2017-08-26 12:37:00

ശ്യാമനാഥയുടെ ചിത്രത്തിന്‍റെ മകുടം ചാര്‍ത്തലിന്‍റെ 300 വര്‍ഷം


നമ്മുടെ ജീവിതപ്രശ്നങ്ങള്‍ സ്വന്തം ഹൃദയത്തില്‍ പേറുന്ന യഥാര്‍ത്ഥ അമ്മയാണ് പരിശുദ്ധ കന്യകാമറിയമെന്ന് മാര്‍പ്പാപ്പാ.

പോളണ്ടിലെ ചെസ്തക്കോവയിലുള്ള യാസ്ന ഗോറയിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വണങ്ങപ്പെടുന്ന ശ്യാമമാതാവിന്‍റെ ചിത്രത്തിന് മകുടം ചാര്‍ത്തപ്പെട്ടതിന്‍റെ  മുന്നൂറാം വര്‍ഷത്തോടനുബന്ധിച്ച്, ആ മാതാവിന്‍റെ തിരുന്നാള്‍ ദിനമായ ഈ ഇരുപത്തിയാറാം തിയതി ശനിയാഴ്ച (26/08/17) നല്കിയ ഒരു വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ മുറിപ്പാടുള്ള വദനത്തോടുകൂടിയ ശ്യാമനാഥയുടെ ചിത്രത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

അങ്ങകലെ, സിംഹാസനത്തിലിരിക്കുന്ന ഒരു അമ്മയായിട്ടല്ല, പ്രത്യുത, മകനെ കൈയ്യിലേന്തയിരിക്കുന്ന അമ്മയായിട്ടാണ്, പരിശുദ്ധ മറിയം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും, അങ്ങനെ അവളു‌ടെ മക്കളായ നാമെല്ലാവരും അവളുടെ കരങ്ങളില്‍ സംവഹിക്കപ്പെടുന്നുവെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ പറയുന്നു.

കണ്ണിമയ്ക്കാതെ നമ്മെ നോക്കുന്ന കാരുണ്യവതിയായ ആ അമ്മ നമ്മുടെ അനുദിനയാത്രയില്‍ നമ്മെ കൈപിടിച്ചു നടത്തുന്നവെന്നും അവള്‍ നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ലെന്നും പാപ്പാ ഉറപ്പുനല്കുന്നു.

അനാഥത്വത്തിന്‍റെതായ ഈ ലോകത്തില്‍ നാം ഒരിക്കലും അനാഥരല്ലെന്നും കാര​ണം കാരുണ്യഭരിതയായ ഒരമ്മ സദാ നമ്മോടൊപ്പമുണ്ടെന്നും അവള്‍ സൗമ്യതയോടും ഒപ്പം ധീരതയോടും ഒരമ്മയുടെ തനതായ ശൈലിയില്‍ നമ്മെ നയിക്കുന്നുവെന്നും പാപ്പാ പറയുന്നു.

പോളണ്ടില്‍ ക്രൈസ്തവവിശ്വാസം എത്തിച്ചേര്‍ന്നതിന്‍റെ 1050 വര്‍ഷം   ആഘോഷിക്കപ്പെട്ട വേളയില്‍ ഒരു തീര്‍ത്ഥാടകനായി ഈ മാതൃസന്നിധിയില്‍ എത്താന്‍ തനിക്കു കഴിഞ്ഞതും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

ശ്യാമമാതാവിന്‍റെ ചിത്രം വിശുദ്ധ ലൂക്കയുടെ കരവേലയാണെന്നും തിരുക്കുടുംബം പ്രാര്‍ത്ഥനയ്ക്കും ഭക്ഷണം കഴിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഒരു മേശയുടെ പലകയിലാണ് ഈ ചിത്രം രചിക്കപ്പെട്ടിരിക്കുന്നതെന്നും ലൂക്കാ വരച്ച രണ്ടു ചിത്രങ്ങളില്‍ ഒന്നാണിതെന്നും പാരമ്പര്യം പറയുന്നു.

1717 സെപ്റ്റംബര്‍ 8 നാണ് ചെസ്തക്കോവ നാഥയുടെ ചിത്രം കിരീടമണിയിക്കപ്പെട്ടത്. ഈ കീരീടം ചാര്‍ത്തലിന്‍റെ മുന്നൂറാം വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഇക്കൊല്ലം സെപ്റ്റംബര്‍ 8 വരെ നീളുന്ന ഒരു ജൂബിലിവര്‍ഷാചരണം കഴിഞ്ഞ വര്‍ഷം  സെപ്റ്റംബര്‍ 8 ന് ആരംഭിച്ചിരുന്നു. 








All the contents on this site are copyrighted ©.