2017-09-09 12:51:00

ഭൂകമ്പ-ചുഴലിക്കാറ്റ് ദുരന്തബാധിതരെ മാര്‍പ്പാപ്പാ അനുസ്മരിക്കുന്നു


മെക്സിക്കോയില്‍ വ്യാഴാഴ്ച(07/09/17/) രാത്രിയുണ്ടായ അതിശക്തമായ ഭൂകമ്പത്തിന്‍റെയും കരീബിയന്‍ പ്രദേശത്ത് കനത്ത നാശംവിതച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിന്‍റെയും യാതനകളനുഭവിക്കുന്ന ജനങ്ങളോടുള്ള തന്‍റെ സാമീപ്യം പാപ്പാ അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

തെക്കെ അമേരിക്കന്‍ നാടായ കൊളൊംബിയായില്‍ ഇടയസന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (08/09/17) വില്ലവിസേന്‍സിയൊയില്‍ ഹെസൂസ് എമീല്യൊ ഹരമീല്ലൊ മൊണ്‍സാല്‍വെ എന്ന മെത്രാനെയും പേദ്രൊ മരീയ റമീരെത്സ റാമോസ് എന്ന വൈദികനെയും വാഴ്‍ത്തപ്പെട്ടവരായി പ്രഖ്യാപിച്ച വിശുദ്ധകുര്‍ബ്ബാനയയുടെ  സമാപനാശീര്‍വ്വാദത്തിനു മുമ്പാണ് പ്രകൃതിദുരന്തങ്ങളുടെ   കെടുതികള്‍ അനുഭവിക്കുന്ന ഈ ജനങ്ങളെ ഓര്‍മ്മിച്ചത്.

മെക്സിക്കോയില്‍ അനേകരുടെ ജീവനപഹരിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത ഭൂകമ്പത്തിന്‍റെ ഫലമായ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ ചാരെ താന്‍ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് വെളിപ്പെടുത്തിയ പാപ്പാ മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കി.

ജീവനപഹരിക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തുകൊണ്ടു കരീബിയന്‍ പ്രദേശത്ത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിന്‍റെ കെടുതികള്‍ അനുഭവിക്കുന്നരെയും താന്‍ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

ഭൂകമ്പത്തിന്‍റെ തോതളക്കുന്ന റിച്ടെര്‍മാപനിയില്‍ 8.1 രേഖപ്പെടുത്തിയ മെക്സിക്കൊയിലുണ്ടായ ഭൂമികുലുക്കത്തില്‍ അറുപതിലേറെപ്പേര്‍ മരണമടയുകയും ഇരുനൂറിലേറേപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ടബാസ്കൊ, ഓക്സാക്ക, ചാപ്പാസ് എന്നിവിടങ്ങളെയാണ് ഈ ഭൂകമ്പം കൂടുതലായി ബാധിച്ചിട്ടുള്ളത്.

1985 ല്‍ മെക്സിക്കോയിലുണ്ടായ ഭൂകമ്പം 40000ത്തിലേറെപ്പേരുടെ ജീവന്‍ അപഹരിച്ചിരുന്നു.  








All the contents on this site are copyrighted ©.