2017-10-14 13:12:00

പുറത്തേക്കിറങ്ങുന്നതിനുള്ള ബലതന്ത്രം സ്നേഹം-പാപ്പാ


ദൈവം നമുക്കെന്തായിരിക്കുന്നുവോ അപ്രകാരമായിരിക്കണം നാം മറ്റുള്ളവര്‍ക്ക് എന്ന് മാര്‍പ്പാപ്പാ.

വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍ സ്ഥാപിച്ചതോ, അല്ലെങ്കില്‍, അദ്ദോഹത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട്,പാവപ്പട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോ ആയ സമര്‍പ്പിതജീവിത സമൂഹങ്ങളും അല്‍മായസംഘടനകളും ഉള്‍പ്പെടുന്ന “വിന്‍സെന്‍ഷ്യന്‍ കുടുംബ”ത്തില്‍പ്പെടുന്ന പതിനോരായിരത്തിലേറെപ്പേരെ ശനിയാഴ്ച (14/10/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ, ആരാധിക്കുക, സ്വീകരിക്കുക, പോകുക, എന്നീ മൂന്നു ക്രിയാപദങ്ങള്‍ വിശകലനം ചെയ്യവെ സ്വീകരിക്കുക എന്ന പദത്തിന്‍റെ വിവക്ഷ എന്തെന്ന് വ്യക്തമാക്കുകയായിരുന്നു.

“അഹ”ത്തിനു നൂതനമാനമേകുകയും സ്വന്തം ചിന്താരീതികളെ ഋജുവാക്കുകയും താന്‍ ജീവന്‍റെ ഉടമയല്ലെന്നും സമയം തന്‍റേതല്ലെന്നും വ്യക്തി മനസ്സിലാക്കുകയും ചെയ്യുകയെന്നതും ഈ പദത്തില്‍ അന്തര്‍ലീനമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അപരനെ സ്വീകരിക്കുന്നവന്‍ അഹത്തെ ത്യജിക്കുകയും “നീ”യും “ഞങ്ങളും” അവന്‍റെ ജീവിതത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.    

ആരാധിക്കുകയെന്നാല്‍ കര്‍ത്താവിന് പ്രഥമ സ്ഥാനം നല്കിക്കൊണ്ട് ആദരവോടും പ്രശാന്തതയോടും കൂടി മൗനത്തില്‍ അവിടത്തെ മുന്നില്‍ നില്കുകകയാണെന്നും അവിടത്തെ ആത്മാവ് നമ്മിലേക്കു വരുന്നതിനും നമ്മുടെ കാര്യങ്ങളെല്ലാം അവിടത്തെപ്പക്കലേക്കുയുരന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കലാണെന്നും പാപ്പാ വിശദീകരിച്ചു.

പോകുക എന്ന പദത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഇതിന്‍റെ ബലതന്ത്രം സ്നേഹമാണെന്ന് ഉദ്ബോധിപ്പിച്ചു.

ഈ സ്നേഹം ഒരുവനെ അവനില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നും മെച്ചപ്പെട്ടൊരു ലോകത്തിനായി അവന്‍ ചാരുകസേരയില്‍ അനങ്ങാതെ കിടക്കുകയല്ല മറിച്ച് ഉത്സാഹത്തോടും ലാളിത്യത്തോടും കൂടെ പുറത്തേക്കിറങ്ങുകയാണ് ചെയ്യുകയെന്നും പാപ്പാ പറഞ്ഞു.

ലോകമെങ്ങും പോകുകയാണ് നമ്മുടെ വിളിയെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.