2017-09-22 15:57:00

''സഭ എല്ലാക്കാലവും അപരരോടു തുറവിയുള്ളവള്‍'': ഫ്രാന്‍സീസ് പാപ്പാ


 

യൂറോപ്യന്‍ മെത്രാന്‍മാരുടെ സമിതിയുടെ കുടിയേറ്റക്കാരുടെ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിന്‍റെ (CCEE) നേതൃത്വത്തില്‍ സംഘടിപ്പിച്ച  ദേശീയ ഡയറക്ടര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ. വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍, സെപ്തംബര്‍ 22-ാംതീയതി മധ്യാഹ്നത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, കുടിയേറ്റ ക്കാരോടു തുറവിയുള്ള മനോഭാവം തുടരുന്നതിന് പാപ്പാ അവരെ ആഹ്വാനം ചെയ്തു. 

യൂറോപ്പിന്‍റെ വാതിലുകളില്‍ മുട്ടിവിളിക്കുന്ന അഭയാര്‍ഥികളായ സഹോദരീസഹോദരന്മാരുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി  ഈ കൗണ്‍സില്‍ ഇക്കാലഘട്ടത്തില്‍ നടത്തിയ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ടാരംഭിച്ച സന്ദേശത്തില്‍, സഭ ഇക്കാര്യത്തിലുള്ള അവളുടെ ദൗത്യം വിശ്വസ്തതയോടെ തുടരുന്നതിനാഗ്രഹിക്കുന്നു എന്നു പാപ്പാ വ്യക്തമാക്കി.

സഭ യേശുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് പ്രത്യേകമായി പാവപ്പെട്ടവരിലും പരിത്യക്തരിലുമാണ്.  തീര്‍ച്ചയായും കുടിയേറ്റക്കാരും അഭയാര്‍ഥികളും അവരിലുള്‍പ്പെടുന്നവര്‍ തന്നെ (2015-ലെ ആഗോള കുടിയേറ്റദിനത്തിലെ സന്ദേശം) എന്ന തന്‍റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു.

''ഈ സഹോദരീസഹോദരന്മാരുടെ നേര്‍ക്കുള്ള സഭയുടെ മാതൃസ്നേഹം, അവരുടെ കുടിയേറ്റ അനുഭവങ്ങളില്‍, അവരുടെ യാത്ര തുടങ്ങുന്നതുമുതല്‍, അവര്‍ എത്തിച്ചേരുന്നതുവരെയും അവര്‍ തിരിച്ചെത്തുന്നതുവരെയും പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകേണ്ടതുണ്ട്...  സഞ്ചാരത്തിലായിരിക്കുന്ന ഇവരില്‍ കര്‍ത്താവിനെ തിരിച്ചറിയുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ സഭകളെല്ലാം ഒന്നിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുക ആവശ്യമാണ്...''

ഇക്കാര്യത്തില്‍, സ്വദേശത്തിന്‍റെ തനിമയും സംസ്ക്കാരവും നഷ്ടപ്പെടുമെന്നുള്ള ഭയം ഒരിക്കലും ഉണ്ടാകരുതെന്നും, കത്തോലിക്കാ സമൂഹം പോലും ഈ ഭയത്തില്‍ നിന്നു വിമുക്തരല്ലെന്നത് സങ്കടകരമാണെന്നും പാപ്പാ പറഞ്ഞു. ''ഇക്കാര്യത്തിലുള്ള നിങ്ങളുടെ പരിചിന്തനങ്ങളും പ്രവര്‍ത്തനങ്ങളും ഐക്യത്തില്‍ നിര്‍വഹിക്കുക എന്നതാണ് നിങ്ങളുടെ ശക്തി.  നിങ്ങള്‍ തനിയെ ആയിരിക്കുമ്പോള്‍ തടസ്സങ്ങള്‍ വലുതെന്നു തോന്നും''. അവരുടെ സമയോചിതമായ ഇടപെടലിനു വീണ്ടും നന്ദി പറഞ്ഞുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതെന്നപേക്ഷിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്. 








All the contents on this site are copyrighted ©.