2017-10-20 12:56:00

ബാഹ്യമായവയാലുള്ള നീതീകരണം വെറും സോപ്പുകുമിള- പാപ്പാ


ബാഹ്യവും ആന്തരികവുമായ ജീവിതം പൊരുത്തമുള്ളതായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (20/10/17) അര്‍പ്പിച്ച പ്രത്യൂഷദിവ്യബലി മദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഭയംകൂടാതെ സാക്ഷ്യമേകാനും ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിക്കാനും യേശുനാഥന്‍ പറയുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 1 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിനത്തിനവലംബം.

ബാഹ്യമായവയില്‍ നീതികരണം കണ്ടെത്തുന്ന ഫരിസേയരെപ്പോലെ ആകരുതെന്നും പുറം ചായതേച്ചു മിനുക്കിയ അവരുടെ ഉള്ള് മലിനമാണെന്നും പാപ്പാ വിശദീകരിച്ചു.

ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് കാണിക്കാന്‍ തത്രപ്പെടുന്ന അവരുടെ ഉള്ള് പൊള്ളയാണെന്നും അതില്‍ കഴമ്പില്ലെന്നും പറഞ്ഞ പാപ്പാ  യേശു നമ്മോട് ആവശ്യപ്പെടുന്നത് ആത്മാര്‍ത്ഥതയുള്ളവരായിരിക്കാനാണ്, ഹൃദയത്തില്‍ സത്യസന്ധരായിരിക്കാനാണ് എന്ന് ഓര്‍മ്മിപ്പിച്ചു.  

ബാഹ്യമായതിനാലുള്ള നീതീകരണം വെറും സോപ്പുകുമിള പോലെയാണെന്നും ഇന്നു കാണുന്ന അത് നാളെ ഇല്ലാതകുമെന്നും നാം ചെയ്യുന്നവയും നമ്മുടെ ഹൃദയത്തിലുള്ളവയും നമ്മുടെ ജീവിതവും ചേര്‍ന്നുപോകണമെന്നും കാപട്യം ഏറെ ദോഷം ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

അപരനെതിരെ കുറ്റം ആരോപിക്കാന്‍ നില്ക്കാതെ സ്വയം കുറ്റപ്പെടുത്താനുള്ള അറിവുനേടാന്‍, കര്‍ത്താവിന്‍റെ മുമ്പില്‍ നമ്മുടെ തെറ്റുകള്‍ മറച്ചു വയ്ക്കാതിരിക്കാന്‍ പഠിക്കാന്‍ പാപ്പാ ഉപദേശിച്ചു. 








All the contents on this site are copyrighted ©.