2017-10-25 19:56:00

ആരും ജന്മനാട്ടില്‍ അനാഥരാവരുത് : പാപ്പാ ഫ്രാന്‍സിസ്


ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ സെക്രട്ടറി, ഗുസ്മാന്‍ കാരിക്വൈറി രചിച്ച
വിസ്തൃതമായ ചക്രവാളങ്ങളിലേയ്ക്ക്...” എന്ന സ്പാനിഷ് ഗ്രന്ഥത്തിനായി എഴുതിയ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഗ്രന്ഥം ഒക്ടോബര്‍ 22-ന് റോമില്‍ പുറത്തിറങ്ങി.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ 200-Ɔ൦ വാര്‍ഷികം ആഘോഷിക്കുമ്പോഴും നവമായൊരു മേല്‍ക്കോയ്മ ഭൂഖണ്ഡത്തെ കീഴിപ്പെടുത്തുന്നുണ്ട്. അത് അഴിമതി, അതിക്രമം, സാമ്പത്തിക മാന്ദ്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ്. വിസ്തൃതവും മനോഹരവുമായ ഈ ഭൂഖണ്ഡത്തില്‍ ജനിച്ചവരുടെ ജീവിതങ്ങളെ സ്നേഹവും വേദനയും, മരണവും പ്രത്യാശയും ഒരുപോലെ കീറിമുറിക്കുന്നുണ്ട്. ആങ്ങനെ ആഴമായ ഒരു അനാഥത്വം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കാനും ഇത് കാരണമാക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖത്തില്‍ ചൂണ്ടിക്കാട്ടി.

നാലു കോടിയോളം ലാറ്റിനമേരിക്കക്കാര്‍ ദാരിദ്ര്യത്തിന്‍റെ പിടയിലമര്‍ന്ന ജനസഞ്ചയമായി ഇന്ന് ഉഴലുകയാണെന്നും, നവമായ ആഗോള സാമ്പത്തിക പരാധീനത ഭൂഖണ്ഡത്തെ ആകമാനം തളര്‍ത്തുന്ന ഒരു നീണ്ട വലയം വിരിയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പാപ്പാ ആമുഖത്തില്‍ ആകുലപ്പെടുന്നുണ്ട്. തകര്‍ന്ന രാഷ്ട്രീയ ഘടനകളില്‍ ജനങ്ങള്‍ ആകുലരും സുരക്ഷയില്ലാത്തവരുമായി അനുദിന ജീവിതത്തിന്‍റെ അനിശ്ചിതത്ത്വം പേറി ഉഴലുകയാണ്.

നാടിന്‍റെ നന്മ സ്വപ്നം കാണുന്ന നാട്ടിലെ മുതിര്‍ന്ന തലമുറക്കാരും യുവതലമുറക്കാരും ഭാവിയുടെ പ്രവാചകന്മാരാകണം. വിശ്വാസതീക്ഷ്ണതയും, വിവേകവും അന്തസ്സും ഐക്യദാര്‍ഢ്യവും, ഒപ്പം സന്തോഷവും പ്രത്യാശയും ജനഹൃദയങ്ങളില്‍ വിതുമ്പിനില്ക്കുന്ന സാംസ്ക്കാരിക പൈതൃകം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ദാരിദ്ര്യത്തിന്‍റെ ലാളിത്യത്തിലും, സ്നേഹത്തിലും ത്യാഗത്തിലും ഒരുമിച്ചു ജീവിക്കാനുള്ള ലാറ്റിനമേരിക്കന്‍ ജനതയുടെ ചൈതന്യത്തെ ശ്ലാഘിച്ചുകൊണ്ടാണ് പാപ്പാ ആമുഖം ഉപസംഹരിച്ചത്.

നവവും സങ്കീര്‍ണ്ണവുമായ മേല്ക്കോയ്മ ഉയര്‍ത്തുന്ന സമൂഹിക പ്രതിസന്ധികളില്‍ ഇനിയും ഇഴഞ്ഞുനീങ്ങുന്ന ഈ വന്‍കരയിലെ രാജ്യങ്ങളുടെയും ജനതകളുടെയും സ്വാതന്ത്ര്യത്തിന്‍റെ വിവിധ തലങ്ങള്‍ പഠിക്കുകയും വിലയിരുത്തുകയും, പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന രചനയാണ് ഗുസ്മാന്‍ കാരിക്വൈറി എഴുതിയ “വിസ്തൃതമായ ചക്രവാളങ്ങളിലേയ്ക്കെന്ന  
(Towards wider horizons) സ്പാനിഷ് ഗ്രന്ഥം. 








All the contents on this site are copyrighted ©.