2017-09-08 17:20:00

''ഫാത്തിമ-സന്ദേശം ഇന്നും പ്രസക്തം'': ആര്‍ച്ചുബിഷപ്പ് ഔസ്സ


''സമാധാന സംസ്ക്കാരം'' എന്ന വിഷയത്തെ ആധാരമാക്കി നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതലഫോറത്തില്‍, സെപ്തംബര്‍ ഏഴാംതീയതി ന്യൂയോര്‍ക്കില്‍ വച്ചു, ''കുട്ടികളും സമാധാനത്തിന്‍റെ സംസ്ക്കാരവും'' എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസ്സ.

 ''പോര്‍ച്ചുഗലിലെ ഫാത്തിമയിലുണ്ടായ, പരിശുദ്ധ നാഥയുടെ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദി ആചരിക്കുന്ന ഈവേള, പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ചിടത്തോളം, കുട്ടികളും സമാധാനത്തിന്‍റെ സംസ്ക്കാരവും എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതിന് ഏറ്റവും ഉചിതമായ സമയമാണ്.  രക്തച്ചൊരിച്ചിലിന്‍റെ ആക്രോശമുയര്‍ന്ന മഹായുദ്ധകാലത്ത്, ഫാത്തിമ സന്ദേശം സമാധാനത്തിനുവേണ്ടിയുള്ള ഒന്നായിരുന്നു. ആ സന്ദേശം ഭരമേല്‍പ്പിച്ചതു കുട്ടികളെയായിരുന്നു, ഏഴും ഒന്‍പതും പത്തും വയസ്സുള്ള മൂന്നു കുട്ടികളെ...''

''ഈ സന്ദേശം ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമാണ്'' എന്നു പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം, ഇന്നത്തെ, ''അക്രമങ്ങളുടെ, സംഘട്ടനത്തിന്‍റെ, ഭീകരതയുടെ, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന കഠിനദാരിദ്ര്യത്തിന്‍റെ ഇടയില്‍ ഞെരുങ്ങുന്ന സമാധാനയത്നങ്ങള്‍ക്കിടയില്‍''  ഈ സന്ദേശം കേള്‍ക്കപ്പെടുന്നതിനായി നിലവിളിക്കുകയാണ് എന്ന് ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളെ ആവര്‍ത്തിച്ചു.  സമാധാന പൂര്‍ണമായ ഭാവിക്ക്, കുട്ടികളില്‍ സമാധാനത്തിന്‍റെ ഒരു സാംസ്ക്കാരികത വളര്‍ത്തുക എന്ന് ഊന്നിപ്പറഞ്ഞ ആര്‍ച്ചുബിഷപ്പ്, അതിനായി, അനന്യത നഷ്ടപ്പെടുത്താത്ത, പരസ്പരാദരവും പരസ്പരശ്രവണവും ദൃഢൈക്യവും ഉള്‍ക്കൊള്ളുന്ന സമാഗമത്തിന്‍റെ ഒരു സംസ്ക്കാരം കുട്ടികളെ പരിശീലിപ്പിക്കുക എന്നത് സുപ്രധാനമാണെന്നു ചൂണ്ടിക്കാട്ടി.

''മനുഷ്യവ്യക്തിയെയും വ്യക്തിമഹത്വത്തെയും കുറിച്ചുമുള്ള സാകല്യവീക്ഷണം ഇതിനുള്ള അവശ്യവ്യവസ്ഥയാണെന്നും, അതിനാല്‍ത്തന്നെ അനീതിയ്ക്കെതിരായുള്ള പ്രവര്‍ത്തനം അതു വ്യഞ്ജിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും ഒരു സംസ്ക്കാരം പുഷ്ടിപ്പെടുത്തുക എന്നത് സമാധാനസംസ്ക്കാരത്തിന് അടിത്തറയേകുമെന്നും പഴയ മുറിവുകളില്‍ നിന്ന് ഇന്നും നാളെയും വീണ്ടും രക്തമൊലിക്കാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ധൈര്യം നമുക്കാവശ്യമാണ്. നിരായുധീകരണത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ഇത്തരുണത്തില്‍ പരമപ്രധാനമാണ്''.

ഐക്യരാഷ്ട്രസംഘടന ഒരു ഭരണകാര്യസംഘടന എന്നതിനെക്കാള്‍ ഒരു ലോകരാഷ്ട്രങ്ങളുടെ കുടുംബമെന്ന നിലയിലുള്ള ഒരു ധാര്‍മികകേന്ദ്രമായി മാറണം എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ടും (UN Assemby, 1995), ‘‘സമാധാനം, അതൊരു സമ്മാനമാണ്, വെല്ലുവിളിയാണ്, പ്രതിബദ്ധതയാണ്...’’ എന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുമാണ് ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.  
All the contents on this site are copyrighted ©.