവെള്ളിയില്‍, വിശുദ്ധ വെള്ളിയില്‍, യേശു അവിടത്തെ മനുഷ്യാവതാരത്തിന്‍റെ, പാപികളായ നമ്മോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പാരമ്യത്തില്‍ എത്തുകയാണ്. സഹനദാസനെക്കുറിച്ചു ഏശയ്യാ പ്രവാചകന്‍ പറഞ്ഞവ അവിടെ സാക്ഷാത്കൃതമാകുകയാണ്. “അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു” ( ഏശയ്യാ:53,12).

അവിടെയാണ്, കാല്‍വരിയിലാണ്, യേശു ഒരു പാപിയുമായുള്ള അവസാനകൂടിക്കാഴ്ച നടത്തുന്നത്. അത് ആ പാപിക്ക് ദൈവരാജ്യത്തിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നുകൊടുക്കുന്നതിനായിരുന്നു. സുവിശേഷങ്ങളില്‍ പറുദീസ എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത് അവിടെ മാത്രമാണ്. “നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ” (ലൂക്കാ 23,42). ആ കള്ളന് എടുത്തു കാണിക്കാന്‍ സല്‍പ്രവൃത്തികള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. അവന് ഒന്നുമില്ല, അവന്‍ യേശു നിരപരാധിയും നല്ലവനുമാണെന്ന് തിരിച്ചറിയുകയും തന്നെത്തന്നെ അവിടത്തേക്കു സമര്‍പ്പിക്കുകയും ചെയ്യുന്നു.  വിനയത്തോടുകൂടിയ ആ അനുതാപവചസ്സു മതിയായിരുന്നു യേശുവിന്‍റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍.

ആ നല്ലകള്ളന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവതിരുമുമ്പില്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ എന്താണ് എന്നാണ്. നാം ദൈവത്തിന്‍റെ മക്കളാണ്, അവിടന്ന് നമ്മോടു കരുണകാട്ടുന്നു. നിരവധിയായ ആതുരാലയങ്ങളുടെ മുറികള്‍ക്കുള്ളിലും തടവറകള്‍ക്കുള്ളിലും ഈ അത്ഭുതം അനേകം തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നിരാശമാത്രം അവശേഷിക്കുകയും കൃപ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയില്‍ ആര്‍ക്കും ജീവിക്കേണ്ടി വരുന്നില്ല.  ദൈവതിരുമുമ്പില്‍ വെറുംകൈയ്യോടെ നിന്നാല്‍ മതി, ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ചുങ്കക്കാരനെപ്പോലെ. (ലൂക്കാ 18,13) . സ്വന്തം ജീവിത്തെക്കുറിച്ച് അവസാനത്തെ ആത്മശോധന ചെയ്യുമ്പോള്‍ ഒരുവന്‍ നല്ലപ്രവവൃത്തികളൊന്നും തന്നെ ഇല്ലയെന്നു കണ്ടെത്തുമ്പോള്‍ നിരാശയില്‍ നിപതിക്കാതെ ദൈവത്തിന്‍റെ കാരുണ്യത്തിന് തന്നെത്തന്നെ ഭരമേല്പിക്കുക. ഇതു നമുക്ക് പ്രത്യാശ പ്രദാനം ചെയ്യുകയും ഹൃദയത്തെ തുറക്കുകയും ചെയ്യുന്നു. ദൈവം പിതാവാണ്. നമ്മുടെ തിരിച്ചുവരവ് അവസാനംവരെ കാത്തിരിക്കുന്നു അവിടന്ന്. തിരിച്ചെത്തുന്ന ധൂര്‍ത്തനായ പുത്രന്‍ സ്വന്തം തെറ്റുകള്‍ ഏറ്റുപറയാന്‍ തുടങ്ങുമ്പോള്‍ പിതാവാകാട്ടെ ആലിംഗനത്താല്‍ അവന്‍റെ വായടപ്പിക്കുന്നു. ഇതാണ് ദൈവം അവിടന്ന് അങ്ങനെയാണ് നമ്മെ സ്നേഹിക്കുന്നത്.

പറുദീസ ഒരു ഐതിഹ്യമല്ല. മനോഹരമായ ഒരുദ്യാനവുമല്ല. പറുദീസയെന്നത് ദൈവവുമായുള്ള ആലിംഗനമാണ്. അനന്തസ്നേഹമാണ്. നമുക്കായി കുരിശില്‍ മരിച്ച യേശുവഴി നാം അവിടെ പ്രവേശിക്കുന്നു. എവിടെ യേശുവുണ്ടോ അവിടെ കാരുണ്യമുണ്ട്, സന്തോഷമുണ്ട്. അവിടന്നില്ലെങ്കില്‍ തണുപ്പും അന്ധകാരവും അനുഭവപ്പെടും. മരണനേരത്ത് ക്രൈസ്തവന്‍ യേശുവിനോട് ആവര്‍ത്തിച്ചപേക്ഷിക്കുന്നു: “അങ്ങ് എന്നെ ഓര്‍ക്കണമേ”. ഉള്ളതില്‍ ഏറ്റം മനോഹരമായ ഒരിടത്തേക്കാണ് യേശു നമ്മെ കൊണ്ടുപോകാനാഗ്രഹിക്കുന്നത്. താന്‍ വീണ്ടെടുത്ത ആരും നഷ്ടപ്പെട്ടുപോകരുതെന്ന് അവിടന്നാഗ്രഹിക്കുന്നു. ആകയാല്‍ ആരും നിരശയിലാണ്ടുപോകരുത്. അവിടന്നില്‍ ശരണംവയ്ക്കുന്നവരില്‍ അവിടത്തെ കൃപ എന്നുമുണ്ടാകും. ഇതു നാം വിശ്വസിക്കുന്നെങ്കില്‍ മരണം നമ്മെ ഭയപ്പെടുത്തില്ല. ക്രിസ്തുവിനെ അറിഞ്ഞവന്‍ ഒന്നിനെയും ഭയപ്പെടില്ല. ജീവിതകാലം മുഴുവന്‍ കാത്തിരിക്കുകയും അവസാനം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാല്‍ അനുഗ്രഹപൂരിതനായിത്തീരുകയും ചെയ്ത വൃദ്ധനായ ശിമയോനോടൊപ്പം നമുക്കും ആവര്‍ത്തിക്കാം:”കര്‍ത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയക്കേണമേ, എന്തെന്നാല്‍ സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു” (ലൂക്കാ 2,29-30)

ആ നിമിഷം, അവസാനം, നമുക്കൊന്നും ആവശ്യമില്ല, കാഴ്ച മങ്ങിയതാകില്ല. നാം അനാവശ്യമായി കണ്ണീര്‍ പൊഴിക്കില്ല, എന്തെന്നാല്‍ സകലവും, പ്രവചനങ്ങളും വിജ്ഞാനങ്ങളും, കടന്നുപോയിരിക്കുന്നു. എന്നാല്‍ സ്നേഹം, അത്, നിലനില്ക്കുന്നു. എന്തെന്നാല്‍ “ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല”. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ഒക്ടോബര്‍ മാസം അവസാനിക്കാന്‍ പോകുന്നത് അനുസ്മരിക്കുകയും കൊന്തനമസ്കാരം ചൊല്ലാന്‍ പ്രചോദനം പകരുകയും ചെയ്തു. യുവജനത്തിന്‍റെ   ജീവിതത്തില്‍ പ്രവര്‍ത്തനനിരതനായിരിക്കുന്ന ക്രിസ്തുവിന്‍റെ രഹസ്യത്തിന്‍റെ   അടിത്തട്ടിലേക്കിറങ്ങാന്‍ മരിയന്‍ പ്രാര്‍ത്ഥനയായ കൊന്തനമസ്കാരം അവസരമേകുമെന്ന് പാപ്പാ അവരോടു പറഞ്ഞു.കൊന്തജപം സമാശ്വാസവും സഹനങ്ങള്‍ക്കും പൊരുളും പ്രദാനം ചെയ്യുന്നതിന് ജപമാലയെ സ്നേഹിക്കാന്‍ രോഗികള്‍ക്ക് പ്രചോദനം പകര്‍ന്ന പാപ്പാ നവകുടുംബത്തിന്‍റെ അടിത്തറയായ ദൈവവുമായുള്ള ഉറ്റ ആദ്ധ്യാത്മകിബന്ധം അനുഭവിച്ചറിയുന്നതിന് കൊന്തനമസ്കാരം നവദമ്പതികള്‍ക്ക് സവിശേഷാവസരമായി ഭവിക്കട്ടെയെന്ന് ആശംസിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.