2017-09-26 16:17:00

''യേശുവിന്‍റെ കൂടെ വസിച്ച്, കുടുംബാംഗമായിരിക്കുക'': പാപ്പാ


സെപ്തംബര്‍ 26, ചൊവ്വാഴ്ചയില്‍ സാന്താമാര്‍ത്ത കപ്പേളയിലര്‍പ്പിച്ച പ്രഭാത ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍, വി. ലൂക്കായുടെ സുവിശേഷം എട്ടാമധ്യായത്തില്‍ നിന്നുള്ള 'യേശുവിന്‍റെ അമ്മയും സഹോദരരും' എന്ന ഭാഗം വ്യാഖ്യാനിച്ചുകൊണ്ടു പാപ്പാ പറഞ്ഞു: 

യേശുവിനുള്ള കുടുംബസങ്കല്പം ഇതാണ്.  ദൈവവചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവരാണ് കുടുംബാംഗങ്ങള്‍. ആ കുടുംബബന്ധം ദൈവവുമായും യേശുവുമായും ഉണ്ടായിരിക്കുക എന്നത് ശിഷ്യരായിരിക്കുക, സുഹൃത്തുക്കളായിരിക്കുക എന്നതിനെക്കാളൊക്കെ ഉപരിയാണ്.   കര്‍ത്താവിന്‍റെ ഭവനത്തില്‍ ജീവിക്കുന്നവര്‍ സ്വതന്ത്രരാണ്.  ആ കുടുംബബന്ധത്തിലായി രിക്കുന്നവര്‍ അടിമകളല്ല, പുത്രരാണ്. ഇത് സഭയുടെ ആത്മീയപിതാക്കന്മാരും വിശുദ്ധരും നമ്മെ പഠിപ്പിക്കുന്നുണ്ട്.  'അവനോടുകൂടിയായിരിക്കുക', 'അവനെ നോക്കുക', 'അവന്‍റെ വാക്കു ശ്രവിക്കുക', 'അത് പ്രവൃത്തിയിലാക്കുക', 'അവനോടു സംസാരിക്കുക'. അപ്പോള്‍ നമ്മുടെ വാക്കുകള്‍ പ്രാര്‍ഥനയാണ്.  നമുക്കു ചോദിക്കാം, 'അതെ, കര്‍ത്താവേ, നീ എന്താണ് വിചാരിക്കുന്നത്?' വിശുദ്ധ ത്രേസ്യ പറയുന്നത്, അവള്‍ എല്ലായിടത്തും കര്‍ത്താവിനെ കാണുന്നു എന്നാണ്. അതു മനോഹരമാണ്.  അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ പോലും അവിടുത്തെ കാണാന്‍ കഴിയുക...

''വീണ്ടും,  യേശുവിനോടുകൂടി വസിക്കുകയാണ് കുടുംബാംഗമായിരിക്കുക എന്നത്. സ്നാപകയോഹന്നാന്‍ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, 'ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്' എന്നു പറഞ്ഞപ്പോള്‍, ആ ശിഷ്യന്മാര്‍ പോയി, അവനോടു കൂടി വസിച്ചു. യേശുവിനോടുള്ള അടുപ്പം കാത്തുസൂക്ഷിക്കുക.  അവന്‍റെ കുടുംബത്തിലെ അംഗമാണെന്നുള്ള അനുഭവത്തിലായിരിക്കുക.  കര്‍ത്താവിന്‍റെ കുടുംബാംഗങ്ങളായിരിക്കുക എന്നതിന്‍റെ അര്‍ഥം മനസ്സിലാക്കാനുള്ള കൃ പയ്ക്കായി, അത് അവിടുന്നു നമുക്കേവര്‍ക്കും നല്‍കേണ്ടതിനായി നമുക്കു യാചിക്കാം'' എന്ന വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്. 








All the contents on this site are copyrighted ©.