2017-08-12 17:23:00

പ്രതിസന്ധികളില്‍ സാന്ത്വനമാകുന്ന ദൈവികസാമീപ്യം


ആണ്ടുവട്ടം 19-Ɔ൦ വാരം  - വിശുദ്ധ മത്തായിയുടെ സുവിശേഷം 14, 22-36.

1. സുവിശേഷ പശ്ചാത്തലം   ഇന്നത്തെ സുവിശേഷത്തിന് ഒരു പ്രത്യേക പശ്ചാത്തലമുണ്ട്. ക്രിസ്തു തന്‍റെ പരസ്യജീവിതത്തില്‍ ഗലീലിയ, നസ്രത്ത് പ്രദേശങ്ങളിലെല്ലാം രോഗശാന്തി നല്കിയും, ഉപമകളിലൂടെ പഠിപ്പിച്ചും ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിച്ചു. എന്നിട്ടും അവിടുന്ന് സ്വന്തം നാട്ടില്‍ പരിത്യക്തനായി. അങ്ങനെയാണ് ഒരു ദിവസം അവിടുന്ന് തന്‍റെ  ശിഷ്യന്മാരെ ഗലീലിയായുടെ മറുകരയിലേയ്ക്കു പറഞ്ഞയച്ചത്. എന്നിട്ട് പ്രാര്‍ത്ഥിക്കാനായി അവിടുന്ന് ഒരു മലയിലേയ്ക്കും പോയി.

ഈ സുവിശേഷ സംഭവത്തിന്‍റെ രംഗചിത്രീകരണത്തില്‍ ശ്രദ്ധേയമാകുന്നൊരു വൈരുദ്ധ്യമുണ്ട്. ശിഷ്യന്മാര്‍ അങ്ങ് താഴെ ഗലീലിയാക്കടല്‍ കടന്ന് മറുകരയ്ക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍, ക്രിസ്തു മലമുകളിലാണ്. തങ്ങളെ ഏല്പിച്ച ദൗത്യവുമായി ശിഷ്യസമൂഹം താഴെ അലയാഴിയില്‍ ക്ലേശിക്കുമ്പോള്‍ ക്രിസ്തു ശാന്തനായി, ഏകനായി മലമുകളില്‍ പ്രാര്‍ത്ഥിക്കുന്നു. മറുകരയിലുള്ള ജനങ്ങളുടെ സമീപത്ത് സുവിശേഷ ദൗത്യവുമായി എത്തിച്ചേരാന്‍ ശിഷ്യന്മാര്‍ക്ക് ഉടനെ സാധിച്ചിട്ടില്ല. വൈകിയ യാമത്തില്‍ ആഞ്ഞുവീശിയ ശക്തമായ കാറ്റിലും, തല്ലിയലയ്ക്കുന്ന തിരമാലയിലും അവര്‍ ക്ലേശിക്കവെ 4-Ɔ൦ യാമത്തില്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, നേരം പരപര വെളുക്കുമ്പം ഇതാ, ക്രിസ്തു വെള്ളത്തിനു മുകളിലൂടെ നടന്ന് ശിഷ്യന്മാരുടെ പക്കലെത്തി. ആദ്യം അതൊരു ഭൂതമാണെന്നു വിചാരിച്ച് ശിഷ്യന്മാര്‍ ഭയന്നു നിലവിളിച്ചത്രേ! യേശു വിളിച്ചു പറഞ്ഞു, “ധൈര്യമായിരിക്കുക! ഇതു ഞാനാണ്! ഞാന്‍ തന്നെ!”

2. ക്ലേശങ്ങളില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍    മാനുഷികമായി അസാദ്ധ്യമായ സംഭവമാണ് കടലിനുമീതെ നടക്കുക! ദൈവപുതനും ദൈവവുമായ ക്രിസ്തുവിന് അത് സാദ്ധ്യമായതില്‍ മറിച്ചു ചിന്തിക്കാനില്ല. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലല്ലോ!! ക്രിസ്തുവിന്‍റെ ദൈവികശക്തി കണ്ട് ആശ്ചര്യപ്പെട്ട പത്രോസ് അതില്‍ പങ്കുചേരാന്‍ ആഗ്രഹിച്ചു. വെള്ളത്തിനു മുകളിലൂടെ ക്രിസ്തുവിന്‍റെ പക്കല്‍ ഉടന്‍ എത്തിപ്പെടാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അപ്പസ്തോല പ്രമുഖനെ തന്‍റെ പക്കലേയ്ക്ക് കുറച്ചു ദൂരമെങ്കിലും വെള്ളത്തിനുമീതെ നടന്നുചെല്ലാന്‍ അവിടുന്ന് അനുവദിച്ചു. എന്നാല്‍ വിശ്വാസരാഹിത്യംമൂലം അയാള്‍ മുങ്ങിപ്പോവുകയും ചെയ്തു. “കര്‍ത്താവേ, എന്നെ രക്ഷിക്കണേ!” എന്നയാള്‍ നിലവിളിച്ചു. “പത്രോസേ, അല്പവിശ്വാസിയാകാതേ, വിശ്വാസമുള്ളവനായിരിക്കുക...!!” ഈശോ പത്രോസിനെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടു പറഞ്ഞു. എന്നിട്ട് അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റ് ശമിച്ചു. ഭയവിഹ്വലരായി മുറവിളി കൂട്ടിയിരുന്ന ശിഷ്യസമൂഹം ശാന്തമായി. അവരുടെ ജീവിതം ക്രിസ്തു സാന്നിദ്ധ്യത്താല്‍ പ്രശാന്തമായി.

3.  വിശ്വാസവും വിശ്വാസവഞ്ചനയും    “അല്പ വിശ്വാസിയാകാതേ....!” ക്രിസ്തുവിന്‍റെ ഈ പ്രയോഗത്തില്‍ ഒരു ശാസനാഭാവം ഉണ്ടെന്നതില്‍ സംശയമില്ല. കാരണം വിശ്വാസം മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനമാണ്.  അത് ദൈവമനുഷ്യബന്ധത്തിന്‍റെയും അടിത്തറയാണ്. ജീവനും ആയുസ്സും നല്കിയ ദൈവത്തില്‍, സ്രഷ്ടാവായ  ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക! ഒരു ഈശ്വര വിശ്വാസിയായിരിക്കുക തീര്‍ച്ചായായും വളരെ അടിസ്ഥാനപരമായ ആവശ്യമാണ്. ദൈവത്തില്‍ വിശ്വാസമിര്‍പ്പിക്കുന്നവര്‍ക്ക് അതിന്‍റെ തുടര്‍ച്ചയെന്നോണം സഹോദരങ്ങളിലും മനുഷ്യരിലും വിശ്വാസമുണ്ടാകും. ജീവിതം ഭൂമിയില്‍ സമാധാനപൂര്‍ണ്ണമാകും!

വിശ്വാസവഞ്ചനയുടെ കഥകള്‍ നാം ഇന്ന് നിരവധിയായി കേള്‍ക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരവും ദൈവത്തോടും അവിശ്വസ്തത കാണിക്കുന്നവര്‍. സ്വന്തം സഹോദരങ്ങളോടുപോലും വിശ്വാസവഞ്ചന കാണിച്ച് സ്വത്തും വസ്തുവകകളും തട്ടിയെടുക്കുന്ന പൊള്ളയായ സഹോദരബന്ധങ്ങളുടെ കഥകള്‍ ധാരാളമാണിന്ന്. അല്പം വിശ്വാസമര്‍പ്പിച്ച് എന്തെങ്കിലും സൂക്ഷിക്കനോ കൈകാര്യംചെയ്യാനോ എല്പിച്ചാല്‍പ്പിന്നെ ഉള്ളതും അതിനപ്പുറവും ചോര്‍ത്തിയെടുത്ത്, വിശ്വാസമര്‍പ്പിച്ചവനെ പാപ്പരാക്കുന്ന ആത്മവഞ്ചനയുടെ കഥകള്‍ കേള്‍ക്കാം. മനുഷ്യര്‍ തമ്മിലുള്ള ബന്ധവും, ദൈവവും മനുഷ്യനും തമ്മിലുള്ള ഇടപെടലും ജീവിതത്തില്‍ വളരെ അടിസ്ഥാനമാണ്, ആവശ്യമാണ്. ജീവിതത്തിന്‍റെ സുസ്ഥിതിക്കും നിലനില്പിനും രണ്ടും അനിവാര്യമാണ്. കുടുംബങ്ങളില്‍ ഇല്ലാതാകുന്ന പരിസ്പര വിശ്വാസക്കുറവാണ് ഇന്ന് മതങ്ങള്‍ തമ്മിലും, സമൂഹങ്ങള്‍ തമ്മിലും നിഴലിച്ച് ലോകത്തെ സമാധാനമില്ലാത്ത അവസ്ഥയിലാക്കുന്നത്. പരിസ്പര വിശ്വാസമില്ലായ്മ കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും കുടുംബങ്ങളില്‍ അസമാധാനം വളര്‍ത്തുകയും ചെയ്യുന്നതുപോലെ, മതമാത്സര്യവും സമൂഹങ്ങള്‍ തമ്മിലുള്ള കിടപിടുത്തവുമെല്ലാം പൊതുഭവനമായ ഭൂമിയിലെ ജീവിതം ക്ലേശപൂര്‍ണ്ണവും കലുഷിതവുമാക്കുന്നുണ്ട്.

4.  അവിശ്വസ്ത   തകര്‍ക്കുന്ന  ജീവിതങ്ങള്‍    വ്യക്തി ജീവിതത്തെ തകര്‍ക്കുന്ന ഒരു ഘടകമാണ് വിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ! ദൈവത്തില്‍ മാത്രമല്ല, തന്നില്‍ത്തന്നെയും വിശ്വാസമില്ലാത്ത ശോച്യമായ അവസ്ഥയാണത്! പത്രോസിനെ ക്രിസ്തു ശാസിച്ചത് അയാളുടെ വിശ്വാസക്കുറവിനെ ചൊല്ലിയാണ്. ജീവിതത്തില്‍ താണുപോവുരയും, ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയുംചെയ്ത വിശ്വാസക്കുറവ്. ആത്മവിശ്വാസമില്ലാത്ത ഒരു വ്യക്തി ജീവിതത്തില്‍ താണുപോകുമെന്നതില്‍ സംശയമില്ല. ഇന്ന് കേരളം അത്മഹത്യയുടെ തലസ്ഥാനമെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യയുടെ നിരക്ക് അത്രത്തോളം പെരുകിയിട്ടുട്ട് കൊച്ചുകേരളത്തില്‍! ഈ പെടുമരണങ്ങള്‍ക്കു വേണ്ടുവോളം കാരണങ്ങള്‍ പറയാമെങ്കിലും, അടിസ്ഥാനപരമായി വിശ്വാസക്കുറവാണ് കാരണം. വ്യക്തിയുടെ ആത്മവിശ്വാസമില്ലായ്മയാണ് ആത്മഹത്യയുടെ മുഖ്യകാരണം.

ഭര്‍ത്താവു കുടിയനായതിനാല്‍ ഭാര്യ ആത്മഹത്യചെയ്യുന്നു. രണ്ടു മക്കളും, സ്വന്തം കുടുംബവും അച്ഛനമ്മമാരൊക്കെ ബാക്കി നില്ക്കെ പെണ്ണു പെട്ടന്ന് വെളളത്തില്‍ ചാടി മരിക്കുന്നു. തീര്‍ച്ചയായും ഇതൊരു മാനസീകാവസ്ഥയാണ്... Psychological condition! എങ്കിലും, ആത്മവിശ്വാസക്കുറവാണ് ഇതിന്‍റെ പിന്നിലെ അടിസ്ഥാന കാരണം. ഭര്‍ത്താവു കുടിയാനണെങ്കിലും എനിക്ക് ജീവിക്കാം, മക്കളുണ്ട്, അച്ഛനും അമ്മയുമുണ്ട്. എന്‍റെ ബന്ധുക്കളുണ്ട്. എന്നെ അറിയുന്ന സമൂഹമുണ്ട്. സമുദായമുണ്ട്. സര്‍വ്വോപരി എനിക്ക് ജീവനും ആയുസ്സും നല്കിയ ദൈവമുണ്ട്, ഈശ്വരനുണ്ട്! എന്ന അല്പസ്വല്പ ബോധമുണ്ടെങ്കില്‍ ആരും ചാടി ചാവുകയില്ല. സ്വന്തം ജീവിതത്തിലും കഴിവിലും കരുത്തിലും ആത്മവിശ്വാസമില്ലാത്ത അവസ്ഥ അപകടകരംതന്നെ! ചുറ്റുമുള്ള സഹോദരങ്ങളിലും, മക്കളില്‍പ്പോലും വിശ്വാസമില്ല. പിന്നെ ഈശ്വരനിലും വിശ്വാസമില്ല! ദൈവം നല്കിയ ആയുസ്സ് അവിടുന്ന് തിരിച്ചെടുക്കുംവരെ, അവിടുന്നു തിരികെ വിളിക്കുംവരെ വിശ്വസ്തതയോടെ സമര്‍പ്പിച്ചു ജീവിക്കുകയാണ് നമ്മുടെ കര്‍മ്മവും ധര്‍മ്മവും.

5.  പ്രതിസന്ധിയിലും  ദൈവം ചാരത്ത്    വളരെ അടുത്തറിയുന്ന ഒരു സ്ത്രീ പറഞ്ഞതാണ്, ജീവിതത്തിലെ വിഷമംകൊണ്ടോ, അല്ലെങ്കില്‍ വിഷമം നടിച്ചോ ആവാം ഈ പറച്ചില്‍. ജീവിതം മടുത്തത്രേ!. 42 വയസ്സ് ആകുന്നതേയുള്ളൂ... രണ്ടു ചെറിയ മക്കളുണ്ട്... എന്നിട്ട് ആത്മഹത്യചെയ്യാന്‍ പോകുന്നത്രെ! ആത്മഹത്യ മാത്രമല്ലെ രണ്ടു ചെറുമക്കളെയും ഒപ്പം ഇല്ലാതാക്കുമെന്ന്. ഒരു ആത്മഹത്യയും, പിന്നെ രണ്ടു കൊലപാതകത്തിനും മുതിരുമെന്ന ഭീഷണിമുഴക്കാന്‍ വേണ്ടുവേളം ആത്മവിശ്വാസമില്ലാത്ത സ്ത്രീ, ഈശ്വര വിശ്വാസമില്ലാത്ത സ്ത്രീ! അവശ്യത്തിനു വിദ്യാഭ്യാസമുണ്ട്, സര്‍ക്കാര്‍ ആപ്പീസില്‍ ഉദ്യോഗവുമുണ്ട്. വിശ്വാസമില്ലെങ്കില്‍.. എന്തുകാര്യം...!? ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അങ്ങനെ പറയാന്‍ നാവു പൊങ്ങുകയില്ല! മക്കളിലോ, ഭര്‍ത്താവിലോ, സഹോദരങ്ങളിലോ വിശ്വാസമില്ലാത്ത, ആത്മവിശ്വാസമില്ലാത്ത, ദൈവത്തില്‍ ശരണപ്പെടാന്‍ ബുദ്ധിയില്ലാത്തൊരു സ്ത്രീയായിട്ടാണ് അവരെക്കുറിച്ച് എനിക്കു തോന്നിയത്.

പ്രതിസന്ധികള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. അത് നേരിടാന്‍ ദൈവം നമുക്ക് കെല്പു നല്‍കുന്നുണ്ട്. സുവിശേഷത്തില്‍ നാം കാണുന്നത് വേദനിക്കുന്ന മനുഷ്യന്‍റെചാരത്ത് അണയുന്ന ക്രിസ്തുവിനെയാണ്, ദൈവത്തെയാണ്. “ദൈവമേ, ഞങ്ങളെ രക്ഷിക്കണേ!” എന്നു വിളിച്ചപേക്ഷിച്ചു കരയുന്ന മനുഷ്യരുടെ ചാരത്തണയുന്ന ദൈവം! തന്‍റെ പകലേയ്ക്കു വരാന്‍ മനുഷ്യനെ ക്ഷണിക്കുകയും അനുവദിക്കുകയും ചെയ്യുന്ന ദൈവം!! അതുപോലെ ആവശ്യനേരത്ത് ദൈവം നമ്മുടെ സഹോദരങ്ങളിലൂടെയും, ചിലപ്പോള്‍ അപരിചിതരിലൂടെയും നമ്മുടെ സമീപത്തെത്താറുണ്ടല്ലോ അവിടുന്ന്, തീര്‍ച്ചായാണ്!

6.  ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകുന്ന ദൈവരാജ്യം   വിശുദ്ധ മത്തായി ഇന്നത്തെ സുവിശേഷഭാഗത്ത് വരച്ചുകാട്ടുന്നത് ദൈവരാജ്യത്തിന്‍റെ യഥര്‍ത്ഥമായൊരു ചിത്രമാണ്.    ജീവിതസാഗരത്തിന്‍റെ പ്രതിസന്ധികളില്‍ - കാറ്റിലും കോളിലും ഉലയുന്ന ദൈവരാജ്യത്തിന്‍റെ ചിത്രമാണിത്.  ദൈവരാജ്യത്തിന് അനുകൂലവും പ്രതികൂലവുമായ ചുറ്റുപാടുകള്‍ സുവിശേഷകന്‍ വരച്ചുകാട്ടുന്നു. സ്വന്തം നാട്ടില്‍, നസ്രത്തില്‍ യേശു സ്വീകൃതനാകുന്നില്ല. ഹേറോദേസ് രാജാവു വിചാരിച്ചത് ക്രിസ്തു എന്നയാള്‍ താന്‍ കൊലപ്പെടുത്തിയ സ്നാപക യോഹന്നാന്‍ തിരിച്ചുവന്നതാണ് എന്നത്രെ. എന്നാല്‍ പാവപ്പെട്ടവര്‍ അവിടുത്തെ ശ്രവിച്ചു. അവിടുത്തെ തിരിച്ചറിഞ്ഞു. അവര്‍ വിജനപ്രദേശത്തുവച്ച് അവിടുന്നു പ്രവര്‍ത്തിച്ച 5 അപ്പത്തിന്‍റെയും 2 മീനിന്‍റെയും അത്ഭുതം കണ്ടറിഞ്ഞു. അവിടുന്ന് ദൈവത്താല്‍ അയക്കപ്പെട്ട രക്ഷകനാണെന്ന് അവര്‍ക്കു ബോധ്യമായി. അങ്ങനെയുള്ള ജനക്കൂട്ടത്തെ വിട്ടിട്ടാണ് ഈശോ പ്രാര്‍ത്ഥിക്കാന്‍ മലയിലേയ്ക്കും, ശിഷ്യന്മാര്‍ ഗലീലിയയ്ക്ക് മറുകരെ ഗ്രാമങ്ങളിലേയ്ക്കും ദൈവരാജ്യത്തിന്‍റെ സന്ദേശവുമായി ഇറങ്ങിപ്പുറപ്പെട്ടത്.

 7. ക്രിസ്തുവിലെ ദൈവരാജ്യസാമീപ്യം   യേശുവിന്‍റെ സാന്നിദ്ധ്യത്താല്‍ ശിഷ്യന്മാര്‍ വിശ്വാസത്തില്‍ ബലപ്പെട്ടവരായി. കടല്‍ക‌ടന്നവര്‍ ജെന്നെസാരത്ത് എന്ന പ്രദേശത്ത് എത്തിച്ചേര്‍ന്നു. പ്രതിസന്ധി കടന്നെത്തുന്നതിന്‍റെ പ്രശാന്തതയും മനോഹാരിതയുമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്‍റെ അവസാനഭാഗത്ത് നാം കാണുന്നത്. അവിടെയും ജനങ്ങള്‍ ക്രിസ്തുവിനെ തിരിച്ചറിയുന്നു. പിന്നെ ജനങ്ങള്‍ ഓടിക്കൂടുകയായി. രോഗികളെയും തങ്ങളുടെ വൈകല്യങ്ങള്‍ ഉള്ളവരെയും അവിടുത്തെ പക്കലേയ്ക്ക് കൊണ്ടുവരുന്നു. അയല്‍ഗ്രാമങ്ങളിലേയ്ക്കെല്ലാം അവര്‍ ഈ സദ്വാര്‍ത്ത പറഞ്ഞുപരത്തുന്നു. അതോടെ, ജനങ്ങള്‍ ഓടിക്കൂടി. രോഗികള്‍ അവിടുത്തെ വസ്ത്രത്തിന്‍റെ വിളുമ്പിലെങ്കിലും തൊ‌‌ട്ടെങ്കിലോ, എന്ന് ആഗ്രഹിച്ചു. ഒരു വിരല്‍സ്പര്‍ശത്താല്‍ സൗഖ്യപ്പെടാമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അങ്ങനെ അനേകര്‍ സൗഖ്യംപ്രാപിച്ചു. അവര്‍ക്ക് ദൈവരാജ്യത്തിന്‍റെ സാമീപ്യവും സന്നിദ്ധ്യവും അനുഭവവേദ്യമായി. ലോകത്ത് നന്മ വളരുന്നു, സ്നേഹം ജീവിക്കുന്നു, സമാധാനം പൂവണിയുന്നു!








All the contents on this site are copyrighted ©.