2017-08-04 12:32:00

മനുഷ്യക്കടത്തിനെ നേരിടാന്‍ ഫിലിപ്പീന്‍സിലെ മെത്രാന്‍സംഘം


ഫിലിപ്പീന്‍സില്‍ വര്‍ദ്ധിച്ചുവരുന്ന മനുഷ്യക്കടത്തെന്ന നവമായ അടിമത്തത്തെ നേരിടാന്‍  മെത്രാന്മാര്‍ പ്രായോഗിക പദ്ധതികള്‍ ഒരുക്കി.

ആഗസ്റ്റ് 3-Ɔ൦ തിയതി വ്യാഴാഴ്ച ഫിലിപ്പീന്‍സിന്‍റെ ദേശീയ മെത്രാന്‍ സംഘത്തിനുവേണ്ടി കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലന ശുശ്രൂഷയ്ക്കുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് ക്രൂസ് സാന്‍റോസ് പുറത്തുവിട്ട പ്രസ്താവനയാണ് ആധുനികതയുടെ നവഅടിമത്തമായ മനുഷ്യക്കടത്തിനെ നേരിടാന്‍ ദേശീയ മെത്രാന്‍ സംഘം പദ്ധതിയൊരുക്കിയ കാര്യം വെളിപ്പെടുത്തിയത്.  

മെത്രാന്‍സംഘത്തിന്‍റെ പ്രായോഗിക തീരുമാനങ്ങള്‍ :    മനുഷ്യക്കടത്തിന് ഇരയാകയും അതില്‍നിന്ന് മോചിതരാവുകയും ചെയ്തവരുടെ ഒരു ദേശീയ ശൃഖംല രാജ്യത്തുടനീളം തുറന്നുകൊണ്ടും, അവര്‍ തമ്മില്‍ കണ്ണിചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുവച്ചിട്ടുള്ള നവഅടിമത്തത്തെ നേരിടാന്‍ മെത്രാന്മാര്‍ തയ്യാറാകുന്നത്.  പ്രഥമഘട്ടം പ്രവര്‍ത്തനത്തില്‍ തന്നെ മനുഷ്യക്കടത്തിന് ഇരകളാകയും മോചിതരാവുകയും ചെയ്തിട്ടുള്ള 100-ല്‍ അധികം സ്ത്രീപുരുഷന്മാര്‍ കര്‍മ്മബദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന, ബലാംഗയുടെ മെത്രാന്‍, ബിഷപ്പ് സാന്തോസ് അറിയിച്ചു. രാജ്യത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധസംഘടകളോടു കൈകോര്‍ത്തുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും മനുഷ്യക്കടത്തെന്ന മാനവികതയുടെ നവമായ അടിമത്തം ഇല്ലാതാക്കാനും പൂര്‍വ്വോപരി ശക്തമായ നീക്കങ്ങള്‍ കൊക്കൊള്ളുമെന്നും പ്രസ്താവന വ്യക്തമാക്കി.

ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേശീയ യുവജന പ്രസ്ഥാനം, സാമൂഹ്യസേവാ സംഘം, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള സംഘടന, ദേശീയ സന്ന്യസ്തരുടെ കൂട്ടായ്മ, ‘തളിതാ കൂം’ സന്നദ്ധസംഘടന, സ്ത്രീകളുടെ ദേശീയ കത്തോലിക്കാ കൂട്ടായ്മ, സന്ന്യാസസമൂഹങ്ങളുടെ മേലദ്ധ്യക്ഷന്മാര്‍ ചേര്‍ന്നുള്ള ദേശീയ സംഘടന എന്നിവരുടെ സഹകരണത്തോടും സഹായത്തോടുംകൂടെയായിരിക്കും അടിമക്കടത്തിനെതിരെ ഫിലിപ്പീന്‍സിലെ സഭ പോരാടാന്‍ പോകുന്നതെന്നും പ്രസ്താവ വെളിപ്പെടുത്തി.

മനുഷ്യക്കടത്തിന്‍റെ രൂഢമൂലമായ കാരണങ്ങള്‍ :  മനുഷ്യനെ വസ്തുവിനെപ്പോലെ ഉപയോഗപ്പെടുത്താം എന്ന തെറ്റിധാരണയില്‍നിന്നും പഴയ കാലത്തെന്നപോലെ ഇന്നും പ്രബലപ്പെട്ടുവരുന്ന തിന്മയാണ് അടിമത്തം. പാപം മനുഷ്യഹൃദയത്തെ മലീമസമാക്കുന്നു. സ്രഷ്ടാവായ ദൈവത്തില്‍നിന്നും അയല്‍ക്കാരില്‍നിന്നും അകന്നിരിക്കുമ്പോഴാണ് മനുഷ്യന്‍ തുല്യാന്തസ്സുള്ള വ്യക്തിയും പൊതുമാനവികതയില്‍ പങ്കുചേരുന്ന എന്‍റെ സഹോദരനും സഹോദരിയുമാണ് എന്ന കാഴ്ചപ്പാടു നഷ്ടപ്പെട്ട്, അവനെയും അവളെയും വസ്തുക്കളെപ്പോലെ ഉപയോഗിക്കുകയും അടിമപ്പെടുത്തുകയും ചെയ്യുന്നത്. പ്രേരണയാലോ ചതിയാലോ, ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദത്താലോ ദൈവത്തിന്‍റെ പ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ടവര്‍, അവനും അവളും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് വസ്തുവകകള്‍പോലെ ഇന്ന് വില്ക്കപ്പെടുന്നുണ്ട്.

അപരന്‍റെ അടിസ്ഥാന മനുഷ്യത്വം നിഷേധിക്കപ്പെടുന്നുവെന്ന മൂലകാരണത്തിനും മീതെ, സമകാലീന അടിമത്വത്തിന്‍റെ മറ്റു കാരണങ്ങള്‍ നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. അതില്‍ പ്രഥമ കാരണം ദാരിദ്ര്യവും, പിന്നെ വികസനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ നിലനില്ക്കുന്ന അസമത്വവുമാണ്. കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും മനുഷ്യക്കടത്തിനും അടിമത്വത്തിനും ഇരകളാകുന്നത്. മെച്ചപ്പെട്ട ജീവിതാവസ്ഥയുടെ സ്വപ്നങ്ങളും, വളരുവാനുള്ള വെമ്പലിന്‍റെ വ്യഥയും പേറി മുന്നേറുമ്പോള്‍, തൊഴില്‍ അവസരങ്ങളുടെയും സമ്പന്നതയുടെയും വ്യാജവാഗ്ദാനങ്ങളുടെയും വലയത്തിലും, പിന്നെ അവസാനം മനുഷ്യക്കടത്തിന്‍റെ കെണിയിലും വീഴുന്ന ഹതഭാഗ്യരാണ് ഇക്കൂട്ടര്‍. ആധുനിക ആശയവിനിമയ ഉപാധികള്‍ ഉപയോഗിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും യുവതീയുവാക്കളെ മയക്കിയെടുക്കുവാന്‍ ഈ ശൃംഖലകള്‍ക്ക് സാമര്‍ത്ഥ്യമുണ്ട്.

സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യുവാന്‍ മടിക്കാത്ത വിധത്തില്‍ വളര്‍ന്നിട്ടുള്ള അഴിമതിയാണ് മനുഷ്യക്കടത്തിന്‍റെ മറ്റൊരു കാരണം. അടിമത്വവും മനുഷ്യക്കടത്തും സമൂഹത്തില്‍ വളരത്തക്കവിധം നമ്മുടെ നിയമപാലകരും നീതിന്യായ സംരക്ഷകരും അലംഭാവം കാണിക്കുന്നുണ്ടെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

* from the Message of Pope Francis against Human Trafficking cf. Peace message 2015.

 
All the contents on this site are copyrighted ©.