2017-09-04 12:59:00

ആദ്യ ചുവടുവയ്ക്കുക അനിവാര്യം -പാപ്പാ കൊളൊംബിയയിലെ ജനങ്ങളോട്


കൊളംബിയിയിലെ ജനങ്ങളുടെ ഉപവിയിലും സമാധാനവും ഐക്യവും അന്വേഷിക്കുന്നതില്‍ അവര്‍ക്കുള്ള സ്ഥൈര്യത്തിലും നിന്ന് പഠിക്കാനും ആ ജനതയ്ക്ക് യേശുവിലുള്ള വിശ്വാസം അവരുമൊത്ത് ആഘോഷിക്കാനും പ്രത്യാശയുടെയും ശാന്തിയുടെയും തീര്‍ത്ഥാടകനായിട്ടാണ് താന്‍ അന്നാട്ടിലെത്തുകയെന്ന് മാര്‍പ്പാപ്പാ.

തെക്കെ അമേരിക്കന്‍ നാടായ കൊളൊംബിയായില്‍ ഈ മാസം 6 മുതല്‍ 11വരെ (06-11/09/2017) നീളുന്ന തന്‍റെ ഇടയസന്ദര്‍ശനത്തിന് മുന്നോടിയായി നല്കിയ വീഡിയോസന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“നമുക്ക് ആദ്യ ചുവടുവയ്ക്കാം” എന്ന പ്രമേയം ഈ അപ്പസ്തോലികസന്ദര്‍ശനം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഏതൊരു സംരംഭത്തിനും പദ്ധതിക്കും ആദ്യചുവട് വയ്ക്കേണ്ടത് ആവശ്യമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ പ്രമേയത്തില്‍ അന്തര്‍ലീനമാണെന്ന് പാപ്പാ വിശദീകരിക്കുന്നു തന്‍റെ വീഡിയൊ സന്ദേശത്തില്‍.

സ്നേഹിക്കുന്നതിലും സേതുബന്ധങ്ങള്‍ തീര്‍ക്കുന്നതിലും സാഹോദര്യം കെട്ടിപ്പടുക്കുന്നതിലും പ്രഥമസ്ഥാനീയരാകാന്‍ ഈ പ്രമേയം നമുക്കു പ്രചോദനം പകരുന്നുവെന്നും പാപ്പാ പറയുന്നു.

പുറത്തേക്കിറങ്ങി അപരനുമായി കണ്ടുമുട്ടാനും ആദ്യ ഹസ്തദാനം ചെയ്യാനും സമാധാനത്തിന്‍റെ അടയാളം പരസ്പരം കാണിക്കാനും ഈ ആദ്യചുവടുവയ്പ് നമുക്കുത്തേജനമേകുന്നുവെന്നും കൊളൊബിയയ്ക്ക് ആവശ്യമായിരിക്കുന്നത്, ശത്രുക്കളായിട്ടല്ല പ്രത്യുത സഹോദരങ്ങളായി പരസ്പരം കാണാന്‍ സഹായിക്കുന്ന, സ്ഥായിയും നീണ്ടുനില്ക്കുന്നതുമായ ഒരു സമാധാനമാണെന്നും പാപ്പാ തന്‍റെ  സന്ദശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇന്നത്തെ ലോകത്തിന് സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും ഉപദേഷ്ടാക്കളെ ആവശ്യമുണ്ടെന്നും പാപ്പാ പറയുന്നു.








All the contents on this site are copyrighted ©.