2017-08-17 18:02:00

പാവങ്ങളെ തുണയ്ക്കുന്ന നിയമനിര്‍മ്മാണം ഫിലിപ്പീന്‍സില്‍


പാവങ്ങളെ തുണയ്ക്കുന്ന നിയമം രൂപീകരിക്കാനുള്ള ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ നീക്കം പ്രത്യാശ പകരുന്നതെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവനത്തിനായുള്ള കമ്മിഷന്‍റെ സെക്രട്ടറി ഫാദര്‍ എഡ്വിന്‍ ഗാരിഗ്വെസ് പ്രസ്താവിച്ചു. ഇന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം പാവങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ സഹായകമാകുന്ന നിയമ നിര്‍മ്മാണമാണ് ജനപ്രതിനിധി സഭ ഒരുക്കിയിരിക്കുന്നതും നിര്‍ദ്ദേശിക്കുന്നതും.

പാവങ്ങളുടെ അവസ്ഥയെ മെച്ചപ്പെടുത്താന്‍ പോരുന്ന ഈ “മാഞ്ഞാ കാര്‍ത്ത” (Magna Carta)   പാര്‍ലിമെന്‍റ് ​​അംഗീകരിക്കുകയാണെങ്കില്‍ ഭക്ഷണം, പാര്‍പ്പിടം, ഉപജീവനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലയില്‍ രാജ്യത്ത് വലിയ മാറ്റവും വികസനവും ഉണ്ടാകും. സാമൂഹ്യരംഗത്ത് ദേശീയതലത്തില്‍ സേവനംചെയ്യുന്ന ഫാദര്‍ ഗാരിഗ്വെസ്  ആഗസ്റ്റ് 16-ന് കണ്ണചേര്‍ത്ത ഫിലിപ്പീന്‍സിന്‍റെ ദേശീയ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റിലൂടെ (cbcpnews) പ്രത്യാശ പ്രകടിപ്പിച്ചു.

നിയമവിരുദ്ധമായും ജീവന്‍ അപായപ്പെടുത്തിയും അവയവ വില്പന, മനുഷ്യക്കടത്ത്, അടിമവേല പോലുള്ള രാജ്യാന്തര അധോലോക ശൃംഖലകളില്‍ ഫിലിപ്പീന്‍സിലെ പാവങ്ങള്‍ ഇരകളാകുന്നുണ്ട്. പാവങ്ങളുടെ ജീവന്‍ തകര്‍ക്കുന്ന സാമൂഹിക തിന്മകള്‍ അകറ്റി അവര്‍ക്ക് നീതിയുടെയും സമത്വത്തിന്‍റെയും ജീവിതാന്തസ്സ് നല്കാന്‍ ഈ നിയമനിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുമെന്ന പ്രത്യാശയിലാണ് പാവങ്ങളും അവരെ പിന്‍തുണയ്ക്കുന്ന സകലരും.  

http://cbcpnews.net/

 








All the contents on this site are copyrighted ©.