2017-10-13 07:11:00

പ്രത്യാശയില്‍ സ്ഥൈര്യമുള്ളവരാകാന്‍ നാം പഠിക്കണം-പാപ്പാ


പ്രത്യാശ നിലനിര്‍ത്താനും ദൈവത്താല്‍ വിസ്മയത്തിലാഴ്ത്തപ്പെടാനും ആനന്ദത്തില്‍ ജീവിക്കാനും നാം പഠിക്കണമെന്ന് മാര്‍പ്പാപ്പാ.

1717 ഒക്ടോബറില്‍ ബ്രസീലിലെ അപരെസീദയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ  രൂപം കണ്ടെത്തപ്പെട്ടതിന്‍റെ മുന്നൂറാം വര്‍ഷാചരണത്തോടനുബന്ധിച്ച് ഈ നാഥയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ 12 വ്യാഴാഴ്ച നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

വിശ്വാസികളുടെ ഹൃദയത്തില്‍, പ്രത്യേകിച്ച് നിരാശാജനകങ്ങളായ അവസ്ഥകള്‍ നമ്മെ വലയം ചെയ്യുമ്പോള്‍, വ്യാപിക്കേണ്ട ഒരു പുണ്യമാണ് പ്രത്യാശയെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വ്യഥ നമ്മെ കീഴടക്കാന്‍ സ്വയം അനുവദിക്കരുതെന്നും അപ്പരെസീദാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ വിശ്വാസമുള്ളവരായിരിക്കണമെന്നും പാപ്പാ ബ്രസീലിലെ ജനങ്ങള്‍ക്ക് പ്രചോദനം പകരുന്നു.

ക്രിസ്തീയി വിശ്വാസത്തില്‍ രൂഢമൂലമായിരിക്കുന്ന ഉദാരത, ഐക്യദാര്‍ഢ്യം, സ്ഥൈര്യം, സാഹോദര്യം, സന്തോഷം എന്നീ മൂല്യങ്ങളിലും ആദ്ധ്യാത്മികാനുഭവത്തിലും  സമൂര്‍ത്തമാക്കപ്പെടുന്ന പ്രത്യാശ അപരെസസീദയിലെ മറിയത്തിന്‍റെ പവിത്രസന്നിധാനത്തിലും മരിയഭക്തിപുലര്‍ത്തുന്ന ഓരോ ഹൃദയത്തിലും നമുക്ക് തൊട്ടറിയാന്‍ കഴിയുമെന്നും പാപ്പാ പറയുന്നു.

പരൈബ നദിയില്‍ മീന്‍പടിക്കാന്‍ പോയ പാവപ്പെട്ടവരായ മൂന്നു തൊഴിലാളികള്‍ക്കാണ് അപ്പരീസീദാ നാഥയുടെ പ്രതിമ കിട്ടിയത് എന്നാണ് പറയപ്പെടുന്നത്. ഏറെ മത്സ്യം കിട്ടുന്നതിനായി അമലോത്ഭവ നാഥയോടു പ്രാര്‍ത്ഥിച്ചതിന ശേഷം വലയെറിഞ്ഞ അവര്‍ക്ക് മീന്‍ ഒന്നും കട്ടിയില്ല. അവരുടെ വലയില്‍ കുടുങ്ങിയത് പരിശുദ്ധ കന്യകയുടെ തലയില്ലാത്ത ഒരു രൂപമായിരുന്നു. പിന്നീട് അവര്‍ക്ക് ശരിസ്സും കിട്ടി. തുടര്‍ന്ന്   വലീശിയപ്പോള്‍ വലനിറയെ മീന്‍ കിട്ടുകയും ചെയ്തു.  








All the contents on this site are copyrighted ©.