2017-08-04 09:19:00

മതാത്മകയെ പിന്‍താങ്ങുന്ന ഏഷ്യന്‍ സംസ്ക്കാരത്തനിമ


ഏഷ്യന്‍ യുവജനസംഗമം സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയെന്ന്  കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസേരിയോ, ഏഷ്യന്‍ യുവജന കമ്മിഷന്‍റെ ചെയര്‍മാന്‍.   മതാത്മകതയെ പിന്‍താങ്ങുന്ന സംസ്ക്കാരത്തനിമ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രത്യേകതയാണെന്ന്, ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ കൂട്ടായ്മയുടെ യുവജന കമ്മിഷന്‍ ചെയര്‍മാന്‍ (Chairman of the Youth Commision of Federation of Asian Bishops Conferences), കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസേരിയോ പ്രസ്താവിച്ചു.

ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച ഇന്തൊനീഷ്യയിലെ യോഗ്യാകാര്‍ത്തയില്‍ ആരംഭിച്ച ഏഷ്യന്‍ യുവജസമ്മേളനവുമായി ബന്ധപ്പെട്ടു വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ബാംഗ്ലാദേശിലെ ധാക്കാ അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ പാട്രിക് റൊസേരിയോ  ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ടമാണ് ഇന്തൊനീഷ്യ. ഇസ്ലാമിക തീവ്രവാദം ലോകരാഷ്ട്രങ്ങളെ ഭീതിപ്പെടുത്തുന്ന സമയവുമാണിത്. എന്നാല്‍ ഏഷ്യന്‍ മണ്ണില്‍ ക്രൈസ്തവ യുവജനങ്ങള്‍ സമ്മേളിച്ചിരിക്കുന്നത് മതാത്മകതയെ തുണയ്ക്കുന്ന സാംസ്ക്കത്തനിമയെ അധികരിച്ചാണ്. കര്‍ദ്ദിനാള്‍ റൊസേരിയോ അഭിപ്രായപ്പെട്ടു.

ഇന്തൊനീഷ്യയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും ന്യൂനപക്ഷമായ ക്രൈസ്തവരും ഇതര ചെറുമതസമൂഹങ്ങളും ഉണ്ടെങ്കിലും നാടിന്‍റെ ധാര്‍മ്മിക ശക്തി പഞ്ചശീലങ്ങളാണ്. അത്  ഏഷ്യയില്‍ മാത്രമല്ല, ലോകത്തെവിടെയും സ്വീകാര്യമായ മൂല്യങ്ങളാണെന്ന്
കര്‍ദ്ദിനാള്‍ റൊസേരിയോ വിവരിച്ചു. പഞ്ചശീലങ്ങള്‍ ഏഷ്യയിലെ പുരാതന ബുദ്ധമതത്തിന്‍റെ  ഉപജ്ഞാതാവായ ബുദ്ധദേവന്‍റെ പ്രബോധനമാണെങ്കിലും ലോകം ആദരിക്കുന്ന മാനുഷിക മൂല്യങ്ങളും, ക്രൈസ്തവര്‍ക്ക് സുവിശേഷമൂല്യങ്ങളും, ഈശ്വരവിശ്വാസികള്‍ക്ക് ദൈവകല്പനകളുമാണെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ഇത് സാസ്ക്കാരത്തിനിമയുടെയും മതാത്മകമായ മൂല്യങ്ങളുടെയും ഒത്തുചേരലും പരസ്പര ആദരവുമാണെന്ന് കര്‍ദ്ദിനാള്‍ റൊസേരിയോ വ്യക്തമാക്കി.

ജൂലൈ 30-ന് ആരംഭിച്ച ഏഷ്യന്‍ യുവജനോത്സവം അതിന്‍റെ രണ്ടാം ഘട്ടമായ സമ്മേളന പരിപാടികളിലാണ്. ക്രിസ്തുവിന്‍റെ സുവിശേഷമൂല്യങ്ങള്‍ ജീവിക്കാനും പ്രഘോഷിക്കാനും  അതിനു സാക്ഷ്യമേകാനുമുള്ള യുവജനങ്ങളുടെ തീക്ഷ്ണതയാണ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ആഗസ്റ്റ് 3-ന് യോഗ്യകാര്‍ത്തയില്‍ അനുഭവവേദ്യമാകുന്നതെന്ന്, അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ റൊസേരിയോ പങ്കുവച്ചു.   സംസ്ക്കാരങ്ങളുടെ കേന്ദ്രമാണ് ഏഷ്യയെന്നും, ഇവിടെ യുവജനങ്ങള്‍ ഒത്തുചേരുമ്പോള്‍ സംസ്ക്കാര സമ്പന്നതയും, അതിന്‍റെ കരുത്തുമാണ് പ്രകടമാകുന്നത്. സാംസ്ക്കാരിക മൂല്യങ്ങള്‍ കൂട്ടായ്മയിലൂടെ പങ്കുവയ്ക്കപ്പെടുമ്പോള്‍ അത് യുവജനങ്ങള്‍ക്ക് ജീവതത്തില്‍ അനുഭവവേദ്യമാകുകയും,  അവര്‍ക്ക് വളര്‍ച്ചയ്ക്കുള്ള ക്രിയാത്മകമായ പ്രചോദനമായി മാറുകുയും ചെയ്യും. സമ്മേളനത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തവും കൂട്ടായ്മയും നിരീക്ഷിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ റൊസേരിയോ പ്രസ്താവിച്ചു. 
All the contents on this site are copyrighted ©.