2017-08-18 12:52:00

എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും അപലപനീയം-സ്പെയിനിലെ മെത്രാന്മാര്‍


സ്പെയിനിലെ ബര്‍സെല്ലോണയില്‍ പതിമൂന്നുപേരുടെ ജീവനപഹരിക്കുകയും അനേകരെ മുറിവേല്പിക്കുകയും ചെയ്ത ഭീകരാക്രമണത്തെ അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍ അപലപിക്കുകയും ഈ ദുരന്തത്തിന്‍റെ യാതനകള്‍ അനുഭവിക്കുന്നവരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

വ്യാഴാഴ്ച(17/08/17) നടന്ന ഈ ആക്രമണത്തിന് ഇരകളായവരു‌ടെയും അവരുടെ കുടുംബങ്ങളുടെയു ചാരെ തങ്ങള്‍ ഉണ്ടെന്ന് അറിയിക്കുന്ന മെത്രാന്മാര്‍ ഭീകരപ്രവര്‍ത്തനത്തിന്‍റെ സകലരൂപങ്ങളെയും അതിശക്തം അപലപിക്കുകയും വഴിപിഴച്ച ഇത്തരം കൃത്യങ്ങള്‍ നീതിയുക്തമായ ജീവിതത്തെ സംബന്ധിച്ച ധാര്‍മ്മിക വീക്ഷണത്തിന് വിരുദ്ധമാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു.

ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ഗുരുതരമായ ധ്വംസനവും ഒപ്പം കടുത്ത അസഹിഷ്ണുതയും സമഗ്രാധിപത്യവും ആണ് ഈ ഭീകരാക്രമണമെന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തുന്നു.

നിന്ദ്യമായ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ മെത്രാന്മാര്‍ വിശ്വാസികളെ ക്ഷണിക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള വിവിധ ലോക നേതാക്കളും ഈ ആക്രമണത്തെ അപലപിച്ചു. സാധ്യമായ എല്ലാസഹായവും ഡൊണാള്‍ഡ് ട്രംപ് സ്പെയിനിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  

 








All the contents on this site are copyrighted ©.