2017-08-07 12:02:00

‘‘പരിശുദ്ധ അമ്മയെ മാതൃകയാക്കുക’’: ഏഷ്യന്‍ യുവതയോടു പാപ്പാ


ഇന്തോനേഷ്യയിലെ യോഗ്യാകാര്‍ത്തയില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ യുവജനസംഗമത്തിന് പ്രാര്‍ഥനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തില്‍ കര്‍ത്താവിന്‍റെ അമ്മയെ മിഷനറിശിഷ്യത്വത്തിനു മാതൃകയാക്കാനും വിശ്വാസത്തോടും ധൈര്യത്തോടുംകൂടി ദൈവവിളിക്കു പ്രത്യുത്തരമേകുവാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു.

വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പരോളിന്‍ വഴി നല്‍കിയ സന്ദേശത്തിന്‍റെ പൂര്‍ണരൂപം താഴെച്ചേര്‍ക്കുന്നു:

     പരിശുദ്ധപിതാവ് ഫ്രാന്‍സീസ് പാപ്പാ, ഏഴാമത് ഏഷ്യന്‍ യുവജനസംഗമത്തില്‍ പങ്കാളികളായിരിക്കുന്ന നിങ്ങള്‍ക്കേവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങളും പ്രാര്‍ഥാനാശംസകളും അയയ്ക്കുന്നു. ഏഷ്യയിലാകമാനമുള്ള യുവജനങ്ങള്‍ ദൈവത്തിന്‍റെ വിളി കൂടുതല്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതിനും വിശ്വാസത്തോടും ധൈര്യത്തോടുംകൂടി പ്രത്യുത്തരമേകുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നു. അടുത്ത ആഗോളയുവജനസംഗമത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ കര്‍ത്താവിന്‍റെ അമ്മയെ നിങ്ങളുടെ മിഷനറിശിഷ്യത്വത്തിന്‍റെ മാതൃകയായി ദര്‍ശിക്കാനും, നിങ്ങളുടെ അമ്മയോടെ ന്നപോലെ, അവളോടു സംസാരിക്കാനും, അവളുടെ സ്നേഹപൂര്‍ണമായ മധ്യസ്ഥതയില്‍ ശരണം വയ്ക്കാനും നിങ്ങളെ ക്ഷണിക്കുന്നു.  ഇപ്രകാരം, യേശുക്രിസ്തുവിനെ കൂടുതല്‍ അടുത്തനുഗമിക്കാ നുള്ള അന്വേഷണത്തില്‍ നിങ്ങള്‍ക്കും നസ്രത്തിലെ യുവതിയെപ്പോലെ, സത്യമായും ലോകത്തെ കൂടുതല്‍ മെച്ചപ്പെടുത്താനും, ചരിത്രത്തില്‍ ഒരു മുദ്ര ശേഷിപ്പിക്കാനും കഴിയും (പാപ്പാ യുവജനങ്ങള്‍ക്കു നല്‍കിയ സന്ദേശം, 21 മാര്‍ച്ച് 2017).

എല്ലാ യുവജനങ്ങളെയും അവരുടെ കുടുംബങ്ങളെയും നമ്മുടെ നാഥയുടെ മാതൃത്വത്തിന്‍റെ മധ്യസ്ഥതയ്ക്കു സമര്‍പ്പിച്ചുകൊണ്ട്, സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും വാഗ്ദാനമായി ഫ്രാന്‍സീസ് പാപ്പാ നിങ്ങള്‍ക്കേവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്‍കുന്നു.    

കര്‍ദിനാള്‍ പരോളിന്‍ ഒപ്പുവച്ച ഈ സന്ദേശം ഓഗസ്റ്റ് ആറാംതീയതിയാണ് പ്രസിദ്ധപ്പെടുത്തിയത്.  ഓഗസ്ററ് രണ്ടാം തീയതി ആരംഭിച്ച ഈ ഷഡ്ദിന യുവജന സമ്മേളനം ഏഴാം തീയതി, തിങ്കളാഴ്ച അവസാനിക്കുകയാണ്. 








All the contents on this site are copyrighted ©.