2017-08-05 09:10:00

വെനസ്വേലയുടെ സമാധാനത്തിനായി വത്തിക്കാന്‍റെ അഭ്യര്‍ത്ഥന


ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ രാഷ്ട്രീയ ചുറ്റുപാടില്‍ പാപ്പാ ഫ്രാന്‍സിസ്  അതിയായ ആശങ്ക പ്രകടപ്പിച്ചു.

ആഗസ്റ്റ് 4-Ɔ൦ തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കൊലയും കൊള്ളിവയ്പും നടക്കുന്ന വെനസ്വേലയുടെ അക്രമരാഷ്ട്രീയ സ്ഥിതിഗതികളില്‍ തനിക്കുള്ള അതിയായ ആശങ്കയും വേദനയും പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കിയത്.

വെനസ്വേലയുടെ മാനുഷികവും, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ കാഴ്ചപ്പാടുകള്‍ വളരെ നേരിട്ടാണ് പാപ്പാ ഫ്രാന്‍സിസ് മനസ്സിലാക്കുന്നതെന്നും, വേദനിക്കുന്ന നാടിനും ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. മനുഷ്യാന്തസ്സും മാനിക്കുകയും, നിലവിലുള്ള ഭരണഘടന മാനിച്ചുകൊണ്ട് അടിസ്ഥാന സ്വാതന്ത്ര്യം നിലനിര്‍ത്തുകയുംവേണമെന്ന് രാഷ്ട്ര നേതാക്കളോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വത്തിക്കാന്‍റെ പ്രസ്താവന അഭ്യര്‍ത്ഥിച്ചു.

ഭക്ഷണത്തിനും മരുന്നിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിപ്പോലും വിഷമിക്കുന്ന ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് പുതിയ ഭരണഘടനയ്ക്കുള്ള നീക്കങ്ങള്‍ പിന്‍വലിക്കുകയും, അനുരജ്ഞനവും സമാധാനവും വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നും പ്രസ്താവനയില്‍ പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു. 2016 ഡിസംബര്‍ 1-ന് വത്തിക്കാന്‍ വെനസ്വേലന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള സമാധാന അഭ്യര്‍ത്ഥനയെയും അരങ്ങേറുന്ന നയങ്ങളെയുംകുറിച്ച് ഒരിക്കല്‍ക്കൂടി അനുസ്മരിപ്പിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ കാര്യാലയം സമാധാനാഭ്യര്‍ത്ഥന ഉപസംഹരിച്ചത്.

ജനകീയ  നയങ്ങള്‍ തെറ്റിച്ച് പ്രസിഡന്‍റ് നിക്കോളാസ് മദൂരോ ഇറിക്ക ഡിക്രി പ്രകാരം ജൂലൈ 31-നു നടത്തിയ ഭരണഘടന തിരഞ്ഞെടുപ്പിനുശേഷമാണ് രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായത്. തിരഞ്ഞെടുപ്പില്‍ ഭരണപക്ഷം വിജയിച്ചെങ്കിലും, അട്ടിമറിയും അഴിമതിയാരോപണവും ജനപക്ഷത്തുനിന്ന് ശക്തമായ എതിര്‍പ്പുമുണ്ട്. മിലിട്ടറി ശക്തി ഉപയോഗിച്ച് ക്രമസമാധാനം നിലനിര്‍ത്താനുള്ള പ്രസിഡന്‍റ് മദൂരോയുടെ നീക്കങ്ങളാണ് സ്ഥിതിഗതികള്‍ പിന്നെയും നിയന്ത്രണാതീതമാക്കിയിരിക്കുന്നത്.  








All the contents on this site are copyrighted ©.