2017-09-02 12:42:00

ജീവിതക്കുരിശുകള്‍ ചുമക്കുന്നവരും സഹനപാതയുടെ വിജയവും


വിശുദ്ധ മത്തായി 16, 21-27.  ആണ്ടുവട്ടം 22-Ɔ൦വാരം ഞായര്‍

1. ക്രിസ്തുവിന്‍റെ പീഡകളുടെ പ്രവചനം   വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം ഇന്നു നമ്മെ അനുസ്മരിപ്പിക്കുന്നത്, ക്രിസ്തു ശിഷ്യന്മാര്‍ക്ക് തന്‍റെ പീഡാസഹനവും കുരിശുമരണവും വെളിപ്പെടുത്തി കൊടുത്ത സംഭവമാണ്. പത്രോസിനോടും മറ്റു ശിഷ്യന്മാരോടും അവിടുന്ന് പറഞ്ഞു, ‘മനുഷ്യപുത്രന്‍ ജരൂസലേമിലേയ്ക്ക് പോകും, അവിടെ ക്രൂശിക്കപ്പെടുകയും, പിന്നെ മരിച്ചവരില്‍നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും’. പത്രോസിന് അത് സ്വീകാര്യമായില്ല.  ‘അങ്ങേയ്ക്ക് ഇത് സംഭവിക്കാതിരിക്കട്ടെ,’ എന്നായിരുന്നു ശിഷ്യപ്രമുഖന്‍റെ പ്രതികരണം. രക്ഷണീയ പദ്ധതിയില്‍നിന്നും തന്നെ പിന്‍തിരിപ്പിക്കുന്ന ശ്രമമാണിതെന്ന് ക്രിസ്തുവിനു തോന്നിയിരിക്കാം. അവിടുന്ന് പത്രോസിനെ ശാസിക്കുന്നു. ‘സാത്താനേ, പുറത്തുപോകൂ. നിന്‍റെ ചിന്തകള്‍ ദൈവികമല്ല, മാനുഷികമാണ്,’ എന്നായിരുന്നു ക്രിസ്തു പ്രതികരിച്ചത്.

2. ക്രിസ്തുവിനോട് അനുരൂപരാകാം!     വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ഇന്നത്തെ ലേഖനഭാഗം പറയുന്നത്, ‘നിങ്ങള്‍ ലോകത്തിന് അനുരൂപരാകരുത്, പ്രത്യുത മനസ്സിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. അപ്പോള്‍ ദൈവഹിതം എന്നന്തെന്നും, ദൈവസന്നിധിയില്‍ നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയുവാന്‍ നിങ്ങള്‍ കരുത്തുള്ളവരായിത്തീരും’ (റോമാ. 12,1- 2). കാലഘട്ടത്തിന്‍റെ സാമൂഹികവും സാംസ്ക്കാരികവുമായ തലങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ജീവിക്കുവാന്‍ നമുക്കു സാധിക്കണം. എന്നാല്‍ അതത്ര എളുപ്പമല്ല. അതില്‍ സാഹസികതയും അപക‌ടവും ഉണ്ട്. ക്രൈസ്തവജീവിതം ഈ ലോകത്തിന്‍റെ ശൈലിയിലേയ്ക്ക് ഇഴുകിച്ചേര്‍ന്ന്, അതിന്‍റെ തനിമയും മേന്മയും നഷ്ടപ്പെട്ടുപോകാന്‍ ഇടയുണ്ട്. ജീവിതമാകുന്ന ഉപ്പിന്‍റെ ഉറകെട്ടു പോകുവാന്‍ ഇടയുണ്ട്. അങ്ങനെ നാം ഉപയോഗ ശൂന്യരായിത്തീരും.  നല്ല വീഞ്ഞില്‍ അധികം വെള്ളം ചേര്‍ത്താന്‍ വീഞ്ഞിന്‍റെ രുചിമാത്രമല്ല, വീഞ്ഞ് വീഞ്ഞല്ലാതായിയും തീരുന്നു. ലൗകായത്വത്തില്‍ മുഴുകുന്നതു വഴി, പരിശുദ്ധാത്മാവില്‍നിന്നു ലഭിച്ചിട്ടുള്ള ക്രൈസ്തവ ജീവിതത്തിന്‍റെ നവീനതയും തനിമയും നഷ്ടപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ട്. ക്രൈസ്തവര്‍ ക്രൈസ്തവരല്ലാതായിത്തീരുന്ന അവസ്ഥ! ജീവിതവഴികള്‍ മറന്നുപോകാം. എന്നാല്‍ ക്രൈസ്തവര്‍ ദൈവവചനത്തിന്‍റെ ശക്തിയില്‍ ജീവിക്കുമ്പോള്‍ അത് നമ്മെ രൂപാന്തരപ്പെടുത്തുന്നു. അത് നീതിബോധവും, മൂല്യബോധവും നല്ക്കുന്നു. നമ്മുടെ ചിന്താധാരകളെ അതു നയിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നു. മൊത്തം ജീവിതരീതിയെ അത് മാറ്റിമറിക്കുന്നു. അതിനാല്‍ സുവിശേഷത്തിന്‍റെ സത്ത സ്വാംശീകരിച്ചുകൊണ്ട് നാം ക്രിസ്തുവില്‍ നിരന്തരം നവീകൃതരാകാന്‍ പരിശ്രമിക്കാം!

3. ക്രിസ്ത്വാനുകരണം ഒരു കുരിശെടുക്കല്‍    ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍...’ എന്നു പറഞ്ഞുകൊണ്ട്, എന്താണ് ശിഷ്യത്വം, എന്നു ക്രിസ്തു പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അവിടുത്തെ അടുത്ത് അനുഗമിക്കുയായിരുന്നു. അവര്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്നു. എന്നാല്‍, ഇനി അവിടുത്തെ ധ്യാനാത്മകമായി അനുഗമിക്കുകയാണു വേണ്ടത്. സഹനദാസന്‍റെ ദൗത്യമല്ലാതെ മറ്റൊരു ദൗത്യം മനുഷ്യപുത്രനില്ല, ക്രിസ്തുവിനില്ല. ഇത് ക്രിസ്തുശിഷ്യരായ നാം മനസ്സിലാക്കേണ്ടതാണ്. ‘പാര്‍ലിമെന്‍റെറി മോഹ’മാണ് ക്രിസ്ത്വാനുകരണമെന്ന് ചിന്തിക്കുകയാണെങ്കില്‍ തെറ്റിപ്പോയി. മറ്റുള്ളവരെ രക്ഷിക്കുവാനുള്ള ഏകവഴി അവരെ സ്നേഹിച്ചും, അവര്‍ക്കുവേണ്ടി സഹിച്ചും ജീവന്‍ സമര്‍പ്പിക്കുകയാണ്. ‘സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന, സ്നേഹത്തിലും   മീതെ സ്നേഹമുണ്ടോ...’ (യോഹ. 15, 13).

സഹനത്തിന്‍റെ ക്രൈസ്തവസമര്‍പ്പണത്തില്‍ അസ്വാഭാവികത ഒന്നുമില്ല. സ്നേഹമെന്ന യാഥാര്‍ത്ഥ്യത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് ത്യാഗസമര്‍പ്പണം. എവിടെ സ്നേഹമുണ്ടോ അവിടെ ത്യാഗമുണ്ട്. മറ്റുള്ളവര്‍ വെറുക്കുമ്പോഴും, കല്ലെറിയുമ്പോഴും അവരെ സ്നേഹിക്കുവാനും ക്ഷമിക്കുവാനുമുള്ള കരുത്തും മനോഭവവും ക്രൈസ്തവജീവിതത്തിന്‍റെ മുഖമുദ്രയും വെല്ലുവിളിയുമാണ്. സ്നേഹിച്ച് കൊതിതീരും മുന്‍പേ മരിക്കാനാകുമെന്ന ത്യാഗസമര്‍പ്പണത്തിലാണ് ക്രിസ്തുവിനെ നമുക്ക് അനുഗമിക്കാനാകുന്നത്, അനുഗമിക്കാനാകേണ്ടത്. “സ്നേഹമെവിടെ വളരുന്നു. ദൈവം അവിടെ ജനിക്കുന്നു. സ്നേഹം എവിടെ നിറയുന്നു, ദൈവം അവിടെ ജീവിക്കുന്നു”.

4.  യുവജനങ്ങളടെ സഞ്ചരിക്കുന്ന കുരിശ്ശ്     1984 വിശുദ്ധ വര്‍ഷമായിരുന്നു – രക്ഷയുടെ വിശുദ്ധവത്സരം Holy Year of Redemption. അന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹമായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയോടു ചേര്‍ന്ന് ഒരു വലിയ കുരിശുവേണമെന്നത്. 12 അടി ഉയരവും അതിനൊത്ത ഘനവുമുള്ള ഭാരമുള്ള മരക്കുരിശ്ശ് സ്ഥാപിക്കപ്പെട്ടു. വിശുദ്ധവര്‍ഷം സമാപിച്ചപ്പോള്‍, 1984 ഏപ്രില്‍ 22-Ɔ൦ തിയതി റോമിലെ വിശുദ്ധ ലോറെന്‍സിന്‍റെ നാമത്തിലുള്ള യുവജനകേന്ദ്രത്തിലെ യുവജനങ്ങളെ ജൂബിലിയുടെ വലിയ മരക്കുരിശ് ഏല്പിച്ചുകൊണ്ടു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞു.  “പ്രിയ യുവാക്കളേ, ഈ ജൂബിലി വര്‍ഷാന്ത്യത്തില്‍ രക്ഷയുടെ അടയാളമായ കുരിശ് ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്. ഇത് ക്രിസ്തുവിന്‍റെ കുരിശ്ശാണ്. ക്രിസ്തുവിന് മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്‍റെ പ്രതീകമായി നിങ്ങള്‍ ഇത് ലോകമെമ്പാടും കൊണ്ടുപോകുക. ലോകത്തോടു പറയുക, ക്രിസ്തുവിന്‍റെ കുരിശ്ശിലും മരണത്തിലും ഉത്ഥാനത്തിലും രക്ഷയും മോചനവും കണ്ടെത്താമെന്ന്.”

യുവജനങ്ങള്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അഭ്യര്‍ത്ഥന ഏറ്റെടുത്തു. ആഗോള തലത്തിലുള്ള യുവജന സമ്മേളനങ്ങളിലെല്ലാം ഈ മരക്കുരിശ്ശ് ഇന്നും എത്തിച്ചേരുകയും പ്രധാന വേദിയില്‍ സ്ഥാനംപിടിക്കുകയും ചെയ്യുന്നു. യുവജനങ്ങള്‍ക്ക് പാപ്പാ നല്കിയ മരക്കുരിശിന്ന് വത്തിക്കാനു മുന്നിലുള്ള വിശുദ്ധ ലോറന്‍സിന്‍റെ  യുവജനകേന്ദ്രത്തിലാണ് പതിവായി സൂക്ഷിക്കുന്നത്. അത് അടുത്തുതന്നെ തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019 ജനുവരി 22-മുതല്‍ 27-വരെ അരങ്ങേറുന്ന ലോക യുവജന മാമാംഗത്തിനായി പുറപ്പെടും. വിവിധ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും താണ്ടിയുള്ള യുവജനങ്ങളുടെ ഒരു ആത്മീയ കുരിശുയാത്രയായിട്ടാണ് അത് അവസാനം പനാമയിലെ യുവജന സംഗമവേദിയില്‍ എത്തിച്ചേരുന്നത്. വിശുദ്ധ കുരിശിന്‍റെ സ്പര്‍ശത്താല്‍ സൗഖ്യവും സന്തോഷവും സമാധാനവും സമാശ്വാസവും കണ്ടെത്തുന്നവര്‍ ആയിരങ്ങളാണ്.

5.  കുരിശിന്‍റെ ശക്തിയും രക്ഷയുടെ വഴിയും    “ക്രിസ്തു നമുക്കുവേണ്ടി ജീവന്‍ പരിത്യജിച്ചു എന്നതില്‍നിന്നും സ്നേഹം എന്തെന്ന് നാം അറിയുന്നു. പ്രതിഫലേച്ഛകൂടാതെ എല്ലാം ദാനം കൊടുക്കാന്‍ സാധിക്കുന്നതാണ് സ്നേഹം.  സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല. ത്യാഗത്തിന്‍റെ കുരിശ്ശിലേറാത്തവര്‍ യഥാര്‍ത്ഥമായ സ്നേഹമെന്താണെന്നും അറിയുന്നില്ല. നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്‍റെ വചനം ഭോഷത്വമായി തോന്നാം, രക്ഷയിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശ് ദൈവത്തിന്‍റെ ശക്തിയായും അനുഭവപ്പെടും…” വിശുദ്ധ യോഹന്നാന്‍റെ വാക്കുകളാണിവ (1യോഹ. 3, 16). ക്രിസ്തു ശിഷ്യത്വത്തിന്‍റെ കരുത്ത് കുരിശ്ശാണ്. പക്ഷെ കുരിശ്ശൊഴിവാക്കാനാണ് നാം പലപ്പോഴും ശ്രമിക്കുന്നത്. പ്രാര്‍ത്ഥിക്കുന്നതും നൊവേനകൂടുന്നതും നേര്‍ച്ച നേരുന്നതുമൊക്കെ ജീവിതക്കുരിശ്ശുകള്‍ ഒഴിവാക്കാനാണ്. രോഗം, നിരാശ, പാപങ്ങള്‍, വിദ്വേഷം, എല്ലാം ക്രിസ്തുവിന്, ക്രിസ്തുവിന്‍റെ കുരിശ്ശില്‍ സമര്‍പ്പിക്കുക. ക്രിസ്തു എല്ലാം, എല്ലാവര്‍ക്കുംവേണ്ടി ഏറ്റെടുക്കുന്നു. സ്നേഹിക്കുന്നവര്‍ കുരിശ്ശെടുക്കാന്‍ സന്നദ്ധരാവണം. യാചിക്കുന്നവര്‍ക്ക് കുരിശ്ശെടുക്കാനുള്ള കരുത്ത് സമൃദ്ധമായി നല്കപ്പെടും. നിര്‍വൃതിയോടെ ക്രിസ്തു പറഞ്ഞു, “എല്ലാം പൂര്‍ത്തിയായി It’s consummated”

6.  കുരിശിന്‍റെ സ്നേഹഭാഷ്യം    സ്നേഹത്തിന്‍റെ പിന്‍ബലമുണ്ടെങ്കില്‍ കുരിശ് ഒരിക്കലും ഭാരമുള്ളതാവുകയില്ല. നല്ക്കുന്നതില്‍ സന്തോഷമുണ്ടാകും. നല്കുമ്പോഴാണ് ലഭിക്കുന്നത്. ത്യാഗത്തില്‍ സന്തോഷമുണ്ടാകും. പുറംകുപ്പായം ചോദിക്കുന്നവന്, വസ്ത്രംകൂടെ കൊടുക്കുക. ഒരു മൈല്‍ നടക്കാന്‍ ആവശ്യപ്പെടുന്നവനോടൊപ്പം, രണ്ടുമൈല്‍ നടക്കുക. സഹനത്തിലൂടെ ആര്‍ജ്ജിക്കുന്ന ജീവിതത്തിന്‍റെ കരുത്തിന് വിലയുണ്ട്. കുരിശ്ശിലൂടെ പരുവപ്പെട്ട ജീവിതത്തിന് പ്രത്യേക മൂല്യമുണ്ട്. ഇന്നു നാം കാണുന്നത് സുഖിക്കാന്‍ വന്നവരുടെ പരമ്പരയാണ്, സഹിക്കാന്‍ വന്നവരുടേതല്ല. കുരിശ്ശിന്‍റെ ഭാഷ ഏറെ കൈമോശം വന്നുപോയിരിക്കുന്നു. എന്നാല്‍ ത്യാഗത്തിന്‍റെ വെല്ലുവിളികളുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം തകര്‍ച്ചയായിരിക്കും. ജീര്‍ണ്ണത അകത്തുനിന്നുതന്നെ സംഭവിക്കും. ക്രിസ്തുവിന്‍റെ കുരിശ് ബലമേകട്ടെ! സ്വയാര്‍പ്പണത്തിന്‍റെയും നഷ്ടപ്പെടുത്തലിന്‍റെയും ത്യാഗസമര്‍പ്പണത്തിന്‍റെയും ശൈലിയാണ് ക്രിസ്ത്വാനുകരണം! സ്നേഹത്തിലൂടെ എല്ലാം നല്ക്കുന്ന, പങ്കുവയ്ക്കുന്ന ത്യാഗമാണിത്.

 








All the contents on this site are copyrighted ©.