2017-09-28 13:03:00

മനസ്സാക്ഷിക്കുത്തിനെ ഭയപ്പെടരുത്-പാപ്പാ


മനസ്സാക്ഷിക്കുത്തിനെ ഭയപ്പെടരുത്, അത് രക്ഷയുടെ ഒരു സൂചനയാണ് എന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച (28/09/17) അര്‍പ്പിച്ച പ്രത്യൂഷ ദിവ്യപൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മെ കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെ ശ്രവിക്കാന്‍ കഴിയുകയെന്നത് ഒരു അനുഗ്രഹമാണെന്നും കാരണം നമ്മിലുള്ള വ്യാധിയാണ് ഈ മനസ്സാക്ഷിക്കുത്തിനു കാരണമെന്നും ആകയാല്‍ കര്‍ത്താവിനോടു കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കണം, അതായത്, പാപിയായ എന്നില്‍ കനിയണമേ എന്ന് പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു.

നമ്മില്‍ വ്യാധിയുളവാക്കുന്ന വേദന അറിയുകയും അതെവിടെനിന്നാണ് വരുന്നതെന്ന് കണ്ടെത്തുകയും അങ്ങനെ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യാന്‍ കഴിയുന്ന ശാസ്ത്രം നാം ഫഠിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഈ വ്യാധി സ്വയം കണ്ടെത്താന്‍ കഴിയാത്തപക്ഷം ആരുടെയെങ്കിലു സഹായം തേടണമെന്നും അതു കണ്ടെത്തിക്കഴിയുമ്പോള്‍ സുഖപ്പെടുത്താനാകുമെന്നും പാപ്പാ വിശദീകരിച്ചു.

ആ തിരിച്ചറിവാണ് ദൈവതിരുമുമ്പില്‍ യഥാര്‍ത്ഥ എളിമയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

എന്നാല്‍ മനസ്സാക്ഷിക്കുത്തിനു കാരണമാകേണ്ടുന്ന വ്യാധിയുളവാക്കുന്ന വേദന അറിയാതിരിക്കാന്‍, അതു മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന പ്രലോഭനത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.








All the contents on this site are copyrighted ©.