2017-08-23 12:52:00

"പുതുമയുടെ, വിസ്മയങ്ങളുടെ" ദൈവം-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


വേനല്‍ ചൂടിന്‍റെ തീവ്രത അല്പമൊന്നു കുറഞ്ഞ ഒരു ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ച (23/08/17).  എന്നിരുന്നാലും, വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി,  വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തിനു പകരം, ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. 6300 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഈ ശാലയില്‍ 12000ത്തോളം പേരെ ഉള്‍ക്കൊള്ളാനുള്ള ഇടമുണ്ട്. ഭാരതം, വിയറ്റ്നാം എന്നിവയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരാലും സന്ദര്‍ശകരാലും ഈ ശാല നിറഞ്ഞിരുന്നു. ഫ്രാന്‍സീസ് പാപ്പാ ആഗതനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ഹര്‍ഷാരവങ്ങളും അവിടെ അലതല്ലി.  ശാലയുടെ മദ്ധ്യത്തിലൂടെ ഒരറ്റത്തു നിന്ന് നടന്നു നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, ജനങ്ങളുമായി കുശലംപറയുകയും കുഞ്ഞുങ്ങളെയും മറ്റും തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പാപ്പാ കടന്നുപോയപ്പോള്‍ ചിലര്‍ “സെല്‍ഫി” എടുക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പായുടെ വേഷണിഞ്ഞ ഒരു കുട്ടിയെ പാപ്പാ തന്നോടു ചേര്‍ത്തു നിറുത്തിയ രംഗം ഏവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ചിലര്‍ നീട്ടിപ്പിടിച്ച ജപമാലയും മറ്റുവസ്തുക്കളും പാപ്പാ ആശീര്‍വദിക്കുകയും ചെയ്തു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക, ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.6 പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവന് ജീവജലത്തിന്‍റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.7 വിജയംവരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.” (വെളിപാട് 21,5-7)   

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയില്‍ “പ്രത്യാശയുടെ നൂതനത്വത്തെ” കുറിച്ചു ഈ വേദപുസ്തകഭാഗം അവലംബമാക്കി വിശദീകരിച്ചു..

പ്രഭാഷണസംഗ്രഹം:

വെളിപാ‌ടിന്‍റെ പുസ്തകത്തിലെ വാക്കുകള്‍ നമ്മള്‍ ശ്രവിച്ചുവല്ലോ- അതില്‍ ഇപ്രകാരം പറയുന്നു “ഇതാ സകലവും ഞാന്‍ നവീകരിക്കുന്നു”-. മനുഷ്യജീവിതത്തില്‍ എന്നും പുതുമസൃഷ്ടിക്കുന്ന, ചരിത്രത്തില്‍ നൂതനത്വം സൃഷ്ടിക്കുന്ന പ്രപഞ്ചത്തില്‍ പുതുമയുളവാക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തിലാണ് ക്രിസ്തീയ പ്രത്യാശ അധിഷ്ഠിതമായിരിക്കുന്നത്. വിസ്മയങ്ങളുടെ ദൈവമാണ് അവിടന്ന്. പുതുമയും വിസ്മയങ്ങളും.

ചക്രവാളത്തിലേക്കു കണ്ണുകളുയര്‍ത്തി നോക്കാതെ തലകുമ്പിട്ടു നടക്കുക ക്രൈസ്തവികമല്ല. ഏതാനും വാര മാത്രം മുന്നോട്ടു പോയി ഇവിടെ നമ്മുടെ യാത്ര അവസാനിക്കുന്നതു പോലെ, നമ്മു‌ടെ ജീവിതത്തിന് യാതൊരു ലക്ഷ്യവും, ലക്ഷസ്ഥാനവും ഇല്ലാത്തതു പോലെയാണത്. യാതൊരു കാരണവും കൂടാതെ പ്രയത്നിച്ചുകൊണ്ട് എന്നെന്നും അലഞ്ഞുതിരിയാന്‍ നാം നിര്‍ബന്ധിതരായതു പോലെയാണത്. അതു ക്രൈസ്തവികമല്ല.

ബൈബിളിലെ അവസാനത്തെ താളുകള്‍ വിശ്വാസിയുടെ യാത്രയുടെ അവസാനം എന്തെന്ന് കാട്ടിത്തരുന്നു.  അത് സ്വര്‍ഗ്ഗീയ ജറുസലേം ആണ്. സകല മനുഷ്യരോടുംകൂടെ ഒന്നിച്ചു വസിക്കുന്നതിന് ദൈവം അവരെ എല്ലാവരെയും സ്വാഗതംചെയ്യുന്ന വലിയൊരു കൂടാരമായിട്ടാണ് സ്വര്‍ഗ്ഗീയ ജറുസലേം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതാണ് നമ്മുടെ പ്രത്യാശ. നാം അവസാനം  ദൈവത്തോടൊപ്പമായിരിക്കുമ്പോള്‍ അവിടന്ന് എന്തു ചെയ്യും? ദീര്‍ഘനാള്‍ ബുദ്ധിമുട്ടുകയും കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്ത മക്കളെ വരവേല്‍ക്കുന്ന ഒരു പിതാവിനെപ്പോലെ അവിടന്ന് നമ്മോട് അനന്തമായ കാരുണ്യം കാട്ടും. യോഹന്നാന്‍ വെളിപാടു ഗ്രന്ഥത്തില്‍ പ്രവചിക്കുന്നു :”അവിടന്ന് അവരുടെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു നീക്കും. ഇനി മരണം ഉണ്ടാകില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാകില്ല. എന്തെന്നാല്‍ പഴയതെല്ലാം കടന്നുപോയി... ഇതാ സകലവും ഞാന്‍ നവീകരിക്കുന്നു”. (വെളിപാട് 21,3-5) പുതുമയുടെ ദൈവം.

അമൂര്‍ത്തമായിട്ടല്ല, പ്രത്യുത നമ്മുടെ ഈ ദിനങ്ങളില്‍ സംഭവിക്കുന്നവയെക്കുറിച്ചുള്ള, പതിവുസംഭവങ്ങളായി കാണാവുന്ന അപകടത്തില്‍ നാം  നിപതിക്കാന്‍ സാധ്യതയുള്ള,  ദുരന്തങ്ങളും വേദനാജനകങ്ങളായ സംഭവങ്ങളുമുള്‍പ്പെടുന്ന വാര്‍ത്തകള്‍ കാണുകയോ പത്രത്തില്‍ വായിക്കുകയോ ചെയ്തതിനു ശേഷം ഈ വചനങ്ങളെക്കുറിച്ചൊന്നു മനനം ചെയ്യാന്‍ നിങ്ങള്‍ ശ്രമിച്ചു നോക്കു. ഖേദകരങ്ങളായ വാര്‍ത്തകള്‍ വരുന്ന ബര്‍സെല്ലോണയില്‍ നിന്നുള്ളവരെ ഞാന്‍ അഭിവാദ്യം ചെയ്തു. അതുപോലെതന്നെ വേദനാജനകങ്ങളായ വാര്‍ത്തകള്‍ വരുന്ന കോംഗൊയില്‍ നിന്നുള്ള ഏതാനും പേരെയും ഞാന്‍ അഭിവാദ്യം ചെയ്തു. ഞാനിവിടെ രണ്ടു സ്ഥലങ്ങള്‍ മാത്രമാണ് പേരെടുത്തു പറഞ്ഞത്. അതുപോലുള്ള മറ്റനേകം സ്ഥലങ്ങളുണ്ട്. യുദ്ധം ഭീതിയിലാഴ്ത്തിയ കുഞ്ഞുങ്ങളുടെ വദനങ്ങളെക്കുറിച്ച്, അമ്മമാരുടെ രോദനത്തെക്കുറിച്ച്, നിരവധിയായ യുവജനങ്ങളുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെക്കുറിച്ച്, ക്ലേശപൂര്‍ണ്ണമായ യാത്രയിലേര്‍പ്പെട്ടിരിക്കുന്ന, പലപ്പോഴും ചൂഷണത്തിനിരകളാകുന്ന, അഭയാര്‍ത്ഥികളെക്കുറിച്ച് ഒന്നു ചിന്തിക്കൂ.  ദൗര്‍ഭാഗ്യവശാല്‍ ഇതും ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്.

എന്നാല്‍ നമ്മോടൊപ്പം കേഴുന്ന, സ്വന്തം മക്കളുടെ കാര്യത്തില്‍ അനന്തമായ കാരുണ്യത്തിന്‍റെ കണ്ണീരൊഴുക്കുന്ന ഒരു പിതാവുണ്ട്. നമ്മുടെ സഹനങ്ങള്‍ അറിയാവുന്നതിനാല്‍ നമ്മെ സാന്ത്വനിപ്പിക്കുന്നതിനായി കാത്തിരിക്കുന്ന ഒരു പിതാവ്. അവിടന്ന് നമുക്കായി വിഭിന്നമായ ഒരു ഭാവി ഒരുക്കിയിരിക്കുന്നു. ഇതാണ് ക്രിസ്തീയ പ്രത്യാശയുടെ മഹത്തായ ദര്‍ശനം. അതു നമ്മുടെ അസ്തിത്വത്തിന്മേല്‍ മുഴുവനും പരക്കുന്നു, നമ്മെ കൈപിടിച്ചുയര്‍ത്താന്‍ ആഗ്രഹിക്കുന്നു.

കളകള്‍ക്കിടയിലും ഗോതമ്പുചെടി വളരുന്ന വലിയൊരു വയല്‍ പോലെ ദൈവരാജ്യവും അവിടത്തെ മഹത്തായസ്നേഹവും വളരുകയാണെന്ന് ക്രൈസ്തവനറിയാം. പ്രശ്നങ്ങളും പരദൂഷണങ്ങളും യുദ്ധങ്ങളും രോഗങ്ങളും എല്ലാം സദാ ഉണ്ട്. ഗോതമ്പുചെടി വളരുന്നു. അവസാനം തിന്മ നീക്കപ്പെടും. തിന്മകള്‍ ഇല്ലാത്ത  ദൈവരാജ്യത്തില്‍ വെളിച്ചം യേശുതന്നെയാണ്.  അവിടന്ന് ഇപ്പോള്‍ മുതല്‍ തന്നെ നമ്മെ ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തുണയ്ക്കുന്നു. സൃഷ്ടികര്‍മ്മം ആറാം ദിനത്തില്‍ അവസാനിച്ചില്ല. ദൈവം നമ്മുടെ കാര്യത്തില്‍ സദാ കരുതല്‍ കാട്ടുന്നതിനാല്‍ അവിടന്ന് അത് അക്ഷീണം തുടരുന്നു....സകലവും പൂര്‍ത്തിയാകുന്നതുവരെ, കണ്ണീരുകള്‍ ഇല്ലാതാകുന്ന ആ പ്രഭാതം വരെ, “ഞാന്‍ സകലവും നവീകരിക്കുന്നു എന്ന അവസാനത്തെ അനുഗ്രഹവചസ്സുകള്‍ ദൈവം അരുളിച്ചെയ്യുന്നതുവരെ അവിടന്ന് അതു തുടരും. അതേ, നമ്മുടെ ദൈവം പുതുമയുടെ ദൈവമാണ്, വിസ്മയങ്ങളു‌ടെ ദൈവമാണ്. ആ ദിനത്തില്‍ നാം യഥാര്‍ത്ഥത്തില്‍ സന്തോഷമുള്ളവരാകുമോ അതോ കണ്ണീര്‍ വാര്‍ക്കുമോ? തീര്‍ച്ചയായും നമ്മള്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കും. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തതിനെ തുടര്‍ന്ന്  പാപ്പാ, ഇറ്റലിയുടെ തെക്കുഭാഗത്തുള്ള ഇസ്കിയ ദ്വീപിലെ കാസമീച്ചൊളയില്‍ തിങ്കളാഴ്ച(21/08/17) ഉണ്ടായ ഭൂകമ്പത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്നവരെ അനുസ്മരിക്കുകയും തന്‍റെ സാമീപ്യം അറിയിക്കുകയും ചെയ്തു.  ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരേയും പ്രത്യേകം ക്ഷണിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.