2017-10-16 13:19:00

"സ്നേഹത്തിന്‍റെ വസ്ത്രം അണിഞ്ഞ നവവിശുദ്ധര്‍"- പാപ്പാ


ഫ്രാന്‍സീസ് പാപ്പാ ഈ ഞായറാഴ്ച (15/10/17) പോര്‍ട്ടുഗല്‍, മെക്സിക്കൊ, സ്പെയിന്‍, ഇറ്റലി എന്നീ നാട്ടുകാരായ 35 ധന്യാത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു.

രൂപതാവൈദികരായ അന്‍ഡ്രു ദെ സൊവെറല്‍, അംബ്രോസ് ഫ്രാന്‍സിസ്കൊ ഫേറൊ, രക്തസാക്ഷികളായ അല്‍മായര്‍ മാത്യു മൊറൈരയും 27 സുഹൃത്തുക്കളും, മറ്റു നിണസാക്ഷികളായ ക്രിസ്റ്റഫര്‍, അന്തോണിയൊ, ജോണ്‍, ദൈവിക അജപാലകയുടെ പുത്രികളായ കലസാന്‍സിയന്‍ സമൂഹത്തിന്‍റെ സ്ഥാപകന്‍, വൈദികന്‍ ഫൗസ്തീനൊ മിഖേസ്, കപ്പൂച്ചിന്‍ വൈദികനായ ആഞ്ചെലൊ ദ ആക്രി എന്നിവരാണ് നവ വിശുദ്ധര്‍.

ഈ വിശുദ്ധപദപ്രഖ്യാപന ദിവ്യപൂജാവേളയില്‍ പാപ്പാ  നടത്തിയ സുവിശേഷ പരിചിന്തനം മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം 1-14 വരെയുള്ള വാക്യങ്ങളില്‍, അതായത്, തന്‍റെ പുത്രന്‍റെ വിവാഹവിരുന്നിലേക്കു ക്ഷണിക്കപ്പെട്ടവര്‍ അതില്‍ പങ്കെടുക്കാന്‍ എത്താതിരുന്നപ്പോള്‍ രാജാവ്, വഴിയില്‍ കാണുന്നവരെയെല്ലാം വിവാഹവിരുന്നില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാന്‍ ഭൃത്യരെ അയക്കുന്നതും, ഈ വിരുന്നില്‍  വിവാഹവസ്ത്രം ധരിക്കാതെ പങ്കെടുക്കാനെത്തിയിരുന്നവനെ പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയാന്‍ പരിചാരകരോട് കല്പിക്കുന്നതുമായ സംഭവത്തില്‍ കേന്ദ്രീകൃതമായിരുന്നു.

ദൈവരാജ്യത്തെ വിവാവഹവിരുന്നിനോടുപമിക്കുന്ന സുവിശേഷഭാഗമാണ് നാം വായിച്ചുകേട്ടത്. ഈ ആമുഖ വാക്യത്തോടുകൂടി തന്‍റെ സുവിശേഷപ്രഭാഷണം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു:

ഇവിടെ മുഖ്യകഥാപാത്രം, വരനായ രാജകുമാരനാണ്. അവന്‍ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. ഈ ഉപമ ഒരിക്കലും വധുവിനെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല, മറിച്ച് വിവാഹവിരുന്നില്‍ പങ്കെടുക്കണമെന്ന് രാജാവ് അഭിലഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ക്ഷണിക്കപ്പെട്ട അനേകരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വിവാഹവസ്ത്രം ധരിക്കേണ്ടവരാണ് അവര്‍. ഈ ക്ഷണിക്കപ്പെട്ടവര്‍ നമ്മളാണ്. ആ കല്ല്യാണം നമ്മളുമൊരുമിച്ച് ആഘോഷിക്കാന്‍ ദൈവം അഭിലഷിക്കുന്നു. നാമോരോരുത്തരുമൊത്തുണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ആ ആജീവനാന്ത കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നു ഈ  വിവാഹവിരുന്ന്. ആകയാല്‍ ദൈവവുമായുള്ള നമ്മുടെ ബന്ധം, രാജഭക്തിയുള്ള പ്രജകള്‍ക്ക് രാജാവുമായോ, വിശ്വസ്തരായ സേവകര്‍‍ക്ക് യജമാനനുമായോ, വിദ്യാര്‍ത്ഥികള്‍ക്കു  ഗുരുവുമായോ ഉള്ളതു പോലല്ല. അത്, സര്‍വ്വോപരി, പ്രിയപ്പെട്ട മണവാട്ടിക്ക് മണവാളനോടുള്ളതു പോലുള്ളതാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, കര്‍ത്താവിന് നമ്മെ വേണം, അവിടന്ന് നമ്മെ അന്വേഷിക്കുന്നു, നമ്മെ ക്ഷണിക്കുന്നു, നമ്മുടെ കടമകള്‍ നാം നിര്‍വ്വഹിക്കുന്നതും നിയമങ്ങള്‍ പാലിക്കുന്നതുംകൊണ്ടുമാത്രം അവിടന്ന് തൃപ്തനല്ല. നാമുമായി ജീവനിലുള്ള യഥാര്‍ത്ഥ കൂട്ടായ്മ, സംഭാഷണത്തിലും വിശ്വാസത്തിലും പൊറുക്കലിലും അധിഷ്ഠിതമായ ഒരു ബന്ധം അവിടന്ന് ആഗ്രഹിക്കുന്നു.  ‌

ഇതാണ് ക്രിസ്തീയ ജീവിതം, അത് ദൈവവുമായുള്ള ഒരു പ്രണയകഥയാണ്. അതില്‍ ദൈവം സ്വതന്ത്രമായി മുന്‍കൈയ്യെടുക്കുന്നു. അതില്‍ താന്‍ മാത്രമെ ക്ഷണിക്കപ്പെട്ടിട്ടുള്ളുവെന്ന് വാദിക്കാന്‍ ആര്‍ക്കും ആവില്ല. ആര്‍ക്കും അപരനുള്ളതിനെ  അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം നല്കപ്പെട്ടിട്ടില്ല. എല്ലാവര്‍ക്കും സവിശേഷ സ്ഥാനം ദൈവതിരുമുമ്പില്‍ ഉണ്ട്. സൗജന്യവും മൃദുലവും സവിശേഷവുമായ ഈ സ്നേഹത്തില്‍ നിന്നാണ് ക്രൈസ്തവജീവിതം സദാ വീണ്ടും ജനിക്കുന്നത്. നമുക്കു സ്വയം ചോദിക്കാം- ചുരുങ്ങിയത് ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കര്‍ത്താവിനോടുള്ള സ്നേഹം നാം പ്രഖ്യാപിക്കുന്നുണ്ടോ? “കര്‍ത്താവേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, അങ്ങാണ് എന്‍റെ ജീവന്‍” എന്ന് അനുദിനം അവിടത്തോടു പറയാന്‍ നാം ഓര്‍ക്കാറുണ്ടോ? സ്നേഹം മാഞ്ഞുപോയാല്‍ ക്രൈസ്തവജീവിതം ഊഷരമാകും, ആത്മാവില്ലാത്ത ശരീരം പോലെയാകും, അസാധ്യമായ ഒരു ധാര്‍മ്മികതയാകും, ഒരു കാരണവുമില്ലാതെ പാലിക്കേണ്ട തത്വങ്ങളുടെയും നിയമങ്ങളുടെയും ഒരു സംഹിതയാകും. ജീവന്‍റെ ദൈവം പ്രതീക്ഷിക്കുന്നത് ജീവന്‍റെ  ഒരുത്തരം ആണ്. സ്നേഹത്തിന്‍റെ നാഥന്‍ പ്രതീക്ഷിക്കുന്നത് സ്നേഹത്തിന്‍റെ  ഒരുത്തരമാണ്. “ നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു” (വെളിപാട്, 2:4) ​​എന്ന് വെളിപാടിന്‍റെ പുസ്തകത്തില്‍ കര്‍ത്താവ് ഒരു സഭയെ ശാസിക്കുന്നുണ്ട്. യാന്ത്രികമായൊരു ക്രൈസ്തവജീവിതത്തിന്‍റെ അപകടം ആണിത്. മുന്‍കൈയ്യെടുക്കാതെ  ഉത്സാഹമൊന്നും കാട്ടാതെ, ഹ്രസ്വസ്മരണയില്‍, “സാധാരണ”മായതില്‍ സംതൃപ്തിയടയുന്ന ഒരു ക്രൈസ്തവജീവിതമാണത്. എന്നാല്‍ ആദ്യ സ്നേഹം ജ്വലിപ്പിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു, നാം സ്നേഹിക്കപ്പെട്ടവരാണ്, വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവരാണ്, നമ്മുടെ ജീവിതം ഒരു ദാനമാണ്, എന്തെന്നാല്‍ ഒരോ ദിവസവും ആ ക്ഷണത്തിന് ഉത്തരമേകുന്നതിനുള്ള മഹത്തായ അവസരമാണ്.

എന്നാല്‍ ഈ ക്ഷണം തിരസ്ക്കരിക്കപ്പെടാമെന്ന മുന്നറിയിപ്പ് സുവിശേഷം നല്കുന്നുണ്ട്. ക്ഷണിക്കപ്പെട്ടവരില്‍ നിരവധിപ്പേര്‍ വിസ്സമ്മതം പ്രകടിപ്പിച്ചു, കാരണം അവര്‍ സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരായിരുന്നു. “ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ സ്വന്തം വയലിലേക്കും അപരന്‍ വ്യാപാരത്തിനും പോയി” എന്നാണ് സുവിശേഷം പറയുന്നത്. ഇവിടെ സ്വന്തം എന്നതാണ് താക്കോല്‍പദം. തിരസ്കരണത്തിനുള്ള കാരണം എന്തെന്നു മനസ്സിലാക്കാന്‍ ഈ പദം സഹായിക്കുന്നു. വിവാഹവിരുന്നു അസംതൃപ്തികരമോ അസ്വസ്ഥജനകമോ ആയിരിക്കുമെന്ന ചിന്തയല്ല പ്രത്യുത സ്വാര്‍ത്ഥ  താല്പര്യമാണ് ഈ തിരസ്കരണത്തിന് കാരണം. സ്നേഹത്തില്‍ നിന്ന് അകലം പാലിക്കുന്നത് എങ്ങനെയാണെന്ന് ഇതു കാണിച്ചു തരുന്നു. കുടിലതയല്ല മറിച്ച് സ്വന്തം താല്പര്യമാണ്, സുരക്ഷയും സൗകര്യവുമൊക്കെയാണ് ഇവിടെ മുന്നിട്ടു നില്ക്കുന്നത്.  

അങ്ങനെ, സമ്പാദ്യത്തിന്‍റെ, സുഖസൗകര്യങ്ങളുടെ ചാരുകസേരയില്‍ കിടക്കുകയാണ്, ആനന്ദം പകരുന്നതായൊരു വിനോദവൃത്തിയില്‍ ഏര്‍പ്പെടുകയാണ്. അങ്ങനെ അകാല വാര്‍ദ്ധക്യം പ്രാപിക്കുകയും രോഗഗ്രസ്ഥനാകുകയും ചെയ്യുന്നു. മനസ്സ് വാര്‍ദ്ധക്യത്തിലെത്തുകയാണ്. ഹൃദയം വികസിക്കാത്തപ്പോള്‍ അത് അടയുകയും പഴയതാകുകയും ചെയ്യുന്നു.

അഹത്തിന്‍റെ പക്ഷം ചേരണോ അതോ ദൈവത്തിന്‍റെ കൂടെ നില്ക്കണോ എന്ന ചോദ്യം സുവിശേഷം നമ്മോടുന്നയിക്കുന്നു. ദൈവം സ്വാര്‍ത്ഥതയ്ക്ക് എതിരാണ്. സുവിശേഷം പറയുന്നു തന്‍റെ ക്ഷണവുമായി ബന്ധപ്പെട്ട നിരന്തര തിരസ്കരണം ഉണ്ടായപ്പോഴും വാതിലുകള്‍ അടയ്ക്കപ്പെട്ടപ്പോഴും ദൈവം മുന്നോട്ടു പോകുന്നു, ആഘോഷം മാറ്റി വയ്ക്കുന്നില്ല. തോറ്റു പിന്മാറുകയല്ല ക്ഷണവുമായി മുന്നോട്ടുപോകുകയാണ്. അനീതിക്കുമുന്നില്‍ ദൈവം കൂടുതല്‍ വലിയ സ്നേഹത്തോടെ പ്രത്യുത്തരിക്കുന്നു.

സുവിശേഷം മറ്റൊരു കാര്യം കൂടി ഊന്നിപ്പറയുന്നുണ്ട്. അത് ക്ഷണിക്കപ്പെട്ടവരുടെ അനിവാര്യമായ വസ്ത്രത്തെക്കുറിച്ചാണ്. ക്ഷണത്തിനു ഒരിക്കല്‍ ഉത്തരം, സമ്മതം, നല്കിയതുകൊണ്ടുമാത്രം പോരാ, വസ്ത്രം ധരിക്കേണ്ടതുണ്ട്. അതായത് അനുദിനം സ്നേഹം ജീവിക്കുകയെന്നത് പതിവാക്കണം. ദൈവഹിതം നിറവേറ്റാതെ, ജീവിതത്തില്‍ പകര്‍ത്താതെ, കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അവിടത്തെ സ്നേഹത്തിന്‍റെതായ വസ്ത്രം നാം ധരിക്കണം, ദൈവത്തെ തിരഞ്ഞെടുക്കുന്നത് അനുദിനം നാ നവീകരിക്കണം. ഇന്നു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവര്‍, പ്രത്യേകിച്ച്, അവരില്‍ ഉള്‍പ്പെടുന്ന അനേകരായ നിണസാക്ഷികള്‍, ഈ മാര്‍ഗ്ഗം നമുക്കു കാണിച്ചുതരുന്നു. അവര്‍ സ്നേഹത്തിന് വാക്കുകള്‍ കൊണ്ടു അല്പം സമ്മതമരുളുകയായിരുന്നില്ല, മറിച്ച് ജീവിതംകൊണ്ട്, ജീവിതാവസാനം വരെ  സമ്മതമരുളുകയായിരുന്നു. അവരുടെ അനുദിന വസ്ത്രം യേശുവിന്‍റെ സ്നേഹമായിരുന്നു. ഈ വസ്ത്രം തിരഞ്ഞെടുക്കാനും അനുദിനം അണിയാനും എന്നും നിര്‍മ്മലമായി സൂക്ഷിക്കാനും കഴിയുന്നതിനുള്ള അനുഗ്രഹം നമുക്ക് വിശുദ്ധരായ ഈ സഹോദരീസഹോദരന്മാരുടെ മദ്ധ്യസ്ഥതയാല്‍ കര്‍ത്താവിനോട് അപേക്ഷിക്കാം. ഇത് എങ്ങനെ സാധിക്കും? അതിനായി നമുക്ക് സര്‍വ്വോപരി, കര്‍ത്താവില്‍ നിന്ന് പാപപ്പൊറുതി സ്വീകരിക്കുന്നതിന് ധൈര്യത്തോടെ അവിടത്തെപ്പക്കലേക്കു പോകാം. അവിടന്നുമായുള്ള സ്നേഹത്തിന്‍റെ   ആഘോഷത്തിനായി വിവാഹവിരുന്നുശാലയില്‍ പ്രവേശിക്കുന്നതിനുള്ള നിര്‍ണ്ണായകമായ ചുവടുവയ്പ്പാണിത്.ഈ വാക്കുകളില്‍ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്നു. ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് പാപ്പ ത്രികാലപ്രാര്‍ത്ഥന നയിച്ചു.  പ്രാര്‍ത്ഥനയ്ക്കൊരുക്കമായി നടത്തിയ വിചിന്തനത്തില്‍ പാപ്പാ  വിശുപദ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ സംബന്ധിക്കാന്‍ ബ്രസീല്‍ ഫ്രാന്‍സ്, ഇറ്റലി, മെക്സിക്കൊ, സ്പെയിന്‍ എന്നിവി‍ടങ്ങളില്‍ നിന്നെത്തിയിരുന്ന ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കും മറ്റു വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.

സുവിശേഷത്തിന്‍റെ വിളങ്ങുന്ന ഈ സാക്ഷികളുടെ മാതൃകയും മാദ്ധ്യസ്ഥ്യവും നമ്മുടെ യാത്രയില്‍ നമുക്കു തുണയാകുകയും സഭയുടെ സമൂഹത്തിന്‍റെയും നന്മയ്ക്കായി സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ബന്ധങ്ങള്‍ എന്നും പരിപോഷിപ്പിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ലത്തീനമേരിക്കയിലെ ഏതാനും കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെയും ലോകത്തിന്‍റെ  ഇതരഭാഗങ്ങലെ അജപാലകരുടെയും വിശ്വാസികളുടെയും അഭ്യര്‍ത്ഥന മാനിച്ച് ആമസോണ്‍ പ്രദേശത്തിനു മുഴുവനുമായി മെത്രാന്മാരുടെ സിനഡിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാന്‍ താന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. ആപ്രദേശത്തെ ദൈവജനത്തിന്‍റെ, വിശിഷ്യാ, പലപ്പോഴും വിസ്മരിക്കപ്പെടുന്നവരും ആമസോണ്‍ വന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രശാന്തമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടവരുമായ തദ്ദേശവാസികളുടെ, സുവിശേഷവത്ക്കരണത്തിന് നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ഇതിന്‍റെ   മുഖ്യലക്ഷ്യമെന്നും പാപ്പാ പറഞ്ഞു.

ഭൂമുഖത്തെ സകലനിവാസികളും, സൃഷ്ടിയുടെ സൗകുമാര്യത്തോടുള്ള ആദരവില്‍ പ്രപഞ്ചനാഥനെ, ദൈവത്തെ സ്തുതിക്കുന്നതിന് നവ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം ഈ സിനഡുസമ്മേളനത്തിനുണ്ടാകട്ടെയെന്നു പാപ്പാ ആശംസിച്ചു.

ദുരവസ്ഥവിരുദ്ധ ലോകദിനം അനുവര്‍ഷം ഒക്ടോബര്‍ 17 ന് ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

ദുരവസ്ഥ ഒരു വിധിയല്ലെന്നും അതിന്‍റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പിഴുതെറിയേണ്ടത് അനേകരായ നമ്മുടെ സഹോദരീസഹോദരങ്ങളുടെ ഔന്നത്യം ആദരിക്കപ്പെടുന്നതിന് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

ഈ വാക്കുകളെ തുടര്‍ന്ന് ത്രികാലജപം നയിച്ച പാപ്പാ അതിന്‍റെ അവസാനം വിശുദ്ധകുര്‍ബ്ബനായുടെ സമാപന പ്രാര്‍ത്ഥന ചൊല്ലുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.