2017-10-18 17:38:00

സൊമാലിയായിലെ ജനങ്ങള്‍ക്ക് പാപ്പായുടെ സാന്ത്വന വചസ്സുകള്‍


ശനിയാഴ്ച, ഒക്ടോബര്‍ 14-ന് വൈകുന്നേരം സൊമാലിയായുടെ തലസ്ഥാനമായ മൊഗാഡിഷുവിലുണ്ടായ ഭീകരാക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മരണമടഞ്ഞ നിര്‍ദോഷികളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും, അവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ അനുശോചനം അറിയിക്കുകയും ചെയ്തു.

ഒക്ടോബര്‍ 18-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അന്ത്യത്തിലാണ് ഭീകരാക്രമത്തില്‍ മരണടഞ്ഞവര്‍ക്കും മുറിപ്പെട്ടവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്
പാപ്പാ സഹാനുഭാവം പ്രകടമാക്കിയത്.  വിവിധ കാരണങ്ങളാല്‍ വേദനിക്കുന്ന ഒരു രാഷ്ട്രത്തെയാണ് ഭീകരതയുടെ ഞടുക്കത്തില്‍ കണ്ണീരിലാഴ്ത്തിയിരിക്കുന്നതെന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന ജനാവലിയോട് പാപ്പാ വേദനയോടെ അനുസ്മരിപ്പിച്ചു.

ഭീകരരുടെ മാനസാന്തരത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, സംഘര്‍ഷങ്ങളാല്‍ ചിന്നഭിന്നമായ സൊമാലിയായുടെ സമാധാനത്തിനായി പരിശ്രമിക്കുന്നവരെ ഓര്‍ക്കുകയും അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു.

മൊഗഡീഷു നഗരത്തില്‍ ഒക്ടോബര്‍ 14-Ɔ൦ തിയതി ശനിയാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം
300-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 500-ല്‍ ഏറെപ്പേര്‍ മാരകമായി മുറിപ്പെടുകയും ചെയ്തിട്ടുണ്ട്. മൊഗഡീഷു നഗരമദ്ധ്യത്തിലെ ജനനിബിഡമായ ഭാഗത്തേയ്ക്ക് സ്ഫോടന വസ്തുക്കള്‍ നിറച്ച് ഓടിച്ചുകയറ്റിയ വലിയ ട്രക്കായിരുന്നു ഇത്തവണയും ഭീകരതയുടെ കറുത്തമുഖമെന്ന് വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.