2017-08-14 13:10:00

"വിശ്വാസം ഒരുപായമല്ല"- പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശം


വത്തിക്കാനില്‍, ഞായറാഴ്ചകളില്‍ പതിവുള്ള, പൊതുമദ്ധ്യാഹ്നപ്രാര്‍ത്ഥന ഈ ഞായറാഴ്ചയും (13/08/17) ഫ്രാന്‍സീസ് പാപ്പാ നയിച്ചു. റോമില്‍ അനുഭവപ്പെട്ടിരുന്ന കനത്ത വേനല്‍ച്ചൂടിന് അല്പം ശമനമുണ്ടായിരിക്കുന്ന ദിനങ്ങളാണങ്കിലും വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശാലമായ ചത്വരത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയിരുന്ന വിവിധരാജ്യക്കാരായിരുന്ന നിരവധിയായ വിശ്വാസികളില്‍ പലരും കുടകളോ തൊപ്പികളോ സൂര്യതാപത്തില്‍ നിന്ന് രക്ഷനേടുന്നതിന് ഉപയോഗപ്പെടുത്തിയിരുന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായ പാപ്പാ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി സന്ദേശം നല്കുകയും ചെയ്തു. ഈ ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യെ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം അദ്ധ്യായം 14, 22 മുതല്‍ 33 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യേശു ജലത്തിനുമീതെ നടക്കുന്ന സംഭവമായിരുന്നു വിചിന്തനത്തിനാധാരം.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം 

ഗലീലിയ തടാകത്തീരത്ത് രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം യേശു അവിടത്തെ ശിഷ്യര്‍ കയറിയ വഞ്ചിയുടെ അടുത്തേക്ക് വെള്ളത്തിനുമുകളിലൂടെ നടന്നു പോകുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. എതിര്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ മുന്നോട്ടു പോകാനാകാതെ വഞ്ചി തടാകത്തിനു നടുവില്‍ കിടക്കുകയായിരുന്നു. ജലത്തിനുമുകളിലൂടെ യേശു നടന്നുവരുന്നത് കണ്ടപ്പോള്‍ ശിഷ്യര്‍ അതൊരു ഭൂതമാണെന്ന് കരുതി ഭയപ്പെട്ടു. എന്നാല്‍ യേശു അവര്‍ക്ക് ധൈര്യം പകരുന്നു:”ധൈര്യമായിരിക്കുവിന്‍, ഞാനാണ് ഭയപ്പെടേണ്ട”. (വാക്യം 27). പത്രോസാകട്ടെ, സ്വതസിദ്ധമായ ആവേഗശീലത്താല്‍, യേശുവിനോടു പറയുന്നു:” കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കുവരാന്‍ കല്പിക്കുക; വരൂ, യേശു പത്രോസിനെ വിളിച്ചു”. (മത്തായിയുടെ സുവിശേഷം അദ്ധ്യായം 14,വാക്യങ്ങള്‍ 28,29) പത്രോസ് വള്ളത്തില്‍ നിന്നിറങ്ങി യേശുവിന്‍റെ നേര്‍ക്കു വെള്ളത്തിനുമീതേകൂടി നടക്കാന്‍ തുടങ്ങി; എന്നാല്‍ കാറ്റു ആഞ്ഞടിച്ചതിനാല്‍ പത്രോസ് ഭയപ്പെടുകയും മുങ്ങിത്താഴാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ അവന്‍ നിലവിളിച്ചു പറഞ്ഞു: കര്‍ത്താവേ, എന്നെ രക്ഷിക്കണമേ, യേശുവാകട്ടെ കൈ നീട്ടി അവനെ പിടിച്ചു.

ഈ സുവിശേഷഭാഗം പ്രതീകാത്മകതയാല്‍ സമ്പന്നമാണ്. അത് നമ്മെ, വ്യക്തികളെന്ന നിലയിലും സഭാസമൂഹം എന്ന നിലയിലും, നാമെല്ലാവരുടെയും, ഇന്ന് ഈ ചത്വരത്തിലായിരിക്കുന്നവരായ നമ്മുടെയും, വിശ്വാസത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തിന്, ഈ സഭാസമൂഹത്തിന് വിശ്വാസമുണ്ടോ? നാം ഒരോരുത്തരുടെയും നമ്മുടെ സമൂഹത്തിന്‍റെയും വിശ്വാസം എങ്ങനെയുള്ളതാണ്? വള്ളം നാം ഓരോരുത്തരുടെയും സഭയുടെയും ജീവിതത്തെ ദ്യോതിപ്പിക്കുന്നു. എതിര്‍ക്കാറ്റ് പ്രതിനിധാനം ചെയ്യുന്നത് ബുദ്ധിമുട്ടുകളെയും പരീക്ഷണങ്ങളെയുമാണ്. കര്‍ത്താവേ, നിന്‍റെ അടുത്തേക്കുവരാന്‍ എന്നോടു കല്പിക്കൂ, കര്‍ത്താവേ എന്നെ രക്ഷിക്കൂ എന്നീ പത്രോസിന്‍റെ അഭ്യര്‍ത്ഥനകള്‍, കര്‍ത്താവിന്‍റെ സാമീപ്യം അനുഭവിച്ചറിയാനുള്ള നമ്മുടെ ആഗ്രഹത്തെ എന്ന പോലെതന്നെ, നമ്മുടെയും, ആന്തരിക ബലഹീനതകളാലും പ്രകടമായ ബുദ്ധിമുട്ടുകളാലും മുദ്രിതമായ  നമ്മുടെ സമൂഹത്തിന്‍റെയും ജീവിതത്തിലെ ഏറ്റം കടുപ്പമേറിയ നമിഷങ്ങളില്‍ അനുഭവപ്പെടുന്ന ഭയത്തെയും മനഃക്ലേശത്തെയും സൂചിപ്പിക്കുന്നു.

ആസമയത്ത് പത്രോസിന് യേശുവിന്‍റെ ഉറപ്പുള്ള വാക്ക്, ഇളകിമറിഞ്ഞതും അപകടകരവുമായ ജലത്തെ നേരിടുന്നതിന് പിടിക്കേണ്ട, നീട്ടിയിട്ട കയര്‍ എന്ന പോലെയുള്ള , വാക്ക്, മതിയായില്ല. ഇതു നമുക്കും സംഭവിക്കാം. കര്‍ത്താവിന്‍റെ   വാക്കുകളെ മുറുകെ പിടിക്കാതെ വരുമ്പോള്‍, കുടൂതല്‍ ഉറപ്പു ലഭിക്കുന്നതിനായി ജ്യോതിഷത്തിലും കൈനോട്ടക്കാരിലും അഭയം തേടുമ്പോള്‍ നാം മുങ്ങിത്തുടങ്ങുകയായി. ഇതിനര്‍ത്ഥം വിശ്വാസം അത്ര ശക്തമല്ല എന്നാണ്. സകലവും എളുപ്പമായതും പ്രശാന്തവുമായ ഒരു വഴിയല്ല കര്‍ത്താവിലും അവിടത്തെ വചനത്തിലുമുള്ള വിശ്വാസം തുറന്നിടുകയെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു; അത് ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ നിന്ന് നമ്മെ ഒഴിവാക്കി നിറുത്തുന്നുമില്ല. വിശ്വാസം ഒരു സാന്നിധ്യം, യേശുവിന്‍റെ സാന്നിധ്യം, ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതിനു നമുക്കു പ്രചോദനമേകുന്ന യേശു സാന്നിധ്യം നമുക്കുറപ്പുനല്കുന്നു. ഇരുളില്‍ വഴികാട്ടിത്തന്നുകൊണ്ട് പ്രതിന്ധികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നതിന് നമ്മെ പിടിക്കുന്ന കരത്തിന്‍റെ ഉറപ്പാണത്. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്ന് രക്ഷനേടുന്നതിനുള്ള ഒരു പഴുതല്ല വിശ്വാസം, എന്നാലത്, ജീവിതയാത്രയില്‍ നമുക്ക് തുണയേകുകയും ഒരര്‍ത്ഥം  നല്കുകയും ചെയ്യുന്നു.

ഈ സുവിശേഷസംഭവം എക്കാലത്തെയും സഭയുടെ യാഥാര്‍ത്ഥ്യത്തിന്‍റെ    വിസ്മയകരമായ ഒരു ചിത്രമാണ്: തകര്‍ക്കത്തക്കവിധത്തില്‍ അപകടകരമാംവവിധം എതിരെ വീശുന്ന കാറ്റിനെയും കടല്‍ക്ഷോഭത്തെയും നേരിടേണ്ട ദീര്‍ഘയാത്രയിലായിരിക്കുന്ന ഒരു നൗക. ആ സഭാ നൗകയെ രക്ഷിക്കുന്നത് ധീരതയല്ല, അതിലുള്ള വ്യക്തികളുടെ മേന്മയാണ്. മുങ്ങിത്താഴുന്ന അപകടത്തിനെതിരായ ഉറപ്പ് ക്രിസ്തുവിലും അവിടത്തെ വചനത്തിലുമുള്ള വിശ്വാസം. ഇതാണ് അച്ചാരം: ക്രിസ്തുവിലും അവിടത്തെ വചനത്തിലുമുള്ള വിശ്വാസം. ദുരിതങ്ങളും ബലഹീനതകളും ഉള്ളവരാണെങ്കില്‍ത്തന്നെയും നാം ഈ നൗകയില്‍ സുരക്ഷിതരാണ്, സര്‍വ്വോപരി, സത്യമായും നീ ദൈവപുത്രനാണ് എന്ന് പറഞ്ഞുകൊണ്ട് കര്‍ത്താവിനെ സാഷ്ടാംഗം പ്രണമിച്ച ശിഷ്യരെപ്പോലെ, നാം മുട്ടുകുത്തി അവിടത്തെ ആരാധിക്കുമ്പോള്‍. സത്യമായും നീ ദൈവപുത്രനാണ് എന്ന് യേശുവിനോടു പറയുക എത്ര സുന്ദരമാണ്!. നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് ഇങ്ങനെ പറയാം: സത്യമായും നീ ദൈവത്തിന്‍റെ പുത്രനാണ്.

ജീവിതത്തിലെ കൊടുങ്കാറ്റുകളെ ചെറുത്തുനില്ക്കുന്നതിനും, ആകര്‍ഷണീയവും എന്നാല്‍ സൈദ്ധാന്തികമായും ശൈലിയിലും മുദ്രാവാക്യങ്ങളിലും യാതൊരുറപ്പും ഇല്ലാത്തതുമായ വള്ളങ്ങളില്‍ കറാനുള്ള പ്രലോഭനത്തെ ജയിച്ചുകൊണ്ട് സഭാനൗകയില്‍ ആയിരിക്കുന്നതിനുമുതകുന്ന അചഞ്ചലവിശ്വാസമുള്ളവരായിരിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.   ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരും റോമാക്കാരുമടങ്ങിയ തീര്‍ത്ഥാടകരെയം കുടുംബങ്ങളെയും ഇടവകാംഗങ്ങളെയും സംഘടനകളെ പ്രതിനിധാനം ചെയ്യുന്നവരെയും പ്രത്യേകം അഭിവാദ്യം ചെയ്തു.

എല്ലാവര്‍ക്കും ശുഭ ഞായറും നല്ലൊരുച്ചവിരുന്നും ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” അതായത്, വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.