2017-08-25 11:21:00

സഭാജീവന്‍റെ സ്രോതസ്സും ഉച്ചസ്ഥായിയുമാണ് ആരാധനക്രമം


സഭയുടെ ആരാധനക്രമത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണം :

ആഗസ്റ്റ് 24-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഗമിച്ച ഇറ്റലിയുടെ ദേശീയ ആരാധനക്രമ സമ്മേളനത്തിലെ (National Liturgical Convention) 800-ല്‍  അധികം പ്രവര്‍ത്തകരെ അഭിസംബോധനചെയ്തുകൊണ്ടാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രൈസ്തവവിശ്വാസത്തെ അതിന്‍റെ ശരിയായ ഘടനയില്‍ നിലനിര്‍ത്താനും, ദൈവനിവേശിതമായ രീതിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷയിലൂടെ ദൈവജനത്തെ വിശുദ്ധിയില്‍ വളര്‍ത്താനും ആരാധനക്രമം അനിവാര്യമാണ്. സഭയിലെ ആകമാനം ദൈവജനത്തിന്‍റെ ആത്മീയ ജീവിതസരണിയാണത്. അതുകൊണ്ട് അത് ജനകീയമാണ്, ജനങ്ങളുടേതാണ്. നേതൃത്വം നല്കുന്ന വൈദികരുടെ മേല്ക്കോയ്മയായി മാറരുത് ആരാധനക്രമം.

‘ലിത്തൂര്‍ജിയ’  (Liturgia-Liturgry ആരാധനക്രമം) എന്ന ഗ്രീക്കു വാക്കിന്‍റെ അര്‍ത്ഥം വെളിപ്പെടുത്തുന്നത് അത് ദൈവജനത്തിന്‍റെ ആരാധനയെന്നാണ്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളുടെ രീതിയും ഘടനയും ഭാഷാശൈലിയും സൂചിപ്പിക്കുന്നതും അത് ജനങ്ങളുടെ പ്രാര്‍ത്ഥനയാണെന്നാണ്. ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, വചനത്തിലൂടെ അവിടുത്തെ ശ്രവിക്കുകയും ചെയ്യുന്ന ആരാധാനസമൂഹത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് ആരാധനക്രമവും അതിന്‍റെ എല്ലാ രൂപങ്ങളും ഭാവങ്ങളും ചെയ്തികളും. അതിനാല്‍ ജനപങ്കാളിത്തം തടസ്സപ്പെടുത്തുന്നതും, ജനങ്ങള്‍ക്ക് ഉതപ്പു നല്കുന്നതും, അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതുമായ ആരാധക്രമശൈലികള്‍ അപ്രസക്തമാണ്. അതിനാല്‍ കാലക്രമത്തില്‍ സഭയില്‍ കടന്നുകൂടിയിട്ടുടള്ള ഈ മേഖലയിലെ ക്രമക്കേടുകള്‍ തിരുത്തേണ്ടതാണ്. പാപ്പാ ഉദ്ബോധിപ്പിച്ചു.

ആരാധനക്രമം ഒരു ആശയമല്ല, അനുഭവമാണ്! അതൊരു സാര്‍വ്വലൗകിക പ്രാര്‍ത്ഥനയാണ്. സഭ ജീവനുള്ളതാകുന്നത് ആരാധനക്രമം സജീവമാകുമ്പോഴാണ്. ആരാധനക്രമത്തിന്‍റെ സജീവ സ്വഭാവം ക്രിസ്തുവില്‍ കേന്ദ്രീകൃതമാണ്. ഇങ്ങനെയുള്ള ചിന്തകളും പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

ആരാധനക്രമ നവീകരണത്തിനും അതിനെക്കുറിച്ചുള്ള ചിട്ടകള്‍ പഠിപ്പിക്കുന്നതിനുമായി ഇറ്റലിയില്‍ ദേശിയ തലത്തില്‍, രൂപതകള്‍തോറും എല്ലാവര്‍ഷവും ‘ആരാധനക്രമവാരം’ സംഘടിപ്പിക്കപ്പെടുന്നു. ഇത് ദേശീയ പ്രാദേശിക സഭകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. ആഗസ്റ്റ് മാസത്തിലെ സ്കൂള്‍ അവധിക്കാലത്ത് ഇടവകകള്‍തോറും ദേശീയതലത്തില്‍ നടത്തപ്പെടുന്ന ആരാധനക്രമവാരത്തിന്‍റെ  68-Ɔ൦ പതിപ്പാണ് ഇക്കുറി ആചരിക്കപ്പെട്ടത്. ഇറ്റലിയുടെ ദേശീയ ആരാധനക്രമ കേന്ദ്രവും  (National Liturgical Center)  ആരാധനക്രമത്തിനായി സമര്‍പ്പിതരായിട്ടുള്ള സന്ന്യാസസമൂഹം, ദിവ്യഗുരുവിന്‍റെ ശരണദാസികളും (Pious Disciples of the Divine Master) സംയുക്തമായിട്ടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം അനുവര്‍ഷം ആരാധനക്രമവാരം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്. 








All the contents on this site are copyrighted ©.