2017-08-24 19:18:00

ജീവിതചക്രവാളം തെളിയിക്കുന്ന പ്രത്യാശയെക്കുറിച്ച്...


 യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്ന ജയില്‍ വാസികള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം :

 ബ്യൂനസ് ഐരസിലെ എസൈസാ ജയില്‍ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പ്രത്യാശയുടെ ചക്രവാളത്തെക്കുറിച്ച്  പാപ്പാ  ഉദ്ബോധിപ്പിച്ചത്. ബ്യൂനസ് ഐരസ് യൂണിവേഴ്സിറ്റിയുടെ സംഗീത ക്ലാസ്സുകളിലേയ്ക്ക് സ്ഥലത്തെ ജയില്‍ വാസികളെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി തുടങ്ങുന്ന സംഗീതപരിശീലന പരിപാടിക്ക് ഭാവുകള്‍ നേര്‍ന്നുകൊണ്ടാണ് വത്തിക്കാനില്‍നിന്നും ആഗസ്റ്റ് 24-Ɔ൦ തിയതി വ്യാഴാഴ്ച  പാപ്പാ വീഡിയോ സന്ദേശം അയച്ചത്.

ചെയ്ത തെറ്റുകള്‍ക്ക് ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ ശിക്ഷ നമുക്ക് ഫലദായകമാക്കാം. അല്ലെങ്കില്‍ അത് പീഡനമായും മാറും. ശിക്ഷയ്ക്ക് വേണ്ട പിന്‍ബലം പ്രത്യാശയാണ്. അപ്പോള്‍ പ്രത്യാശയുണ്ടെങ്കില്‍ ജയിലിലാണെങ്കിലും എവിടെയാണെങ്കിലും ജീവിതം ഫലമണിയും. അങ്ങനെ ജയിലിലെ അന്തേവാസികളായവര്‍ ചെയ്യുന്ന പഠനവും പ്രവൃത്തികളും വ്യക്തി വളര്‍ച്ചയ്ക്കും, സാമൂഹിക രൂപീകരണത്തിനും, പുനരുദ്ഗ്രഥനത്തിനും വഴിതെളിക്കും. പാപ്പാ സന്ദേശത്തില്‍ ജയില്‍വാസികളോടും അവരുടെ സഹകാരികളോടുമായി പറഞ്ഞു. 

എസൈസാ ജയിലിലെ അന്തേവാസികള്‍ക്കായി ബ്യൂനസ് ഐരസ് യൂണിവേഴ്സിറ്റി (University of Buenos Aires) തുടങ്ങുന്ന സംഗീതക്ലാസ്സ് അവരുടെ ജീവിതചക്രവാളങ്ങളെ വിസ്തൃതമാക്കുന്ന പ്രത്യാശയുടെ ഉദയമാണ്. ജീവിത പ്രശ്നങ്ങളാണ് പ്രത്യാശയുടെ ചക്രവാളങ്ങളെ മറച്ചുകളയുന്നത്. എന്നാല്‍ ഓര്‍ക്കുക! എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്, ഉണ്ടാകും. എന്നാല്‍ പ്രത്യാശയോടെ അവയെ നേരിടുന്നവര്‍ അതിനെ മറികടക്കും. അവരുടെ ജീവിതചക്രവാളം എന്നും മുന്നില്‍ വിരിഞ്ഞുനില്ക്കും.

യൂണിവേഴ്സിറ്റി ജയില്‍വാസികള്‍ക്കായി ആരംഭിക്കുന്ന സംഗീതക്ലാസ്സും, അതുവഴി ഏറെ വ്യത്യസ്തവും മനുഷ്യത്വപരവുമായ രൂപീകരണം നല്‍കുന്നതിലും, മനുഷ്യാന്തസ്സു പാലിക്കുന്നതിലും ജയില്‍ അധികൃതരും, ഭരണകര്‍ത്താക്കളും, യൂണിവേഴ്സിറ്റി പ്രമുഖരും, സാമൂഹ്യനേതാക്കളും സഭാ അധികൃതരും സര്‍ക്കാരും കാണിക്കുന്ന നല്ല മനസ്സിനെയും സന്നദ്ധതയെയും ഉദാരതയെയും സന്ദേശത്തില്‍ പാപ്പാ നന്ദിയോടെ ശ്ലാഘിച്ചു.

ഞായറാഴ്ചകളില്‍ പതിവുള്ള തന്‍റെ ഫോണ്‍ സന്ദേശങ്ങളോടുള്ള ജയിലിലെ അന്തേവാസികളുടെ പ്രതികരണത്തിനും
നല്ല വാക്കുകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. എസൈസിലെ അന്തേവാസികള്‍ക്കായി ബ്യൂനസ് ഐരസ് യൂണിവേഴ്സിറ്റി നവമായി തുറന്നിരിക്കുന്ന ഈ സംഗീതപരിശീലന പദ്ധതിക്കും, അതിന്‍റെ  പരിശീലകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹകാരികള്‍ക്കും, യൂണിവേഴ്സിറ്റി അധികൃതര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും, ഏവര്‍ക്കും ഹൃദയപൂര്‍വ്വം അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് വീഡിയോ സന്ദേശം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

 

 








All the contents on this site are copyrighted ©.