2017-09-04 10:03:00

സഭയുടെ ആരാധനക്രമ നവീകരണം പിന്‍വലിക്കാനാവാത്തത്...!


ഇറ്റലിയുടെ 68-Ɔമത് ദേശീയ ആരാധനക്രമ വാരാചരണത്തില്‍ നല്കിയ പ്രഭാഷണത്തിന്‍റെ സമ്പൂര്‍ണ്ണരൂപം - പരിഭാഷയും ശബ്ദരേഖയും. 

ആരാധനക്രമത്തെ സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണം  :

1. ആരാധനക്രമപഠനം അനിവാര്യം    ആരാധനക്രമ നവീകരണത്തിനും അതിന്‍റെ ചിട്ടകള്‍ പഠിപ്പിക്കുന്നതിനുമായി ഇറ്റലിയില്‍ ദേശിയ തലത്തില്‍, രൂപതകള്‍തോറും എല്ലാവര്‍ഷവും ‘ആരാധനക്രമവാരം’ സംഘടിപ്പിക്കപ്പെടുന്നു. ഇതര ദേശീയ പ്രാദേശിക സഭകള്‍ക്ക് മാതൃകയാക്കാവുന്നതാണിത്. ഇത്തവണ ഇറ്റലിയില്‍ ആഗസ്റ്റ് മാസത്തിലെ സ്കൂള്‍ അവധിക്കാലത്താണ് ഇടവകകള്‍തോറും ദേശീയതലത്തില്‍ നടത്തപ്പെടുന്ന ആരാധനക്രമവാരത്തിന്‍റെ  68-Ɔ൦ പതിപ്പ് ഇക്കുറി ആചരിക്കപ്പെട്ടു. ദേശീയ ആരാധനക്രമ കേന്ദ്രവും (National Liturgical Center of Itlay)  ദിവ്യഗുരുവിന്‍റെ ശരണദാസികള്‍ (Pious Disciples of the Divine Master) എന്ന പേരില്‍ ആരാധനക്രമത്തിനായി സമര്‍പ്പിതരായിട്ടുള്ള സന്ന്യാസിനീ സമൂഹവും സംയുക്തമായിട്ടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം അനുവര്‍ഷം ഇറ്റലിയില്‍ ആരാധനക്രമവാരം ദേശീയതലത്തില്‍ സംഘടിപ്പിച്ചു പോരുന്നത്.  2017 ആഗസ്റ്റ് 24-Ɔ൦ തിയതി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഗമിച്ച ആരാധനക്രമ ശുശ്രൂഷയ്ക്കുള്ള (National Liturgical Convention) എണ്ണൂറില്‍ അധികം പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ആരാധനക്രമസംബന്ധിയായ വീക്ഷണം ശ്രദ്ധിക്കാം. 

2. നവീകരണവും അപഭ്രംശങ്ങളും
സഭാചരിത്രത്തില്‍, വിശിഷ്യാ ആരാധനക്രമചരിത്രത്തില്‍ ഉപരിപ്ലവമല്ലാത്തതും എന്നാല്‍ സ്ഥായീഭാവമുള്ളതുമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ള ഒരു കാലഘട്ടമാണിത്. പ്രാദേശിക ഭാഷകളിലേയ്ക്ക് ആരാധനക്രമം പരിഭാഷപ്പെടുത്തുന്നതിനുള്ള അനുമതി നല്കിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മറക്കാനാവാത്ത ഒരു ചരിത്രസംഭവമാണ്. അതുപോലെ അതിനെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതുതന്നെ! രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും അതില്‍നിന്നും ഉത്ഭവിച്ച നവീകരണവും - രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്. എന്നാല്‍ രണ്ടും പെട്ടന്നു മുളപൊട്ടിയതല്ല, മറിച്ച് നീണ്ട കാലയളവന്‍റെ ഒരുക്കങ്ങളുടെ പരിണിത ഫലമാണ്. വിവിധ കാലഘട്ടങ്ങളില്‍ സഭാതലവന്മാര്‍ ശ്രദ്ധിച്ചിട്ടുള്ള ആരാധനക്രമ രീതികളുടെ നടത്തിപ്പില്‍ വന്നിട്ടുള്ള അപഭ്രംശങ്ങളുടെ വെളിച്ചത്തിലാണ് നവീകരണപദ്ധതികള്‍ക്ക് ആധുനികകാലത്തെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തുടക്കമിട്ടത്. 

വിശുദ്ധനായ 10-Ɔ൦ പിയൂസ് പാപ്പായുടെ കാലത്ത് സഭയുടെ ആരാധനക്രമ സംഗീതവും ഞായറാഴ്ചകളിലെ ആരാധനക്രമ ആഘോഷങ്ങളും നവീകരിക്കപ്പെട്ടു. അത് 1903-1914 കാലഘട്ടത്തിലായിരുന്നു. കാലക്രമത്തിന്‍റെ തുരുമ്പുപോലെ സഭയുടെ ആരാധനക്രമത്തില്‍ അടിഞ്ഞുകൂടുന്ന ക്രമക്കേടുകള്‍ തിരുത്താന്‍വേണ്ടിയാണ് നവീകരണം നടത്തപ്പെട്ടതെന്ന് വിശുദ്ധനായ പാപ്പാതന്നെ പ്രസ്താവിച്ചിട്ടുണ്ട്. തുടര്‍ന്ന് പന്ത്രണ്ടാം പിയൂസ് പാപ്പയുടെ കാലത്താണ്, ‘ദൈവിക മാദ്ധ്യസ്ഥ്യം’ (Mediator Dei) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ സഭയിലെ യാമപ്രാര്‍ത്ഥനയുടെ നവീകരണവും, ഒപ്പം ദിവ്യകാരുണ്യനോമ്പ്, വിശുദ്ധവാരം എന്നിവയുടെ കാലികമായ പരിഷ്ക്കരണങ്ങളും നടപ്പില്‍ വരുത്തിയത്. അത് 1939-1958 കാലഘട്ടത്തിലായിരുന്നു. ഇത്രയും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു തൊട്ടുമുന്‍പുള്ള ആരാധനക്രമത്തിന്‍റെ ഹ്രസ്വമായ ചരിത്രമെന്നു പറയാം.

3. പ്രസക്തമായ കൗണ്‍സില്‍ പ്രബോധനങ്ങള്‍     ആധുനികകാലത്തെ സഭയുടെ ആരാധനക്രമ നവീകരണം വ്യക്തമായി വെളിപ്പെടുത്തപ്പെടുന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിലും ‘ ആരാധനക്രമം’ (Sacrosanctum Concilium) എന്ന  അതിന്‍റെ ശ്രദ്ധേയമായ പ്രമാണരേഖയിലൂടെയുമാണ്. ഇതു നല്കുന്ന നവീകരണരേഖകള്‍ കാലത്തിന്‍റെ യഥാര്‍ത്ഥമായ ആരാധനക്രമപരമായ ആവശ്യങ്ങളെയും ജനങ്ങളുടെ വിശ്വാസപരമായ വളര്‍ച്ചയെയും സഹായിക്കുന്നതാണ്. അത് പ്രാര്‍ത്ഥനാരീതികളെ മെച്ചപ്പെടുത്തിയ, പ്രത്യാശപകര്‍ന്ന പ്രായോഗിക നവീകരണ പദ്ധതിയായിരുന്നു. ദൈവികരഹസ്യങ്ങളുടെ ഉണര്‍വ്വും ജനപങ്കാളിത്തമുള്ള ആഘോഷങ്ങളുമായിട്ടാണ് കൗണ്‍സില്‍ ആരാധനക്രമത്തെ ഈ പ്രമാണരേഖയില്‍ ആസൂത്രണംചെയ്തിട്ടുള്ളത്. ആരാധനക്രമപരിപാടികളില്‍ വിശ്വാസികള്‍ മൂകരായി നില്ക്കാതെ, അവരവരുടെ ഭാഷകളില്‍ പ്രാര്‍ത്ഥിക്കുകയും പ്രഘോഷിക്കുയും വേണമെന്നത്  ഈ പ്രമാണരേഖയുടെ ശ്രദ്ധേയമായ നിര്‍ദ്ദേശമാണ് (S.C. 48). ആഗോളസഭയില്‍ പ്രദേശികവത്ക്കരണത്തിന്‍റെ അല്ലെങ്കില്‍ തദ്ദേശവത്ക്കരണത്തിന്‍റെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച പ്രമാണരേഖ ഇന്നും ഇതുതന്നെയാണ്.

4.  നവീകരണത്തിന്‍റെ പ്രയോക്താവ് പോള്‍ ആറാമന്‍ പാപ്പാ    
സഭയുടെ നവമായ ഈ പ്രബോധനം ദൈവജനത്തിന്‍റെ ആത്മീയവളര്‍ച്ചയ്ക്ക് വര്‍ദ്ധിച്ച പ്രചോദനം നല്കുമെന്നാണ്, അന്നു നവീകരണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുള്ളത്. സൂനഹദോസിന്‍റെ നവീകരണ പദ്ധതികള്‍ക്കൊത്ത് ദേശീയ മെത്രാന്‍സമിതികളും പ്രാദേശികസഭാ നേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ആരാധനക്രമ നവീകരണത്തിനുള്ള പദ്ധതികള്‍ 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് യാഥാര്‍ത്ഥ്യമാക്കപ്പെടുകയുംചെയ്തു. എന്നാല്‍ വിവിധ ഭാഷകളിലുള്ള സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ തയ്യാറാക്കിയതുകൊണ്ട് എല്ലാമായില്ല! മറിച്ച് വിശ്വാസികളുടെ മനോഭാവമാണ് അതിനൊത്ത് രൂപപ്പെടേണ്ടത്. സഭയുടെ നവീകരണത്തോടുള്ള തുറവ്, വിധേയത്വം, വളരെ ബുദ്ധിപൂര്‍വ്വകവും സത്യസന്ധവുമായ പങ്കാളിത്തം എന്നിവ പ്രധാനപ്പെട്ടതാണ്.  പ്രത്യേകിച്ച് കാര്‍മ്മികരുടെയും, ഗായകസംഘത്തിന്‍റെയും, അതുപോലെ മറ്റു പരികര്‍മ്മികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ സഹകരണവും വളര്‍ച്ചയും നവീകരണത്തിന്‍റെ അടിസ്ഥാന ലക്ഷ്യമാണ്. അതിനാല്‍ ശരിയായ ആരാധനക്രമ രൂപീകരണം മുന്‍കാലങ്ങളില്‍ എന്നതുപോലെ തന്നെ ഇന്നും സഭയുടെ വെല്ലുവിളിയാണ്.

5.  അടിഞ്ഞുകൂടുന്ന  ക്രമക്കേടുകള്‍    നവീകരണത്തിന് തിരിതിളിച്ച പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പാ തന്‍റെ മരണത്തിനു തൊട്ടുമുപു വിളിച്ചുകൂട്ടിയ കര്‍ദ്ദിനാള്‍ സംഘത്തോട് ആരാധനക്രമത്തെ അലങ്കോലപ്പെടുത്തുന്ന വിധത്തില്‍ അടിഞ്ഞുകൂടുന്ന കലക്കല്‍ അല്ലെങ്കില്‍ ക്രമക്കേടുകളെപ്പറ്റി പറയുന്നുണ്ട്.  ദൈവികരഹസ്യങ്ങളുടെ ആഘോഷങ്ങളിലേയ്ക്കും തിരുവചനത്തിന്‍റെ പ്രകാശപൂര്‍ണ്ണിമയിലേയ്ക്കും വിശ്വാസികളെ അടുപ്പിക്കുന്നതിനും, അതില്‍ ബോധപൂര്‍വ്വം പങ്കെടുത്ത് പ്രത്യുത്തരിക്കുന്നതിനുമുള്ള സാദ്ധ്യതകള്‍ ആരാധനക്രമ നവീകരണം നല്ക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗവും, അത് കാരണമാക്കുന്ന ക്രമക്കേടുകളും സഭയുടെ പ്രചോദനാത്മകമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി തിരുത്തേണ്ടതാണെന്ന് പുണ്യാത്മാവായ പോള്‍ ആറാമന്‍ പാപ്പാ 1977-ല്‍ ആവശ്യപ്പെടുകയുണ്ടായി (Teachings of Paul VI Pope, XV 29, June 1977).

6.  പിന്‍വലിക്കാനാവാത്ത നവീകരണം അതിനാല്‍...        
ആരാധനക്രമ നവീകരണത്തിന്‍റെ വളരെ ഉപരിപ്ലവവും അടിസ്ഥാനരഹിതവുമായ രീതികള്‍ ഇന്ന് വിവിധ സഭാപ്രവിശ്യകളിലും സമൂഹങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ സഭ നല്കുന്ന നവീകരണ നിര്‍ദ്ദേശങ്ങളും രൂപരേഖകളും, പ്രത്യേകിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമസംബന്ധിയായ പ്രമാണരേഖ (Sacrosanctum Concilium) ക്ഷമയോടെ ഇനിയും പഠിച്ചും മനസ്സിലാക്കിയും നവീകരണത്തില്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്താന്‍ സമൂഹങ്ങളും ഉത്തരവാദിത്ത്വപ്പെട്ടവരും എളിമയും തുറവും വിവേകവും കാണിക്കേണ്ടതാണ്.  ആരാധനക്രമത്തിന്‍റെ ചരിത്രപരവും പ്രചോദനാത്മകവുമായ രേഖകളും, ദൈവശാസ്ത്രപരമായ ആന്തരിക തത്വങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മനസ്സിലാക്കി സഭ അനുശാസിക്കുന്ന ആരാധനക്രമ ചിട്ടകളും ശിക്ഷണവും (discipline) നടപ്പിലാക്കേണ്ടതാണ്. ഇതു സംബന്ധിച്ച് വിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരുകാര്യം സഭയുടെ ആരാധനക്രമജീവിതത്തിന്‍റെ നീണ്ടയാത്രയില്‍ അതിന്‍റെ നവീകരണങ്ങള്‍ തിരിച്ചെടുക്കാനാവാത്തതാണ്. അതായത് പിന്‍വലിക്കാനോ റദ്ദുചെയ്യാനോ സാധിക്കാത്തവയാണ്. എന്നാല്‍ അത് തെറ്റായും വിശ്വസ്തമല്ലാതെയും തുടര്‍ന്നാല്‍ പ്രാദേശീക സമൂഹങ്ങള്‍ തിരുത്താനാവാത്ത ആരാധനക്രമക്കേടുകളില്‍ തുടരാന്‍ ഇടവരും.

7.  ആരാധനക്രമം ജീവന്‍റെ പ്രതീകം   സജീവമായ ആരാധനക്രമം സഭയുടെ ജീവന്‍റെ അടയാളമാണ്. അത് ജീവിക്കുന്ന സഭയാണ്. തന്‍റെ മരണത്താല്‍ മരണത്തെ കീഴ്പ്പെടുത്തുകയും  പുനരുത്ഥാനത്താല്‍ മനുഷ്യജീവതങ്ങളെ പുനരുത്ഥരിക്കുകയുംചെയ്ത ക്രിസ്തുവിന്‍റെ സജീവസാന്നിദ്ധ്യമാണ് ആരാധനക്രമത്തില്‍ അനുഷ്ഠിക്കുന്നതും ആവര്‍ത്തിക്കുന്നതും. ക്രിസ്തുവിന്‍റെ മൗതികരഹസ്യത്തിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യമില്ലാതെ ആരാധനക്രമം ഒരിക്കലും സജീവമോ, ഊര്‍ജ്ജസ്വലമോ ആവുകയില്ല. ഹൃദയസ്പന്ദനമില്ലാതെ മനുഷ്യന് ജീവനുണ്ടാകില്ലല്ലോ! അതുപോലെ ക്രിസ്തുവിന്‍റെ സ്പന്ദിക്കുന്ന ഹൃദയമില്ലാതെ ആരാധനക്രമം ഒരിക്കലും സജീവമാവുകയില്ല. കുരിശില്‍ സ്വയാര്‍പ്പണംചെയ്ത അവിടുന്ന് കൗദാശികമായ ആരാധനക്രമ ശുശ്രൂഷയിലെ പരിത്യാഗത്തിന്‍റെ ബലിവസ്തുവായിത്തീരുന്നു. വചനത്തിലും മറ്റു കൂദാശകളിലും ക്രിസ്തു സന്നിഹിതനാണ്. അവിടുന്ന് കൂദാശകളിലെ അടയാളങ്ങളിലൂടെയും തിരുവചനത്തിലൂടെയും നമ്മോടു സംസാരിക്കുകയും നമ്മോടൊത്തു വസിക്കുകയുംചെയ്യുന്നു. അങ്ങനെ ക്രിസ്തു നമ്മുടെമദ്ധ്യേ ജീവിക്കുന്നു. അവിടുന്നു വാഗ്ദാനംചെയ്തിട്ടുണ്ട്, “എന്‍റെ നാമത്തില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ നിങ്ങളുടെമദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും” (മത്തായി 18, 20).

8.  ക്രിസ്തുകേന്ദ്രീകൃതമായ അള്‍ത്താരവേദി     അദൃശ്യമായ ദൈവികരഹസ്യങ്ങളുടെ ദൃശ്യമായ അടയാളമാണ് അള്‍ത്താരവേദി. അത് ജീവിക്കുന്ന ശിലയാകുന്ന ക്രിസ്തുവിന്‍റെ പ്രതീകമാണ്. മനുഷ്യരാല്‍ പരിത്യക്തനായിട്ടും ആത്മാവിലും സത്യത്തിലും അവിടുന്ന് നമുക്കായി ദൈവത്തിന്‍റെ സജീവ ബലിവസ്തുവായി (എഫേ. 2, 20). അതിനാല്‍ ആരതിയര്‍പ്പിക്കുകയും വണങ്ങപ്പെടുകയും ചുംബിക്കപ്പെടുകയും ചെയ്യുന്ന അള്‍ത്താരയിലും, അതിനു ചുറ്റുമാണ് ദൈവജനം ഒന്നായി സമ്മേളിക്കേണ്ടത്. ഇവിടെ ജനം ദൈവജനമാകുന്നു. അവിടെ ദൈവാരൂപി സന്നിവേശിക്കുന്നു. ക്രിസ്തുവിന്‍റെ പരമയാഗത്തിന്‍റെ കൂദാശ പരികര്‍മ്മംചെയ്യപ്പെടുന്നു. അവിടെ നമുക്കായി ജീവന്‍റെ അപ്പം പകുത്തു നല്കപ്പെടുന്നു, സ്വജീവന്‍ കുരിശില്‍ അര്‍പ്പണംചെയ്തപോലെ.., അള്‍ത്താരയില്‍ വിശ്വാസികള്‍ ക്രിസ്തുവില്‍  ഓരേ ശരീരവും ഓരേ ആത്മാവുമായിത്തീരുന്നു (EP III).

9.  ജനകീയമാകേണ്ട ആരാധനക്രമം    വിശ്വാസ സമൂഹത്തെ അതിന്‍റെ ശരിയായ ഘടനയില്‍ നിലനിര്‍ത്താനും, ദൈവനിവേശിതമായ രീതിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷയിലൂടെ വിശുദ്ധിയില്‍ വളര്‍ത്താനും ആരാധനക്രമം അനിവാര്യമാണ്. സഭാസമൂഹത്തിന്‍റെ ആകമാനം  ആത്മീയ ജീവിതസരണിയാണ്, അതിനാല്‍ ആരാധനക്രമം. അതുകൊണ്ട് അത് ജനകീയമാണ്,  ജനങ്ങളുടേതാണ്. നേതൃത്വംനല്കുന്ന വൈദികരുടെ മേല്ക്കോയ്മയായി മാറരുത് ആരാധനക്രമം! കാരണം സജീവമായ ആരാധനക്രമം ജീവിക്കുന്ന സഭയുടെ അടയാളമാണ്. ‘ലിത്തൂര്‍ജിയ’  (Liturgia-Liturgy) എന്ന ഗ്രീക്കു വാക്കിന്‍റെ അര്‍ത്ഥം വെളിപ്പെടുത്തുന്നത് അത് ദൈവജനത്തിന്‍റെ  ആരാധനയെന്നാണ്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളുടെ രീതിയും ഘടനയും  ഭാഷാശൈലിയും അത് ജനങ്ങളുടെ പ്രാര്‍ത്ഥനയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, വചനത്തിലൂടെ അവിടുത്തെ ശ്രവിക്കുകയും ചെയ്യുന്ന വിശ്വാസ സമൂഹത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് ആരാധനക്രമവും അതിന്‍റെ എല്ലാ രൂപഭാവങ്ങളും, അതിലെ ഓരോ വാക്കും പ്രവൃത്തിയും!

10.  ദൈവജനത്തിന്‍റെ കൂട്ടായ്മ   ആരാധനക്രമത്തിനായി ദൈവജനം ഒത്തുചേരുമ്പോള്‍ അവിടെ എല്ലാ വിഭാഗീയതകളുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നു. എല്ലാ പ്രായക്കാരും വംശക്കാരും ഭാഷക്കാരം തരക്കാരും അള്‍ത്താരവേദിയില്‍ ഒന്നായിത്തിരുന്നു. ചെറിയവരും വലിയവരും, പാവങ്ങളും സമ്പന്നരും, രോഗികളും ആരോഗ്യമുള്ളവരും, പാപികളും നീതിമാന്മാരും എല്ലാവരും ഒന്നാകുന്ന വേദിയാണത്. അനേക സഹസ്രം ആത്മാക്കള്‍ ദൈവസന്നിധേ ഒത്തുചേരുന്ന സ്വര്‍ഗ്ഗീയ വേദിയുടെ പ്രതീകമാണ് ആരാധനക്രമം (നടപടി 7, 9). അതിനാല്‍ സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ ആരാധനക്രമം ഒരാളുടെ ആഘോഷമല്ല, എല്ലാവരുടേതുമാണ്. അത് അനേകം വിശ്വാസികള്‍ ഒത്തുചേരുന്ന ക്രിസ്തുവിന്‍റെ മൗതിക ദേഹമാകലാണ്. അത് വിശുദ്ധവും വിശ്വസ്തവുമായ ദൈവജനത്തിന്‍റെ ഒത്തുചേരലാണ്. അതിനാല്‍ ജനപങ്കാളിത്തം തടസ്സപ്പെടുത്തുന്നതും, ജനങ്ങള്‍ക്ക് ഉതപ്പു നല്കുന്നതും, അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതുമായ ആരാധക്രമ ശൈലികള്‍ അപ്രസക്തമാണ്.  കാലക്രമത്തില്‍ സഭയില്‍ കടന്നുകൂടിയിട്ടുടള്ള ഈ മേഖലയിലെ ക്രമക്കേടുകള്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ എളിമയോടും വിശ്വാസബോധ്യത്തോടുംകൂടെ തിരുത്തേണ്ടതാണ്.

11.  ആത്മീയാനുഭവമാകേണ്ട ആരാധനക്രമം   ആരാധനക്രമം ഒരു ആശയമല്ല, അനുഭവമാണ്! നമ്മു‌ടെ ചിന്താഗതിയെയും പെരുമാറ്റരീതിയെയും മാറ്റിമറിക്കുകയും സമ്പന്നമാക്കുകയുംചെയ്യുന്ന ദൈവികാനുഭവത്തിന്‍റെ ധ്യാനാത്മകമായ അനുഭവമാണ്. ദൈവവും ഞാനും, ദൈവവും മനുഷ്യനും ഒന്നാകുന്ന കൂട്ടായ്മയുടെ പൂജ്യവേദിയാണത്. അത് ക്രിസ്തുവും സഭയും തമ്മിലുള്ള ഐക്യത്തിന്‍റെ അനുഭവമാണ്. അതിനാല്‍ പഠിച്ചെടുക്കേണ്ട തത്വസംഹിതയല്ല ആരാധനക്രമം, മറിച്ച് വിശ്വസ്തമായി മരണംവരെ ദൈവജനം ജീവിച്ചു പൂര്‍ത്തീകരിക്കേണ്ട അനുഷ്ഠാനവും ആത്മീയാനുഭവമാണ്. 

12.  ആരാധനക്രമം സാര്‍വ്വലൗകിക പ്രാര്‍ത്ഥനയാണ്.   സഭ ജീവിക്കുന്നത് ആരാധനക്രമം സജീവമാകുമ്പോഴാണ്. സഭ സഭയാകുന്നത് ഈ പൂജ്യവേദിയിലാണ്. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ ആരാധനക്രമത്തിനായി, അല്ലെങ്കില്‍ ബലിയര്‍പ്പണത്തിനായി വിശ്വാസികള്‍ ഒത്തുചേരുമ്പോഴാണ് സഭ യാഥാര്‍ത്ഥ്യമാകുന്നത്. ആരാധനക്രമത്തിന്‍റെ സജീവ സ്വഭാവം ക്രിസ്തുവില്‍ കേന്ദ്രീകൃതമാണ്. ക്രിസ്തുവില്‍ ഒന്നായി ദൈവജനം പ്രാര്‍ത്ഥിക്കുമ്പോഴാണ് സഭയുടെ ഈ സജീവഭാവം അനുഭവവേദ്യമാകുന്നത്. സഭയുടെ മാതൃത്വവും, പ്രേഷിതഭാവവും, സഹോദരങ്ങളിലേയ്ക്കും അയര്‍ക്കാരനിലേയ്ക്കും ഇറങ്ങിച്ചെല്ലുന്ന ഉപവിയുടെ തലവും വെളിപ്പെടുത്തപ്പെടുന്നത് ആരാധനക്രമത്തില്‍ത്തന്നെയാണ്. സഭയിലെ ദൈവാരാധനയുടെ ക്രിസ്തുഭാവം മറന്ന് ഭൗമിക താല്പര്യങ്ങള്‍ക്കും ലൗകികശക്തികള്‍ക്കും കീഴ്പ്പെടുമ്പോഴാണ് സഭ നിര്‍ജ്ജാവമാകുന്നത്. സഭ വന്ധ്യമാകുന്നതും ഫലശൂന്യമാകുന്നതും. 

13. ആരാധനയുടെ ആത്മീയ അമ്മയും പ്രേഷിതയും    വിശുദ്ധമായ ആരാധനക്രമാഘോഷങ്ങളുടെ മാതൃകയും മദ്ധ്യസ്ഥയുമാണ് യേശുവിന്‍റെ അമ്മ, പരിശുദ്ധ കന്യകാമറിയം. തന്‍റെ ആശകളും പ്രത്യാശകളും ദൈവത്തില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച നസ്രത്തിലെ മറിയം ക്രിസ്തുവില്‍ സന്ധിചേരുന്ന ശ്രേഷ്ഠമായ ആരാധനയുടെ സമ്പര്‍ണ്ണരൂപമാണ്. കൃപാപൂര്‍ണ്ണയും, ദൈവഹിതം തിരിച്ചറിഞ്ഞവളുമായ കന്യകാമറിയം രക്ഷയുടെ ചരിത്രത്തിലെ അനുപമയായ പ്രേഷിതയും സ്നേഹപ്രദീപവും മാനവകുലത്തിന് ആശാകേന്ദ്രവും നിത്യസഹായിനിയും മദ്ധ്യസ്ഥയുമാണ്. തന്‍റെ എളിയ ജീവിതത്തില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ച ശക്തനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന മറിയത്തിന്‍റെ സ്തോത്രഗീതം, “മാഞ്ഞീഫിക്കാത്ത്” (Magnificat) മനുഷ്യരുടെ അധരങ്ങളില്‍ ഉയരേണ്ട മനോഹരമായ സ്തുതിപ്പും സ്തോത്രവുമായി ഇന്നും രക്ഷയുടെ ചരിത്രത്തില്‍ പ്രതിധ്വിക്കുന്നു! 

14.  ക്രിസ്തുരഹസ്യത്തില്‍ ഒന്നാകുന്ന റീത്തുകള്‍’    സഭയുടെ സാര്‍വ്വലൗകികതയും ആഗോളവ്യാപ്തിയും വിസ്തൃതിയും ആരാധനക്രമത്തില്‍ സ്ഫുരിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ വിവിധ റീത്തുകളുടെ വൈവിദ്ധ്യം കത്തോലിക്കാ സഭ ഉള്‍ക്കൊള്ളുന്നു. ആരാധനക്രമരീതികളില്‍ ചരിത്രപരവും സാംക്കാരികവും ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ വ്യത്യാസങ്ങള്‍ നിലനിലക്കെ അത് സാര്‍വ്വത്രികവും ഒപ്പം ഏകവുമായ ക്രിസ്തുവിന്‍റെ സഭയുടെ പ്രാര്‍ത്ഥനായി നിലകൊള്ളുന്നു. വിവധ റീത്തുകളുടെ കൂട്ടായ്മ ലോകരക്ഷയ്ക്കായി പിതാവിനെ മഹത്വപ്പെടുത്തുകയും, പിതൃസ്നേഹം പ്രഘോഷിക്കുകയും ജീവിക്കുകയുംചെയ്യുന്ന സഭയുടെ ഐക്യവും സാഹോദര്യകൂട്ടായ്മയും ആരാധനക്രമത്തില്‍ പ്രതീകവത്ക്കരിക്കുകയും, പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

15.  പ്രകടനപരതയ്ക്ക് പ്രസക്തിയില്ല     ആരാധക്രമത്തിന്‍റെ ഭംഗിയും മനോഹാരിതയും പൂര്‍ണ്ണമായ അര്‍ത്ഥവും എപ്പോഴും നിലനിര്‍ത്തുക ക്ലേശകരമാണ്. അതിന് ത്യാഗപൂര്‍ണ്ണമായ ഒരുക്കവും സമര്‍പ്പണവും പ്രാര്‍ത്ഥനയും ആത്മീയതയും ആവശ്യമാണ്. ആരാധനക്രമം ഒരു പ്രകടനമോ പ്രദര്‍ശനോ അല്ല, അതില്‍ പ്രകടനപരതയ്ക്ക് പ്രസക്തിയുമില്ല. ആരാധനയുടെ ആനന്ദവും അതിന്‍റെ പൂര്‍ണ്ണിമയും അതിലെ സത്യസന്ധമായ ആത്മസമര്‍പ്പണത്തിലും വിശ്വസ്തമായ അനുഷ്ഠാനത്തിലുമാണ്. ഈ സമര്‍പ്പണം കാര്‍മ്മികരില്‍ മാത്രമല്ല, ആരാധനക്രമത്തിനായി സമര്‍പ്പിതരായിട്ടുള്ള എല്ലാവരിലും, അതിന്‍റെ പരികര്‍മ്മികളായ ശുശ്രൂഷകരിലും, ഗായകരിലും, സഹകാരികളിലും വിശ്വാസികളിലും ആവശ്യമാണ്, അനിവാര്യമാണ്. സഭാജീവന്‍റെ സ്രോതസ്സും ഉച്ചസ്ഥായിയുമായ ആരാധനക്രമം അതിനാല്‍ നമുക്ക് വിശ്വസ്തയോടെ അനുദിനം ജീവിക്കാം!  








All the contents on this site are copyrighted ©.