2017-09-13 16:34:00

കൂരിയനവീകരണം: ഒന്‍പതംഗ കര്‍ദിനാള്‍സംഘത്തിന്‍റെ ​21-ാമതു സമ്മേളനം


സെപ്തംബര്‍ 11 മുതല്‍ 13 വരെ, ഒന്‍പതു പേരുള്‍പ്പെടുന്ന പാപ്പായുടെ പ്രത്യേക കര്‍ദിനാള്‍ സംഘം വത്തിക്കാന്‍ കൂരിയ നവീകരണത്തോടു ബന്ധപ്പെട്ട ചര്‍ച്ചകളുമായി സമ്മേളിച്ചതിന്‍റെ  റിപ്പോര്‍ട്ട് സംക്ഷേപം വത്തിക്കാന്‍ മാധ്യമകാര്യാലയം പ്രസിദ്ധപ്പെടുത്തി.

ഈ  ഇരുപത്തൊന്നാമത് സമ്മേളനത്തില്‍, കര്‍ദിനാള്‍ ജോര്‍ജ് പെല്‍, കര്‍ദിനാള്‍ ലൗറെ പസീന്യ എന്നിവരൊഴികെയുള്ളവര്‍ പങ്കെടുത്തു.  ആദ്യദിവസത്തെ സമ്മേളനത്തില്‍ കൊളൊംബിയന്‍ പര്യടനത്തിലായിരുന്നതിനാലും, അവസാനദിവസമായ ബുധനാഴ്ചയില്‍ പൊതുകൂടിക്കാഴ്ചയായതിനാലും ഫ്രാന്‍സീസ് പാപ്പാ പങ്കെടുത്തില്ല.  രാവിലെ ഒന്‍പതുമുതല്‍ പന്ത്രണ്ടരവരെയും ഉച്ചകഴിഞ്ഞ് നാലരമുതല്‍ ഏഴുവരെയും  നടന്നിരുന്ന ഈ ത്രിദിനസമ്മേളനം പാപ്പായുടെ കൂരിയ നവീകരണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  

ചര്‍ച്ചയില്‍ വന്ന പ്രധാനപ്രമേയങ്ങള്‍ കൂരിയ: സുവിശേഷപ്രഘോഷണത്തിനും  പ്രാദേശികസഭകള്‍ക്കുവേണ്ടിയുള്ള പാപ്പായുടെ ശുശ്രൂഷയ്ക്കും വേണ്ടി,  അധികാരവികേന്ദ്രീകരണം, അപ്പസ്തോലിക് ന്യുണ്‍ഷ്യേച്ചറിയുടെ ദൗത്യം,  വത്തിക്കാന്‍റെ ഔദ്യോഗികാംഗങ്ങളില്‍, യുവജനങ്ങളുടെയും  അന്തര്‍ദേശീയ പ്രാതിനിധ്യത്തിന്‍റെയും വര്‍ധന എന്നിവയാണ്.  ഒന്‍പതംഗ കര്‍ദിനാള്‍ സംഘത്തിന്‍റെ അടുത്ത മീറ്റിംഗ് ഡിസംബര്‍ 11-13 തീയതികളിലാണ്. 
All the contents on this site are copyrighted ©.