2017-08-18 09:34:00

സിയേര ലിയോണയുടെ ദുരന്തകാരണം വനനശീകരണം


പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേര ലിയോണയിലെ മണ്ണൊലിപ്പു ദുരന്തത്തിനു പിന്നില്‍ പരിസ്ഥിതി നശീകരണമെന്ന് സ്ഥലത്തെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ബിഗൂസി ആഗസ്റ്റ് 17-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

മലഞ്ചെരുവില്‍ നടന്നിട്ടുള്ള അമിതമായ വനനശീകരണവും കെട്ടിടനിര്‍മ്മാണവുമാണ് ദുരന്തകാരണമെന്ന് പരിചയസമ്പന്നനായ ആര്‍ച്ചുബിഷപ്പ് ബിഗൂസി നിരീക്ഷിച്ചു. ഖനനത്തിനും പാചകത്തിനുമുള്ള കരിക്കട്ട അല്ലെങ്കില്‍ മരക്കരി ഉണ്ടാക്കുന്നതിനായി അനധികൃതമായും അല്ലാതെയും നടന്നുകൊണ്ടിരിക്കുന്ന മരംവെട്ടും വനശീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് കാലാവസ്ഥാ വ്യതിയാനത്തിനും അതുമായി ബന്ധപ്പെട്ട മണ്ണൊലിപ്പുദുരന്തത്തിനും കാരണമായതെന്ന്, മക്കേനിയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ബിഗൂസി ചൂണ്ടിക്കാട്ടി.  

500-ല്‍ അധികം പേരുടെ മരണത്തിന് ഇടയാക്കുകയും ഇനിയും കണ്ടെത്താനാവാത്ത വിധം മണ്ണൊലിപ്പില്‍ നഷ്ടമായ വലിയൊരു ജനക്കൂട്ടത്തിന്‍റെയും നടുക്കത്തിലാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേര ലിയോണ. ആഗസ്റ്റ് 14-Ɔ൦ തിയതി തിങ്കളാഴ്ച രാത്രിയില്‍ തുടങ്ങിയ പേമാരിയെ തുടര്‍ന്നായിരുന്നു താഴ്വാരത്തും മലമുകളിലുമുണ്ടായിരുന്ന വീടുകളെയും കെട്ടിടങ്ങളെയും മണ്ണൊലിപ്പു വിഴുങ്ങിയ ദാരുണ സംഭവം നടന്നത്.

തലസ്ഥാന നഗരമായ ഫ്രീടൗണിനോടു ചേര്‍ന്നുനില്ക്കുന്ന മലയെ ‘പഞ്ചസാരക്കട്ട’യെന്നാണ് തദ്ദേശവാസികള്‍ വിളിക്കുന്നത് (Sugar Loaf Hill).  പേമാരിയെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് മരണഭീതി ഉയര്‍ത്തിക്കൊണ്ട് മല വിണ്ടുകീറി നില്ക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ എബോള വസന്തയില്‍ രാജ്യത്ത് മരണമടഞ്ഞ ആയിരങ്ങളുടെ ദുഃഖം തീരുംമുന്‍പെയാണ് മറ്റൊരു ദുരന്തം ഈ കൊച്ചുനാടിനെ ദുഃഖത്തിന്‍റെ കയത്തില്‍ ആഴ്ത്തിയിരിക്കുന്നത്. ഫ്രീടൗണ്‍ പ്രവിശ്യയില്‍ നീണ്ടനാള്‍ സേവനംചെയ്തിട്ടുള്ള സെവേറിയന്‍ മിഷണറിയായ ആര്‍ച്ചുബിഷപ്പ് ബിഗൂസ്സി പ്രസ്താവിച്ചു.

ദാരിദ്ര്യംകൊണ്ടും മാനുഷിക ദുരന്തങ്ങള്‍കൊണ്ടും എന്നും ശ്രദ്ധേയമായിട്ടുള്ള ക്ലേശങ്ങളുടെ നാടാണ് സിയേറ ലിയോണയെന്ന്, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് ബിഗൂസി വിഷമത്തോടെ പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിച്ചത്.

 








All the contents on this site are copyrighted ©.