2017-08-30 19:04:00

പരിസ്ഥിതി സംരക്ഷണയ്ക്കായി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന


സെപ്തംബര്‍ 1-Ɔ൦ തിയതി വെള്ളിയാഴ്ച  ആചരിക്കുന്ന പരിസ്ഥിതിക്കായുള്ള പ്രാര്‍ത്ഥനാദിനത്തെക്കുറിച്ച്  അനുസ്മരിപ്പിച്ചുകൊണ്ടാണ്  ആഗസ്റ്റ് 30-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ ഈ പ്രത്യേക അഭ്യര്‍ത്ഥന പാപ്പാ നടത്തിയത്.  ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ  അഭ്യര്‍ത്ഥന നടത്തിയത്.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ  പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ അഭ്യര്‍ത്ഥനപ്രകാരം  കിഴക്കിന്‍റെ  ഓര്‍ത്തഡോക്സ് സഭകളും , പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനപ്രകാരം പടിഞ്ഞാറന്‍ സഭകളും സെപ്തംബര്‍ 1 പരിസ്ഥിതി സംരക്ഷണത്തിനുള്ള ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു.  

ഈ ദിനത്തെ കേന്ദ്രീകരിച്ച് രണ്ടു സഭാതലവന്മാരും സംയുക്തമായി ഒരു സന്ദേശം നല്കിയിട്ടുണ്ട്. അതുപ്രകാരം സൃഷ്ടിയോട് സകലരും ആദരപൂര്‍വ്വവും ഉത്തരവാദിത്ത്വപൂര്‍ണ്ണമായും പെരുമാറുകയും പ്രതികരിക്കുകയും വേണമെന്ന് ഓര്‍പ്പിക്കുന്നു.  പരിസ്ഥിതിക്കായുള്ള പ്രാര്‍ത്ഥനാദിനത്തില്‍  വിവിധ മേഖലകളിലെ  ഉത്തവാദിത്ത്വപ്പെട്ടവര്‍  പാരിസ്ഥിതിക അസന്തുലിതാവസ്ഥ കാരണമാക്കുന്ന ഭൂമിയുടെ കരച്ചിലും, ഒപ്പം അതില്‍ കഴിയുന്ന ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ രോദനവും കേള്‍ക്കണമെന്നും ആഹ്വാനംചെയ്യുന്നു.  

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുകൂടിക്കാഴ്ചാ പരിപാടിക്ക് സന്നിഹിതരായിരുന്ന ആയിരങ്ങള്‍ ഹസ്താരവത്തോടെ പാപ്പായുടെ അഭ്യര്‍ത്ഥനയോട് ക്രിയാത്മകമായി പ്രത്യുത്തരിച്ചു.  പരിസ്ഥിതി സുസ്ഥിതിക്കായുള്ള പ്രഥമ ആഗോള പ്രാര്‍ത്ഥനാദിനം പാപ്പാ ഫ്രാന്‍സിസ്  2015 സെപ്തംബര്‍ 1-നാണ് പ്രഖ്യാപിച്ചത്.

 








All the contents on this site are copyrighted ©.