2017-10-06 12:53:00

സാങ്കേതികവിദ്യകളുടെ നിയന്ത്രണം കൈവിട്ടുപോയോ?-പാപ്പാ


നാം തന്നെ തുടക്കമിട്ട അക്കാധിഷ്ഠിത,അഥവാ, ഡിജിറ്റല്‍ സാങ്കേതികവിദ്യാപ്രകിയികളെ നിയന്ത്രിക്കാന്‍ നാം പ്രാപ്തരാണോ അതോ അതിന്‍റെ കടിഞ്ഞാണ്‍ കൈവിട്ടുപോയോ എന്ന് സ്വയം ചോദിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ഡിജിറ്റല്‍ ലോകത്തില്‍ കുഞ്ഞുങ്ങളുടെ ഔന്നത്യത്തെ അധികരിച്ച് റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ ഈ മാസം മൂന്നു മുതല്‍ ആറുവരെ (03-06/10/17) സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 330 ലേറേപ്പേരടങ്ങുന്ന ഒരു സംഘത്തെ ഈ ചതുര്‍ദിനസമ്മേളനത്തിന്‍റെ സമാപന ദിനത്തില്‍, വെള്ളിയാഴ്ച (06/10/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഡിജിറ്റല്‍ ലോകത്തില്‍ കുട്ടികളുടെ ഔന്നത്യം സംരക്ഷിക്കുകയെന്നത് ആഗോളതലത്തിലുള്ള നൂതനവും ഗുരുതരവും ആയ ഒരു പ്രശ്നമാണെന്നും അതിനെ നിശ്ചയദാര്‍ഢ്യത്തോടും ഒപ്പം ലോകത്തിലേക്കുവരുന്ന ഒരോ കുഞ്ഞിനോടുമുള്ള വാത്സല്യത്തോടും കൂടി നേരിടേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

വിസ്മയകരങ്ങളായ സാധ്യതകള്‍ തുറന്നിടുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച ഒപ്പം ഭീതിയുളവാക്കുന്നുണ്ടെന്നുമുള്ള വസ്തുത പാപ്പാ അനുസ്മരിച്ചു.

ഇന്ന് ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്ന 300 കോടിയിലേറെ ജനങ്ങളില്‍ നാലില്‍ ഒന്നില്‍ കൂടുതല്‍ അതായത് 80 കോടിയിലേറെയും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പാപ്പാ പറഞ്ഞു. ഭാരതത്തില്‍ മാത്രം രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ സംഖ്യ 50 കോടിയാകുമെന്നും ഇതില്‍ പകുതിയും പ്രായപൂര്‍ത്തി ആകത്തവര്‍ ആയിരിക്കുമെന്നുമുള്ള കണക്കും പാപ്പാ വെളിപ്പെടുത്തി.

ഇന്‍റര്‍നെറ്റ് കുട്ടികളെ വഴിതെറ്റിക്കുന്ന അപകടസാധ്യതയുടെ തോത് എത്ര ഭയാനകമായിരിക്കുമെന്ന് പാപ്പാ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി.

അശ്ലീല ചിത്രങ്ങള്‍ അച്ചടിമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത് ഇന്ന് ഇന്‍റര്‍നെറ്റിലൂടെ പ്രസരിക്കുന്നതിന്‍റെ അളവുനോക്കുമ്പോള്‍ നിസ്സാരമായിരുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.

ഇത്തരം അപകടങ്ങള്‍ക്കുമുന്നില്‍ നിഷ്ക്രിയരും ദിശാബോധം നഷ്ടപ്പെട്ടവരുമായി നിന്നുപോകരുതെന്നും, ഭയത്തിന് നാം കീഴടങ്ങരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ലോകത്തിലെ കുഞ്ഞുങ്ങളു‌ടെ നയനങ്ങളിലേക്ക് അവകാശത്തോടും ധൈര്യത്തോടും കൂടി നോക്കാന്‍ നമുക്കു കഴിയുന്നതിന് ഒത്തൊരുമിച്ച് പരിശ്രമിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.