2017-09-28 11:47:00

''സഭാപ്രവര്‍ത്തനങ്ങളുടെ ഉറവിടം സ്നേഹമാണ്'': ഫ്രാന്‍സീസ് പാപ്പാ


വി. വിന്‍സെന്‍റ് ഡി പോളിന്‍റെ തിരുനാള്‍ ദിനത്തില്‍, അദ്ദേഹം പകര്‍ന്നുനല്‍കിയ സിദ്ധിയുടെ നാലാം ശതാബ്ദിയോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ വിന്‍സെന്‍ഷ്യന്‍ സമൂഹങ്ങള്‍ക്കു പ്രത്യേക സന്ദേശം നല്‍കി.‍

വി. വിന്‍സെന്‍റിന്‍റെ ജീവിതവിശുദ്ധിയുടെ പ്രസക്തിയെ എടുത്തുകാണിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: ദൈവത്തെയും തന്നെത്തന്നെയും അന്വേഷിക്കുന്ന വിശുദ്ധിയുടെ പുരോഗമന പാതയിലായിരുന്നു അദ്ദേഹം എല്ലായ്പോഴും.  തികച്ചും സ്വാഭാവികമായി സുവിശേഷ പ്രഘോഷണത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്ന ലളിതശൈലി, തന്‍റെ ജീവിതത്തിലൂടെയുള്ളതും, ഏറ്റം വിനയമാര്‍ന്നതും, നേരിട്ടുള്ളതുമായിരുന്നു. തിരുസ്സഭയുടെ ഉപവിയെ ഉണര്‍ത്തുന്നതിന് പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു ഉപകരണമാക്കി...

...''എന്‍റെ ഏറ്റം എളിയ ഈ സഹോദരര്‍ക്കു നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുവേണ്ടിയാണ് ചെയ്തത്'' (മത്താ 25,40) എന്നു കര്‍ത്താവു പറയുന്നു.  വിന്‍സെന്‍ഷ്യന്‍ കുടുംബത്തിന്‍റെ ഹൃദയത്തില്‍ ഏറ്റം ദരിദ്രരായവര്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായുള്ള അന്വേഷണമാണുള്ളത്.  കര്‍ത്താവിനോടു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട്, നിങ്ങളുടെ സിദ്ധിയിലേക്കു കൂടുതല്‍ ആഴത്തിലേക്കു നീങ്ങാന്‍, അങ്ങനെ ഉറവിടത്തില്‍ നിന്നുതന്നെ നിങ്ങളുടെ ദാഹം തീര്‍ക്കാന്‍, ആദിചൈതന്യത്തിന്‍റെ ഉറവയില്‍നിന്നു നിങ്ങളെത്തന്നെ നവോന്മേഷമുള്ളവരാക്കാന്‍ വേണ്ടിയുള്ളതാണ് ഈ വര്‍ഷം... നിങ്ങളും സഭയും വിശക്കുന്നവരിലും ദാഹിക്കുന്നവരിലും, പരദേശിയിലും നഗ്നരിലും കര്‍ത്താവിനെ കണ്ടെത്തുന്നതിനുള്ള കൃപയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു.   സ്നേഹം അതിരില്ലാത്ത വഴികളെ കണ്ടെത്തുന്നു എന്ന് വി. വിന്‍സെന്‍റ് പറഞ്ഞിട്ടുണ്ട്.  അതിനാല്‍, ഇന്നത്തെ വെല്ലുവിളികളെ നേരിടുവാന്‍ ക്രിയാത്മകത ഉള്ളവരായി, ദൈവത്തില്‍ ആത്മവിശ്വാസം അര്‍പ്പിക്കുവിന്‍ എന്ന വാക്കുകളോടെയാണ് പാപ്പായുടെ സന്ദേശം അവസാനിക്കുന്നത്. 








All the contents on this site are copyrighted ©.