2017-08-09 10:11:00

കര്‍ദ്ദിനാള്‍ ദിയൊജീനി തെത്താമാന്‍സി കബറടങ്ങി


സഭയുടെ ശ്രദ്ധേയനായ പ്രേഷിതനും ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ മുന്‍മെത്രപ്പോലീത്തയുമായിരുന്നു ആഗസ്റ്റ് 5-Ɔ൦ തിയതി ശനിയാഴ്ച അന്തരിച്ച വടക്കെ ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ ദിയൊജീനി തെത്താമാന്‍സി.

അന്തിമോപചാര ശുശ്രൂഷകള്‍ :    മിലാനിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ ആഗസ്റ്റ് 8-Ɔ൦ തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് അന്തിമോപചാര ശുശ്രൂഷകള്‍ നടത്തപ്പെട്ടു. മുന്‍രൂപതാദ്ധ്യക്ഷനും, അതിരൂപതയുടെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോള മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇപ്പോഴത്തെ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് മാരിയോ ദെല്‍പീനി ഉള്‍പ്പെടെ നിരവധി സഭാദ്ധ്യക്ഷന്മാരും വൈദികരും സഹകാര്‍മ്മികരായിരുന്നു.  മൂന്നു പാപ്പാമാരുടെ സഭാശുശ്രൂഷാകലാത്ത് – വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍റെയും, മുന്‍പാപ്പാ ബെനഡിക്ടിന്‍റെയും, പാപ്പാ ഫ്രാന്‍സിസിന്‍റെയും സേവനകാലത്ത് ദൈവശാസ്ത്രപരവും അജപാലനപരവും സാംസ്ക്കാരികവുമായ സേവനങ്ങള്‍കൊണ്ട് സഭയെ ധന്യമാക്കിയ ശ്രദ്ധേയനായ സഭയുടെ അജപാലകന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭദ്രാസനദേവാലയത്തിന്‍റെ വലതുഭാഗത്തെ ചെറിയ അള്‍ത്താരയ്ക്കു മുന്നിലാണ് കര്‍ദ്ദിനാള്‍ തെത്താമാന്‍സിയുടെ ഭൗതികശേഷിപ്പുകള്‍ സംസ്ക്കരിച്ചത്.

സമാനതകളില്ലാത്ത സഭാസേവകന്‍ :   തന്‍റെ അജപാലന ജീവിതം സുവിശേഷസന്തോഷത്തോടെയും എളിമയോടെയും എന്നും സഭയില്‍ സമര്‍പ്പിച്ച ധീരനായ കര്‍മ്മയോഗിയെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ വചനപ്രഭാഷണമദ്ധ്യേ കര്‍ദ്ദിനാള്‍ സ്കോള പരേതനായ കര്‍ദ്ദിനാള്‍ തെത്താമാന്‍സിയെ വിശേഷിപ്പിച്ചു. ദൈവശാസ്ത്രപണ്ഡിതനെന്ന നിലയിലും ജീവന്‍റെ പ്രയോക്താവെന്ന രീതിയിലും ഇറ്റാലി.ന്‍ സഭയുടെ ശ്രദ്ധേയനായ അജപാലകന്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ സമാനതകളില്ലാത്തെന്നും കര്‍ദ്ദിനാള്‍ സ്കോള കൂട്ടിച്ചേര്‍ത്തു.

ജീവിതം :   വടക്കെ ഇറ്റലിയില്‍ റെനാത്തെയില്‍ 1934-ല്‍ ജനിച്ചു. മിലാന്‍ അതിരൂപതാ സെമിനാരിയിലും, പിന്നിട് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലും പഠിച്ചു. 1957-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ദൈവശാസ്ത്രാദ്ധ്യാപകനായിട്ടാണ് അജപാലന സേവനത്തിന് തുടക്കമിട്ടത്.   ഇറ്റാലിയന്‍ പ്രസിദ്ധീകരണങ്ങളില്‍ രചനാപാടവം തെളിയിച്ച ഫാദര്‍ തെത്താമാന്‍സി കുടുംബങ്ങളുടെ പ്രേഷിതനുമായിരുന്നു.

1987-മുതല്‍ ലൊമ്പാര്‍ഡിയായിലെ പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ മെത്രാന്‍ സമിതിയുടെ ഉപദേശക സമിതി അംഗമായിരുന്നു. അംഗോണ അതിരൂപതെയുടെ മെത്രാപ്പോലീത്തയായി 1989-ല്‍ നിയമിതനായി. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആര്‍ച്ചുബിഷപ്പ് തെത്താമാന്‍സിയെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. 2002-ല്‍ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്കും നിയുക്തനായി. 2011-ല്‍ 78-Ɔമത്തെ വയസ്സില്‍ വിരമിച്ചു. 2005-ല്‍ ബെനഡിക്ട് 16-Ɔമന്‍ പാപ്പായെയും, 2013-ല്‍ പാപ്പാ ഫ്രാന്‍സിസിനെയും തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്തിട്ടുണ്ട്.  2017 ആഗസ്റ്റ് 5-ന് മിലാനില്‍വച്ചായിരുന്നു അന്ത്യം.    

സഭയുടെ കര്‍ദ്ദിനാള്‍സംഘം :   കര്‍ദ്ദിനാള്‍ ദിയൊനീജി തെത്താമാന്‍സിയുടെ നിര്യാണത്തോടെ ആഗോളസഭയിലെ‍ കര്‍ദ്ദിനാളന്മാരുടെ എണ്ണമിപ്പോള്‍ 223 ആണ്. അതില്‍ 121-പേര്‍ 80 വയസ്സിനുതാഴെ കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരും, 102-പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.

 
All the contents on this site are copyrighted ©.