2017-09-25 12:52:00

അജയ്യ മാനവചേതനയ്ക്ക് ഉപരി സാക്ഷ്യമേകുക-മാര്‍പ്പാപ്പാ


ഏതൊരു വെല്ലിവിളിയെയും നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടെ നേരിടാന്‍ പ്രാപ്തമായ അജയ്യ മാനവചേതനയ്ക്ക് ഉപരി സാക്ഷ്യമേകാന്‍ മാര്‍പ്പാപ്പാ “ഇന്‍വിക്തൂസ് ഗെയിംസ്” (INVICTUS GAMES) എന്ന പാരൊളിമ്പിക് കായികമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രചോദനം പകരുന്നു.

കാനഡയിലെ ടോറന്‍റൊ പട്ടണത്തില്‍ നടന്നുവരുന്ന ഈ മത്സരത്തോടനുബന്ധിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് ടോറന്‍റൊ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ തോമസ് കോള്ളിന്‍സിനയച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.

രാഷ്ട്രങ്ങള്‍ തമ്മിലും സംസ്കാരങ്ങള്‍ തമ്മിലും, മതങ്ങള്‍ തമ്മിലുമുള്ള ഫലദായകസമാഗമം പരിപോഷിപ്പിക്കാന്‍ ഈ കായികമത്സരങ്ങള്‍ക്ക് കഴിയുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ജനതകള്‍ തമ്മിലുള്ള ഐക്യത്തിന്‍റെയും മാനവജീവിതാന്തസ്സിന്‍റെയും  ഒരടയാളമായി “ഇന്‍വിക്തൂസ് ഗെയിംസ്” മാറട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

സ്വന്തം നാടിനും അഖില മാനവ കുടുംബത്തിനും വേണ്ടി സമാധാനം പരിപോഷിപ്പിക്കുന്നതിന് സൈനികരായ കായികതാരങ്ങള്‍ അനുഷ്ഠിച്ച മഹാത്യഗങ്ങള്‍ പാപ്പാ അഗാധമായ കൃതജ്ഞതയോടെ അനുസ്മരിക്കുകയും ചെയ്യുന്നു.

ദൗത്യനിര്‍വ്വഹണത്തിനിടയില്‍ സ്ഥായിയായ അംഗവൈകല്യം സംഭവിച്ച സൈനികര്‍ക്ക് പ്രത്യേകം സമര്‍പ്പിതമാണ് ഇക്കൊല്ലത്തെ (2017) “ഇന്‍വിക്തൂസ് ഗെയിസ്”. ഇത്തവണത്തെ ഈ പാരൊളിമ്പിക്സില്‍ 17 രാജ്യക്കാരായ 550 കായികതാരങ്ങള്‍ 12 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നു.

ഈ മത്സരത്തിനോടനുബന്ധിച്ചുള്ള പാപ്പായുടെ സന്ദേശം സെപ്റ്റംബര്‍ 19ന് ടോറൊന്‍റൊയില്‍, വിശുദ്ധ യാക്കോബിന്‍റെ നാമത്തിലുള്ള കത്തീദ്രലി‍ല്‍, കൈസ്തവ, യഹൂദ, ഇസ്ലാം, ബുദ്ധ, ഹിന്ദുമതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വായിക്കപ്പെട്ടു.

വെയില്‍സിന്‍റെ രാജകുമാരന്‍ ഹെന്‍ട്രി ചാള്‍സ് ആല്‍ബെര്‍ട്ട് ഡേവിഡ് (Henry Charles Albert David) അഥവാ, പ്രിന്‍സ് ഹാരി 2014 ലാണ്, അംഗവൈകല്യം സംഭവിച്ചവരോ മുറിവേറ്റവരോ, രോഗികളോ ആയ സൈനികര്‍ക്കായി, ഈ കായികമത്സരം ഏര്‍പ്പെടുത്തിയത്.

ലണ്ടനില്‍ ക്യൂന്‍ എലിസബത്ത് ഒളിമ്പിക്ക് പാര്‍ക്കില്‍ 2014 മാര്‍ച്ചിലായിരുന്നു ഇതിന്‍റെ  തുടക്കം. 2016 ല്‍  അമേരിക്കന്‍ ഐക്യനാടുകളിലെ ഫ്ലോറിഡയില്‍  രണ്ടാം   “ഇന്‍വിക്തൂസ് ഗെയിസ്” അരങ്ങേറി. ഇക്കൊല്ലത്തേത് മൂന്നാം  “ഇന്‍വിക്തൂസ് ഗെയിംസ്” ആണ്.

ഈ മാസം 23 മുതല്‍ 30  (23-30/09/17) വരെയാണ് ഈ കായികമാമാങ്കം.

 








All the contents on this site are copyrighted ©.