2017-10-07 12:43:00

കാനന്‍ നിയമത്തിന്‍റെ അധികൃത പൊരുള്‍ വീണ്ടും കണ്ടെത്തുക-പാപ്പാ


നീതിയില്ലാതെ ഉപവിയില്ല എന്ന ബോധ്യത്തോടുകൂടി കാനന്‍ നിയമത്തെ സ്നേഹിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

കാനന്‍ നിയമത്തെ അധികരിച്ച് റോമില്‍ ഈ മാസം 4 മുതല്‍ 7 വരെ (04-07/10/17)  സംഘടിപ്പിക്കപ്പെട്ട പതിനാറാം അന്താരാഷ്ട്രസമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഈ ക്ഷണം നല്കിയിരിക്കുന്നത്.

1917 മെയ് 12 ന് അംഗീകരിക്കപ്പട്ടെ പ്രഥമ കാനന്‍ നിയമസംഹിതയുടെ ഒന്നാം ശതാബ്ദി ഇക്കൊല്ലം ആചരിക്കപ്പെടുന്നതിനെക്കുറിച്ച് സന്ദേശത്തില്‍ അനുസ്മരിക്കുന്ന പാപ്പാ ഈ ആചരണം, വചനവും കൂദാശകളും കേന്ദ്രസ്ഥാനത്തു നില്ക്കുകയും ആവശ്യമായ നൈയമികക്രമം സേവനോന്മുഖമായിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ മൗതികഗാത്രമായ സഭയില്‍ കാനന്‍ നിയമത്തിന്‍റെ അധികൃത പൊരുള്‍ വീണ്ടും കണ്ടെത്താനും ആഴത്തില്‍ പഠിക്കാനും വര്‍ത്തമാനഭാവികാലങ്ങളിലേക്കു നോക്കാനുമുള്ള ഒരവസരമായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു,

കാനന്‍ നിയമത്തിന്‍റെ അജപാലനമാനവും ആത്മാക്കളുടെ രക്ഷ ലക്ഷ്യംവച്ചുകൊണ്ടുള്ള അതിന്‍റെ ഉപയോഗവും സഭയിലും ഉറപ്പുവരുത്തപ്പെടേണ്ട നീതിയെന്ന പുണ്യം ആദരിക്കപ്പെടുന്നതിന് കാനന്‍ നിയമത്തിന്‍റെ ആവശ്യകതയും മനസ്സിലാക്കാന്‍ കഴിയുന്ന യഥാര്‍ത്ഥ നൈയമിക പരിശീലനം സഭയില്‍ ആവശ്യമായിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സവിശേഷാവസരമാണ് ഈ ശതാബ്ദിയാചരണവും ഈ കോണ്‍ഗ്രസും എന്ന് പാപ്പാ പറയുന്നു.








All the contents on this site are copyrighted ©.