2017-10-05 13:13:00

ജൈവശാസ്ത്രപുരോഗതിയുടെ ഫലങ്ങള്‍ ആഴത്തില്‍ പഠിക്കുക-പാപ്പാ


ജൈവശാസ്ത്ര രംഗത്തുണ്ടായിട്ടുള്ള പുരോഗതി സമൂഹത്തിലുളവാക്കുന്ന ഫലങ്ങള്‍ പഠിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ തീവ്രമാക്കേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി വത്തിക്കാനില്‍ വ്യാഴാഴ്ച(05/10/17) ആരംഭിച്ച ത്രിദിന പൊതുയോഗത്തില്‍ സംബന്ധിക്കുന്നവരെ അന്ന് വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഏഴാം തിയതി ശനിയാഴ്ച സമാപിക്കുന്ന ഈ സമ്മേളനം “ജീവനെ അകമ്പടിസേവിക്കുക. സാങ്കേതികവിദ്യയുടെ നൂതനയുഗത്തില്‍ പുത്തന്‍ ഉത്തരവാദിത്വങ്ങള്‍” എന്ന വിചിന്തനപ്രമേയം സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ, ജീവനെ, ഇന്നലെ വരെ അചിന്തനീയമായിരുന്ന തരത്തില്‍, കൈകാര്യം ചെയ്യത്തക്ക ശക്തി ജൈവശാസ്ത്രം കൈവരിച്ചിട്ടുണ്ടെന്നും ഇതു ഭീഷണമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.

സകലത്തെയും ബലികഴിച്ച് “അഹ”ത്തെ പൂജിക്കുന്ന ഒരു സംസ്കാരത്തിന്‍റെ   അപകടത്തെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അധികാരവും ലാഭവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടുന്ന ഒരു വസ്തുവായി ജീവനെ കരുതുന്ന ഉദാരമായ ഭൗതികവാദത്തിനുമുന്നില്‍ മൗനം പാലിക്കാനാവില്ല എന്ന്  വ്യക്തമാക്കി.

സാങ്കേതികതയില്‍ കേന്ദ്രീകൃതമായ ഈ ഭൗതികവാദം നല്കുന്നത് വ്യാമോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ആണെന്ന് ലോകത്തിലെവിടെയും സ്ത്രീപുരുഷന്മാരും കുട്ടികളും കയ്പ്പോടും വേദനയോടുംകൂടെ അനുഭവിച്ചറിയുന്നുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

ജീവനെ അതിന്‍റെ വൈക്തികസാമൂഹ്യതലങ്ങളിലുടനീളം തുണയ്ക്കുന്നതിന് സഹാനുഭൂതിയുടെയും കാരുണ്യത്തിന്‍റെയുമായ ധര്‍മ്മചിന്തയുടെ പുനരാവിഷ്ക്കാരം ആവശ്യമാണെന്ന് പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.