2017-09-27 12:48:00

"പ്രത്യാശയുടെ വൈരികള്‍" പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


വത്തിക്കാനില്‍ ഈ ബുധനാഴ്ചയും (27/09/17) ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ച  അനുവദിച്ചു. വേദി, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണംതന്നെ ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ നിരവധിപ്പേര്‍ ഇതില്‍ പങ്കെടുത്തു. പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന 14 വൈവദികരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു.

പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടുകയും ആശീര്‍വ്വദിക്കുകയും മുത്തം നല്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ അതില്‍നിന്നിറങ്ങി നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രത്യാശയെ അധികരിച്ചു താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. പ്രത്യാശയുടെ ശത്രുക്കളെക്കുറിച്ചായിരുന്നു പാപ്പായുടെ ചിന്തകള്‍.

പ്രഭാഷണസംഗ്രഹം:     

ഈ ദിനങ്ങളില്‍ നമ്മുടെ പരാമര്‍ശവിഷയം പ്രത്യാശയാണ്. പ്രത്യാശയുടെ ശത്രുക്കളെക്കുറിച്ചു ചിന്തിക്കാനാണ് ഇന്നു ഞാന്‍ ഉദ്ദേശിക്കുന്നത്. പ്രത്യാശയ്ക്കും, ലോകത്തിലെ ഇതര നന്മകള്‍ക്കെന്നതുപോലെതന്നെ, ശത്രുക്കളുണ്ട്. പന്തോറയുടെ ചെപ്പിനെക്കുറിച്ചുള്ള പുരാതനമായ ഒരു ഐതിഹ്യമാണ് എന്‍റെ  മനസ്സില്‍ വരുന്നത്. പന്തോറ ആ ചെപ്പു തുറന്നപ്പോള്‍ ലോകത്തില്‍ നിരവധി ദുരന്തങ്ങളുണ്ടായി. എന്നാല്‍ ആ പുരാണകഥയില്‍ നുറുങ്ങുവെട്ടമേകുന്ന അവസാനഭാഗം വളരെ കുറച്ചു പേര്‍ മാത്രമെ ഓര്‍ക്കുന്നുണ്ടാകുകയുള്ളു. അതായത്, ആ ചെപ്പിന്‍റെ വായിലൂടെ എല്ലാ തിന്മകളും പുറത്തു വന്നു കഴിഞ്ഞപ്പോള്‍ വ്യാപകമായ ആ തിന്മകളെയൊക്കെ ഒരു ചെറിയ  സദ്ധി ജയിക്കുന്നതായി കാണുന്നു. ആ ചെപ്പു സൂക്ഷിച്ചിരുന്ന പന്തോറ എന്ന സ്ത്രീ അത് അവസാനമാണ് തിരിച്ചറിയുന്നത്. ഗ്രീക്കുകാര്‍ അതിനെ വിളിക്കുന്നത് പ്രത്യാശ എന്നര്‍ത്ഥം വരുന്ന എല്‍പിസ് എന്നാണ്.

ഈ ഐതിഹ്യം നമ്മോടു പറയുന്നത് നരകുലത്തെ സംബന്ധിച്ചിടത്തോളം പ്രത്യാശയ്ക്ക് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നാണ്. ജീവനുള്ളിടത്തോടം കാലം പ്രത്യാശയുണ്ട് എന്ന പതിവുശൈലി തെറ്റാണ്. നേരെ മറിച്ചാണ്, അതായത് ജീവനെ താങ്ങിനിറുത്തുന്നത്, സംരക്ഷിക്കുന്നത്, കാത്തുപരിപാലിക്കുന്നത്, വളര്‍ത്തുന്നത് പ്രത്യാശയാണ്.

ലോകത്തിലെ തിന്മകളെ നേരിടാന്‍ ദൈവികപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് നരകുലത്തെ പ്രാപ്തമാക്കുന്ന നിധിയാണ് പ്രത്യാശ. മെച്ചപ്പെട്ടൊരു ജീവിതം തേടി സ്വഭവനങ്ങള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായ നിരവധി സഹോദരീസഹോദരങ്ങള്‍ക്കും അതുപോലെതന്നെ, ഉപരിമെച്ചപ്പെട്ടൊരു നാളെയുടെ ഉദയം പ്രതീക്ഷിച്ച് അവരുടെ യാത്രയില്‍ പങ്കുചേര്‍ന്നുകൊണ്ട് അവരെ സ്വാഗതം ചെയ്യുന്നവര്‍ക്കും പ്രത്യാശ പ്രചോദനം പകരുന്നു. പ്രത്യാശ, പ്രത്യേകിച്ച് പാവപ്പെട്ടവന്‍റെ പുണ്യമാണ്. തിരുപ്പിറവിയുടെ രഹസ്യം നമ്മെ പഠിപ്പിക്കുന്നതുപോലെ, രക്ഷയുടെ സദ്വാര്‍ത്ത  നമുക്കേകുന്നതിന് ദൈവം ഈ ലോകത്തിലേക്കു വന്നത് നിര്‍ദ്ധനരുടെ മദ്ധ്യേയാണ്.

പ്രത്യാശ യുവജനത്തിന്‍റെയും പുണ്യമാണ്. ആത്മാവില്ലാത്തതും ഭൗതികവുമായ ഒരു സമൂഹം അത് അവരില്‍ നിന്ന് കവര്‍ന്നെ‌ടുക്കാന്‍ പാടില്ല. പ്രത്യാശയുടെ ഏറ്റവും വലിയ വൈരി ആദ്ധ്യാത്മിക ശൂന്യതയാണ്, “മദ്ധ്യാഹ്ന സാത്താന്‍”  അതായത് വിരസത ആണ്. അത് നമ്മെ പോരാട്ടം നിറുത്തി നിരാശയ്ക്ക് അടിയറവ് പറയാന്‍ പ്രലോഭിപ്പിക്കുന്നു.

നമ്മു‍ടെ ശക്തി ക്ഷയിച്ചെന്നു തോന്നുകയും അരിഷ്‌ടതകള്‍ക്കെതിരായ പോരാട്ടം കഠിനമായി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ നമുക്കെപ്പോഴും യേശുവിന്‍റെ നാമത്തില്‍ അഭയം തേടാം.  കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ, പാപിയായ എന്നില്‍ കനിയണമേ എന്ന ലളിതമായ പ്രാര്‍ത്ഥന നമുക്കാവര്‍ത്തിക്കാം.

നിരാശയ്ക്കെതിരായ പോരാട്ടത്തില്‍ നാം തനിച്ചല്ല. യേശു ലോകത്തെ ജയിച്ചെങ്കില്‍ നന്മയ്ക്കെതിരായി നമ്മിലുള്ള സകലത്തെയും തോല്പ്പിക്കാന്‍ അവിടത്തേക്കു സാധിക്കും. ദൈവം നമ്മോടുകൂടെയാണെങ്കില്‍ നമുക്കു ജീവിക്കാന്‍ അത്യന്താപേക്ഷിതമായ ആ പുണ്യം നമ്മില്‍ നിന്ന് കവര്‍ന്നെടുക്കാന്‍ ആര്‍ക്കും   സാധിക്കില്ല. ആരും നമ്മുടെ പ്രത്യാശ മോഷ്ടിക്കില്ല.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

കത്തോലിക്കാസഭയുടെ ഉപവിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന “കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസ്” കുടിയേറ്റക്കാര്‍ക്കുവേണ്ടി “യാത്രയില്‍ പങ്കുചേരല്‍” അഥവാ “ഷെയറിംഗ് ദ ജേര്‍ണി” (SHARING THE JOURNEY) എന്ന ശീര്‍ഷകത്തില്‍ ആസൂത്രണം ചെയതിരിക്കുന്ന പരിപാടിക്ക് താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ തുടക്കം കുറിക്കുന്നതിനോടനുബന്ധിച്ച് എ​ത്തിയിരുന്ന കാരിത്താസ് ഇന്‍റര്‍നാസിയോണാലിസിന്‍റെ  ആയിരത്തോളംവരുന്ന പ്രതിനിധികളെ പാപ്പാ പ്രത്യേകം സംബോധനചെയ്തു.

സ്വാഗതമോതുന്നതും സകലരെയും ഉള്‍ക്കൊള്ളുന്നതും തുറവുള്ളതുമായിരിക്കാന്‍ ശ്രമിക്കുന്ന ഒരു സഭയുടെ അടയാളമാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരിക്കുന്ന കുടിയേറ്റക്കാരും, അഭയാര്‍ത്ഥികളും കാരിത്താസിന്‍റെ ഇറ്റാലിയന്‍ ഘടകത്തിന്‍റെയും ഇതര കത്തോലിക്കാസംഘടനകളുടെയും പ്രതിനിധികളും എന്ന് പാപ്പാ അനുസ്മരിച്ചു. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ സഹോദരീസഹോദരന്മാരെ കരങ്ങള്‍ വിരിച്ച് സ്വാഗതം ചെയ്യാന്‍ ക്രിസ്തുതന്നെ ആവശ്യപ്പെടുന്നുണ്ടെന്ന് എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നതാണ് കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസിന്‍റെയും ഇതര കത്തോലിക്കാ സംഘടനകളുടെയും അനുദിനപ്രവര്‍ത്തനങ്ങളെന്നും പാപ്പാ പറഞ്ഞു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം സെപ്റ്റംബര്‍ 27 ന് വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ തിരുന്നാള്‍ തിരുസഭ ആചരിക്കുന്നതിനെക്കുറിച്ചു സുചിപ്പിക്കുകയും ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ ആനന്ദത്തോടും നിസ്വാര്‍ത്ഥമായും സേവിച്ചുകൊണ്ട് ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ വിശുദ്ധന്‍റെ ഉപവിയുടെ മാതൃത യുവതീയുവാക്കള്‍ക്ക് പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിച്ചു. പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.