2017-08-17 08:29:00

പാപ്പാ ഫ്രാന്‍സിസിന്‍റെ അന്യൂനമായ സംവേദനശൈലി


വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ വീക്ഷണം :

പാപ്പാ ഫ്രാന്‍സിസിന്‍റെ ആശയവിനിമയ രീതി സഭയ്ക്ക് എന്നും മാതൃകയാക്കാവുന്നതാണ്. വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15-Ɔ൦ തിയതി ചൊവ്വാഴ്ച ബ്രസീല്‍ സന്ദര്‍ശനത്തിനിടെ സാന്താ കാതറീനയില്‍വച്ചാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സംവേദന ശൈലിയുടെ സവിശേഷതകളെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവച്ച ചോദ്യത്തിനു മറുപടിയായി മോണ്‍സീഞ്ഞോര്‍ വിഗനോ ഇങ്ങനെ അഭിപ്രായം പറഞ്ഞത്.

ആഗസ്റ്റ് 16-മുതല്‍ 20-വരെ തിയതികളില്‍ ബ്രസീലിലെ ദേശീയ മെത്രാന്‍സമിതി സംഘടിപ്പിച്ചിരിക്കുന്ന മാധ്യമ സമ്മേളനത്തില്‍ (Assembly of Communications) പങ്കെടുക്കാനെത്തിയതായിരുന്ന മോണ്‍സീഞ്ഞോര്‍ വിഗനോ. സമ്മേളത്തിന്‍റെ പ്രഥമദിനമായ ആഗസ്റ്റ് 16-ന് സഭയിലെ ഇന്നിന്‍റെ ആശയവിനിമയ രീതികളെ പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണത്തില്‍ അദ്ദേഹം അവതരിപ്പിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ സംവേദനശൈലി :  ക്രിയാത്മകതയും അവതരണരീതിയും സംവേദനശൈലിയുംകൊണ്ട് ആശയവിനിമയത്തിന്‍റെ നീതിശാസ്ത്രം പാപ്പാ ഫ്രാന്‍സിസ് തിരുത്തിഎഴുതുകയും നവീകരിക്കുകയും ചെയ്യുന്നു. ചെറിയ കഥകളിലൂടെയും സംഭവങ്ങളിലൂടെയും കാര്യങ്ങള്‍ പറയുന്ന പാപ്പായുടെ പ്രഭാഷണശൈലി കേള്‍വിക്കാരുമായി ഉടനടി നല്ലബന്ധം സ്ഥാപിക്കുന്നു. സംവേദകനും ശ്രോതാക്കളും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നു. തമ്മില്‍ത്തമ്മില്‍ ക്രിയാത്മകമായ അടുപ്പവും ബന്ധവും സ്ഥാപിക്കുന്നു. എല്ലാത്തരത്തിലും തലത്തിലുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണങ്ങള്‍ക്ക് എപ്പോഴും ഒരു പ്രായോഗിക മാനം അതിന്‍റെ പരിസമാപ്തിയില്‍ ലഭ്യമാണെന്ന വസ്തുത നിരീക്ഷിക്കേണ്ടതും എടുത്തു പറയേണ്ടതുമാണ്. അത് സ്വീകര്‍ത്താക്കളെ ഉത്തേജിപ്പിക്കുകയും കര്‍മ്മനിരതരാക്കുകയും ചെയ്യുന്നു (enthuses and induces). പാപ്പാ ഫ്രാന്‍സിസിന്‍റെ സംവേദനത്തിന്‍റെ കാതല്‍ കാരുണ്യത്തിന്‍റെ സുവിശേഷമാണ്. അദ്ദേഹത്തിന്‍റെ സംസാരത്തിലും പ്രവൃത്തികളിലും, ഓരോ ചലനത്തിലും ഇടപഴകലിലും കാരുണ്യത്തിന്‍റെ സംവേദനമാണെന്ന് സകലര്‍ക്കും അനുഭവവേദ്യമാകുന്നത്.

വത്തിക്കാന്‍ മാധ്യമങ്ങളുടെ നവീകരണം :   വത്തിക്കാന്‍റെ മാധ്യമപ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റത്തെക്കുറിച്ചായിരുന്നു മോണ്‍സീഞ്ഞോര്‍ വിഗനോ മാധ്യമപ്രവര്‍ത്തകരോട് രണ്ടാമതായി സംസാരിച്ചത്.  മനുഷ്യന്‍ നിരന്തരമായ മാറ്റത്തിന് വിളിക്കപ്പെട്ടവനാണ്. മാറ്റം നവീകരണത്തിന്‍റെയും നവജീവന്‍റെയും അടയാളമാണ്. നവസാങ്കേതികതയ്ക്കൊത്ത് വത്തിക്കാന്‍റെ മാധ്യമ വിഭാഗങ്ങള്‍ ഒരു കുടക്കീഴിലായി (Vatican’s Secretariat for Communications) പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. അതിന്‍റെ ആദ്യ അടയാളമായിരിക്കും വത്തിക്കാന്‍റെ ഇനിയും തയ്യാറായിക്കൊണ്ടിരിക്കുന്ന ബഹുഭാഷാ ‘Portal’ ഡിജിറ്റല്‍ സംവേദന ശൃംഖലയെന്ന്, വത്തിക്കാന്‍റെ മാധ്യമ നവീകരണപദ്ധതികളെക്കുറിച്ച് മോണ്‍സീഞ്ഞോര്‍ വിഗനോ ആമുഖമായി വിവരിച്ചു. 

പരിശുദ്ധ സിംഹാസനത്തെയും പാപ്പായെയും സഭയുടെ പ്രബോധനങ്ങളെയും വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങളെയും പ്രതിഫലിപ്പിക്കുകയും, അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ സംവേദിക്കുന്ന ഒരു മാധ്യമശൃംഖല മെനഞ്ഞെടുക്കാനാണ് വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഇപ്പോള്‍ പരിശ്രമിക്കുന്നത്.   വിവരസാങ്കേതികതയുടെ ലോകത്ത് സാങ്കേതികത പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതു മാത്രവുമാണ് സമുന്നതമെന്നോ, മഹത്തമമെന്നോ ചിന്തിക്കരുത്. സഭയുടെ ആശയവിനിമയ സമീപനം ഒരിക്കലും “ടെക്നോക്രാഫ്റ്റ്” (technocraft) അല്ല. അതായത്  സംവേദനം സാങ്കേതികതയെ മാത്രം കേന്ദ്രീകരിച്ചല്ല, സാങ്കേതികത ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തില്‍ വ്യക്തകളെ – ഓരോ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ചാണ് സന്ദേശങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത്. അതിനാല്‍ ആശയവിനിമയ ശാസ്ത്രത്തിന്‍റെ കേന്ദ്രം മനുഷ്യനാണ്, വ്യക്തിയാണ്!

മനുഷ്യഹൃദയങ്ങളിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന ദൈവകൃപയുടെയും കാരുണ്യത്തിന്‍റെയും ധാരാളിത്തമാണ് സഭയുടെ ആശയവിനിമയ ലോകത്ത് നിറഞ്ഞു നില്ക്കേണ്ടത്. അത് സുവിശേഷത്തിന്‍റെ നിറവാണ്. അതുകൊണ്ടു തന്നെ, ഇന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന സഭയുടെ മാധ്യമ സംവിധാനങ്ങളുടെ നവീകരണം മനുഷ്യകേന്ദ്രീകൃതവും എന്നാല്‍ സുവിശേഷമൂല്യങ്ങളെ അധികരിച്ചുള്ളതുമായ ഒരു ആശയവിനിമയ ശൈലിയിലേയ്ക്ക് പുനരാവിഷ്ക്കരിക്കാനുമാണ് വത്തിക്കാന്‍റെ മാധ്യമകാര്യാലയും പരിശ്രമിക്കുന്നത്. ദൈവം തരുന്ന കൃപയുടെ സ്വീകര്‍ത്താവ് മനുഷ്യനാണ്. മനുഷ്യഹൃദയങ്ങളെ കൃപാപൂര്‍ണ്ണമാക്കുകയാണ് സഭയുടെ മാധ്യമസംവിധാനങ്ങളുടെ പരമമായ ലക്ഷ്യം.

 
All the contents on this site are copyrighted ©.