2017-10-19 20:16:00

കര്‍ദ്ദിനാള്‍ റിക്കാര്‍ദോ വീഡാലിന്‍റെ നിര്യാണത്തില്‍ പാപ്പായുടെ അനുശോചനം


ഫിലിപ്പീന്‍സിലെ അന്തരിച്ച കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വീഡാല്‍ സമാധാനത്തിന്‍റെ പ്രേഷിതനായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

ഫിലിപ്പീന്‍സിലെ ചേബു അതിരൂപതിയുടെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വീഡാല്‍ സംവാദത്തിലൂടെ സമൂഹത്തില്‍ സമാധാനം വളര്‍ത്താന്‍ ശ്രമിച്ച പതറാത്ത പ്രേഷിതനായിരുന്നെന്ന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തില്‍ പരേതനെ പാപ്പാ വിശേഷിപ്പിച്ചു. സഭയുടെ ഈ നല്ല അജപാലകന്‍റെ ജീവിതത്തിന് ഫിലിപ്പീന്‍സിലെ വിശ്വാസികള്‍ക്കൊപ്പം ദൈവത്തിന് നന്ദിയര്‍പ്പിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ വിലപിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള വിശ്വാസവും പ്രത്യാശയും ധൈര്യംപകരട്ടെയെന്നും പാപ്പാ ആശംസിച്ചു. ചീബുവിന്‍റെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോസ് പാല്‍മ വഴിയാണ് പാപ്പാ അനുശോചനസന്ദേശം അയച്ചത്.

ഒക്ടോബര്‍ 18-Ɔ൦ തിയതി ബുധനാഴ്ചയാണ് കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വീഡാല്‍ വര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 86-Ɔമത്തെ വയസ്സില്‍ അന്തരിച്ചത്.

കര്‍ദ്ദിനാള്‍ വീഡാലിന്‍റെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ എണ്ണം 219 ആയി കുറയുകയാണ്. അതില്‍ 80 വയസ്സിനു താഴെ വോട്ടവകാശമുള്ളവര്‍ 120 പേരും, 80 വയസ്സു പ്രായപരിധിക്കു മുകളില്‍ വോട്ടവകാശം ഇല്ലാത്തവര്‍ 99 പേരുമാണ്.
All the contents on this site are copyrighted ©.