2017-08-03 11:53:00

DOCAT ​XXX: ''ജീവനും ജീവിതമാര്‍ഗത്തിനുമുള്ള അവകാശം''


കഴിഞ്ഞ ദിനത്തില്‍ ലെയോ പതിമൂന്നാമന്‍ പാപ്പാ 1891-ല്‍ പുറപ്പെടുവിച്ച, ആദ്യത്തെ സാമൂഹിക പ്രബോധനമായി കണക്കാക്കപ്പെടുന്ന റേരും നൊവാരും എന്ന രേഖയില്‍ നിന്നുള്ള 6, 14, 21 ഖണ്ഡി കകളും വത്തിക്കാന്‍ കൗണ്‍സില്‍ 1965-ല്‍ പുറപ്പെടുവിച്ച സഭ ആധുനികലോകത്തില്‍ എന്നരേഖയിലെ പതിനഞ്ചാം ഖണ്‍ഡികയുമാണ് നാം പഠനത്തിനെടുത്തത്. മനുഷ്യവ്യക്തികളുടെ സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം എന്നിവയെക്കുറിച്ചുള്ള പ്രബോധനങ്ങളായിരുന്നു അവ.  ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ മനുഷ്യാവകാശങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് തൊഴിലി നും ജീവിതമാര്‍ഗത്തിനും മതവിശ്വാസത്തിനും ഉള്ള അവകാശങ്ങളെക്കുറിച്ച് പാച്ചെം ഇന്‍ തേറിസ് അഥവാ ഭൂമിയില്‍ സമാധാനം എന്ന ചാക്രിക ലേഖനത്തില്‍ പഠിപ്പിക്കുന്നതും പോള്‍ ആറാമന്‍ പാപ്പാ വളര്‍ച്ചയ്ക്കും ജീവിതസാക്ഷാത്ക്കാരത്തിനും വേണ്ടിയുള്ള മനുഷ്യാവകാശത്തെക്കുറിച്ചു പഠിപ്പിക്കുന്നതും ഇനി നമ്മുടെ ചിന്താവിഷയമാക്കാം.

ഭൂമിയില്‍ സമാധാനം എന്ന ചാക്രികലേഖനം ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ 1963 ഏപ്രില്‍ പതിനൊന്നാം തീയതി പുറപ്പെടുവിച്ചതാണ്. വ്യക്തികള്‍ തമ്മിലും, വ്യക്തികളും രാഷ്ട്രങ്ങളും തമ്മിലും, രാഷ്ട്രങ്ങള്‍ തമ്മിലും നിലനില്‍ക്കേണ്ട ബന്ധത്തെക്കുറിച്ച്, കടമകളെക്കുറിച്ച്, അവകാശങ്ങളെക്കുറിച്ച് ഇതില്‍ വ്യക്തമാക്കുന്നു. ഈ രേഖയില്‍ നിന്നുള്ള നാലു ഖണ്‍ഡികകളാണ് ഡുക്യാറ്റ് ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്. അവയോടൊപ്പം, 1967-ല്‍ പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച പോപ്പുളോരും പ്രോഗ്രെസിയോ  (ജനതകളുടെ പുരോഗതി) എന്ന രേഖയില്‍ നിന്നുള്ള ഒരു ഖണ്ഡികയും ഇന്നത്തെ പഠനഭാഗത്ത് നാം ചര്‍ച്ച ചെയ്യുന്നു.

പാച്ചെം ഇന്‍ തേറിസ്  65-ാം ഖണ്ഡിക സ്വകാര്യസംരംഭത്തിനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:

1.  പാച്ചെം ഇന്‍ തേറിസ് (1963) 65: സ്വകാര്യസംരംഭത്തിനുള്ള സ്വാതന്ത്ര്യം

എന്നിരുന്നാലും സാമ്പത്തിക മണ്ഡലങ്ങളില്‍ പൊതു അധികാരികളുടെ മുന്‍കരുതലോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകവും അഗാധവുമാണെങ്കിലും അവ പൗരന്മാരുടെ സ്വകാര്യസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതായിരിക്കരുത്, മറിച്ച്, അതിനെ വര്‍ധിപ്പിക്കുന്നതായിരിക്കണം.  ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങള്‍ നശിപ്പിക്കപ്പെടാതെ പരിരക്ഷിക്കുന്നതായിരിക്കണം.  സാധാരണമായി തനിക്കും തന്‍റെ ആശ്രിതര്‍ക്കും ജീവിതാവശ്യങ്ങള്‍ നേടാനുള്ള അവകാശവും കടമയും ആ അവകാശങ്ങളില്‍ പെടുന്നു.  സാമ്പത്തികവ്യവസ്ഥിതി എങ്ങനെയുള്ളതായാലും, ഉത്പാദനപ്രക്രിയയില്‍ ഏര്‍പ്പെടാനും അതു സുഗമമായി നടത്തിക്കൊണ്ടു പോകാനും ഓരോ വ്യക്തിക്കും അനുവാദമുണ്ടായിരിക്കുക എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ പ്രബോധനം പാപ്പാ നേരത്തെ തന്‍റെതന്നെ മാത്തെര്‍ എത് മജിസ്ത്ര (55) എന്ന ചാക്രികലേഖനത്തില്‍ നല്‍കിയിട്ടുള്ളതു തന്നെയാണ്. പൊതു അധികാരത്തിനു കീഴില്‍ സ്വതന്ത്രമായി തനിക്കും കുടുംബത്തിനും ആവശ്യമായവ സമ്പാദിക്കുന്നതിനും ഒപ്പം, സാമൂഹികമായ സേവനത്തിനും ഇത്തരം സംരംഭങ്ങള്‍ കൂടിയേ തീരൂ എന്നു നമുക്കറിയാം. അവിടെയെല്ലാം അമിതമായ ലാഭവും ധനസമ്പാദനവ്യഗ്രതയും ലക്ഷ്യമാക്കി, ഗുണമേന്മയില്ലാത്തതും മറ്റുള്ളവരുടെ സമഗ്രവളര്‍ച്ചയ്ക്കു ഹാനികരവുമായ ഉല്‍പ്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്ന സംരംഭകത്വം അനുവദിക്കാതിരിക്കാന്‍ പൊതു അധികാരവും മതാധികാരവും ജനത്തെ പ്രബോധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക ആവശ്യമാണ്.

ഈ രേഖയിലെ മറ്റൊരു ഖണ്ഡികയില്‍ ഇതേ കാര്യം കുറച്ചുകൂടി വിശദീകരിക്കുന്നുണ്ട്. ആറാം ഖണ്ഡികയില്‍ ജീവനും ജീവിതമാര്‍ഗത്തിനുള്ള അവകാശവും സഭയുടെ വീക്ഷണത്തില്‍ എങ്ങനെ എന്നു വ്യക്തമാക്കുന്നു:

2.  പാച്ചെം ഇന്‍ തേറിസ് (1963) 6: ജീവനും ജീവിതമാര്‍ഗത്തിനുള്ള അവകാശവും

ഒന്നാമതായി നാം മനുഷ്യന്‍റെ അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കാന്‍ തുടങ്ങുമ്പോള്‍, ജീവിക്കാനും, ശാരീരികഭദ്രത നിലനിര്‍ത്താനും, ശരിയായ ജീവിതവികസനത്തിന് ആവശ്യകവും ഉചിതവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമുള്ള അവകാശം ഓരോ മനുഷ്യനുമുണ്ടെന്നു നാം കാണുന്നു.  ഇവയില്‍ പ്രാഥമികമായിട്ടുള്ളവയാണ് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിശ്രമം, ചികിത്സാസൗകര്യം എന്നിവ.  അവസാനമായി, അത്യാവശ്യ സാമൂഹികസേവനങ്ങളും അതില്‍ ഉള്‍പ്പെടുന്നു.  ആകയാല്‍ രോഗം, തൊഴില്‍ചെയ്യാന്‍ കഴിവില്ലായ്മ, വൈധവ്യം, വാര്‍ധക്യം, തൊഴിലില്ലായ്മ എന്നിവയിലും, തന്‍റേ തല്ലാത്ത കുറ്റംകൊണ്ട് ജീവസന്ധാരണത്തിനുള്ള മാര്‍ഗം നഷ്ടപ്പെടുന്ന ഏതൊരവസ്ഥയിലും വ്യക്തിക്കു സംരക്ഷണം ലഭിക്കാന്‍ അവകാശമുണ്ട്.

കഴിവുള്ളവരുടെ കഴിവുകള്‍ ഉപയോഗിക്കപ്പെടുവാനും തനിക്കും സമൂഹത്തിനും വളര്‍ച്ചയ്ക്കായി അധ്വാനിക്കുവാനും അവകാശവും അവസരവും ഉണ്ടായിരിക്കണം. ഒപ്പം, കഴിവില്ലാത്തവര്‍ക്കും അവസരം ലഭിക്കാത്തവര്‍ക്കും ജീവസന്ധാരണത്തിനുള്ള അവകാശം ഉണ്ട് എന്നും അവരുടെ അടി സ്ഥാനപരമായ അവകാശങ്ങള്‍ സമൂഹവും പൊതു അധികാരവും സാധിച്ചുകൊടുക്കേണ്ടതാണ് എന്നും ഇവിടെ അനുശാസിക്കുന്നു.  മനുഷ്യന്‍റെ മുഖ്യാവകാശങ്ങളില്‍ പെടുന്നതാണ് മതവിശ്വാസത്തിനുള്ള അവകാശം. അതിനെക്കുറിച്ചും ഇതേ രേഖയുടെ എട്ടാംനമ്പര്‍ പ്രതിപാദിക്കുന്നു. 

3.  പാച്ചെം ഇന്‍ തേറിസ് (1963) 8: ദൈവത്തെ സംബന്ധിച്ചുള്ള അവകാശം

ഉത്തമമനസ്സാക്ഷിയുടെ പ്രചോദനമനുസരിച്ചു ദൈവത്തെ വണങ്ങുവാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്.  അതുകൊണ്ട്, ദൈവത്തെ രഹസ്യമായും പരസ്യമായും ആരാധിക്കാനുള്ള അവകാശവും അവനുണ്ട്.  കാരണം, ലാക്ടാഷ്യസ് വ്യക്തമായി പഠിപ്പിക്കുന്നതുപോലെ, സ്രഷ്ടാവായ ദൈവത്തിനു കടപ്പെട്ടിരിക്കുന്ന ബഹുമാനം അര്‍പ്പിക്കാന്‍ വേണ്ടി, അവിടുത്തെ മാത്രം ദൈവമായി സേവിക്കുവാന്‍ വേണ്ടിയാണു നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ കടമയില്‍ നാം ദൈവത്തോടു ബാധ്യസ്ഥരായും ബന്ധിതരായുമിരിക്കുന്നു.  ഈ ബന്ധത്തില്‍ നിന്നാണു മതം അതിന്‍റെ പേരു സ്വീകരിക്കുന്നത്.

മനുഷ്യന്‍ ഒരു വ്യക്തിയായിരിക്കുന്നത് അവന് ശരീരവും ആത്മാവും ഉള്ളതുകൊണ്ടാണ്. ആ മഹത്വം ദൈവത്തെ അറിയുവാനും ആരാധിക്കുവാനും ഉള്ള അവകാശത്തെ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. അതാണു മതവിശ്വാസത്തിനും മതാചാരങ്ങളനുഷ്ഠിക്കുന്നതിനുമുള്ള അവകാശം.

ഇനി ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശപ്രഖ്യാപനത്തെക്കുറിച്ച് ഇതേ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ ആഗോളസമൂഹത്തെ ഒന്നായി കണ്ടുകൊണ്ട് നല്‍കിയിരിക്കുന്നതാണ്. ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സാര്‍വത്രികപ്രഖ്യാപനം നടത്തിയത് 1948 ഡിസംബര്‍ പത്താം തീയതിയാണ്. ആദ്യമായിട്ടാണ് എല്ലാ ജനതകളെയും രാഷ്ട്രങ്ങളെയും ഒരേ നിലവാരത്തില്‍ വീക്ഷിച്ചുകൊണ്ട് മനുഷ്യാവകാശങ്ങളുടെ സാര്‍വത്രികത അംഗീകരിച്ചത്.  ഈ മനുഷ്യാവകാശ പ്രഖ്യാപനം അഞ്ഞൂറിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  ഈ സാര്‍വത്രിക മനുഷ്യാവകാശങ്ങളെക്കുറിച്ചു വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ നല്‍കിയ പ്രബോധമിതാണ്.

4.  പാച്ചെം ഇന്‍ തേറിസ് (1963) 75 : മനുഷ്യാവകാശങ്ങള്‍

ഈ സംഘടനയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ സുപ്രധാനമായ ഒരു തെളിവ് മനുഷ്യാവകാശങ്ങളെ സംബ ന്ധിച്ച സാര്‍വത്രിക പ്രഖ്യാപനം നല്‍കുന്നു. ഐക്യരാഷ്ട്രസംഘടന നിര്‍വഹിച്ച പരമപ്രധാനമായ കൃത്യം സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനമാണ്. ആ പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ ആ അവ കാശങ്ങളുടെയും അവയ്ക്കു ചേര്‍ന്ന സ്വാതന്ത്ര്യങ്ങളുടെയും അംഗീകാരവും അവയോടുള്ള ആദരവും സര്‍വജനതകളും സര്‍വരാജ്യങ്ങളും പിന്‍തുടരേണ്ട ആദര്‍ശമായി പ്രഖ്യാപിച്ചിട്ടുണ്ട്.  എന്തെന്നാല്‍, വ്യക്തിയുടെ മഹത്വം എല്ലാ മനുഷ്യവ്യക്തികള്‍ക്കുമുണ്ടെന്ന് അതില്‍ ഏറ്റം ആഘോഷമായ രീതിയില്‍ അംഗീകരിച്ചിരിക്കുകയാണ്. തല്‍ഫലമായി, സ്വതന്ത്രമായി സത്യത്തെ അന്വേഷിക്കുന്നതിനും ധാര്‍മികനന്മയും നീതിയും പ്രാപിക്കുന്നതിനും മാന്യമായി ജീവിക്കുന്നതിനുമുള്ള അവകാശം ഒരു മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.  ഇപ്പറഞ്ഞ അവകാശങ്ങളോടു ബന്ധപ്പെട്ട മറ്റ് അവകാശങ്ങളും അതുപോലെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓരോ ജീവനും ഒരു ദൈവവിളിയാണെന്ന അടിസ്ഥാനതത്വത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് മനുഷ്യന്‍റെ സമഗ്രവളര്‍ച്ചയ്ക്കും, ദൈവം നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യത്തിലെത്തുന്നതിനുംവേണ്ടിയുള്ള അവകാശം ഊന്നിപ്പറയുകയാണ് പോള്‍ ആറാമന്‍ പാപ്പായുടെ ജനതകളുടെ പുരോഗതി എന്ന രേഖയിലെ പതിനഞ്ചാം ഖണ്ഡിക.

5.  പോപ്പുളോരും പ്രോഗ്രെസ്യോ (1967) 15  : ആത്മസാക്ഷാത്ക്കാരത്തിനുള്ള വിളി

ദൈവികപദ്ധതിയില്‍, ഓരോ മനുഷ്യനും വളരാനും സാക്ഷാത്ക്കാരംനേടാനും വിളിക്കപ്പെട്ടിരിക്കുന്നു. കാരണം, ഓരോ ജീവനും ഒരു ദൈവവിളിയാണ്. ജനനസമയത്ത് ഓരോ മനുഷ്യനും ചില പ്രവണതകളും ഗുണങ്ങളും നല്‍കപ്പെടുന്നു. അവയെ അവന്‍ ഫലമണിയിക്കണം. സാഹചര്യത്തില്‍നിന്നും വ്യ ക്തിപരമായ പ്രയത്നങ്ങളുടെ ഫലമായും അവയ്ക്കുണ്ടാകുന്ന വളര്‍ച്ച അവന്‍റെ സ്രഷ്ടാവ് അവനാ യി നിശ്ചയിച്ചിട്ടു്ള്ള ലക്ഷ്യത്തിലേക്കു തന്നെത്തന്നെ നയിക്കാന്‍ അവനെ അനുവദിക്കുന്നു.  ബുദ്ധി ശക്തിയും സ്വാതന്ത്ര്യവുമുള്ളതുകൊണ്ട്, ആത്മസാക്ഷാത്ക്കാരം നേടുവാനും രക്ഷ പ്രാപിക്കുവാനും അവനുത്തരവാദിത്വമുണ്ട്. അവനെ പഠിപ്പിക്കുന്നവരും അവന്‍റെ സഹവാസികളും അവനെ സഹായിക്കുന്നു.  ചിലപ്പോള്‍ അവനെ തടയുന്നു. പക്ഷേ, അവന്‍റെമേല്‍ പ്രയോഗിക്കപ്പെടുന്ന ഈ സ്വാധീന ശക്തികള്‍ എന്തൊക്കെയായാലും, സ്വന്തം വിജയത്തിന്‍റെയും പരാജയത്തിന്‍റെയും മുഖ്യകര്‍ത്താവ് അവന്‍ തന്നെയായിരിക്കും. സ്വന്തം ബുദ്ധിയുടെയും ഇച്ഛാശക്തിയുടെയും പരസഹായമില്ലാത്ത പ്രയത്നം വഴി, ഓരോ മനുഷ്യനും മാനുഷികതയില്‍ വളരാന്‍ കഴിയും.  വ്യക്തിപരമായ മൂല്യം വര്‍ധിപ്പിക്കാനും കൂടുതല്‍ പൂര്‍ണനായ വ്യക്തിയാകാനും സാധിക്കും.

മേല്‍പ്പറഞ്ഞ രേഖകള്‍ നമ്മെ പഠിപ്പിക്കുന്നത്, സൃഷ്ടികളുടെ മുഴുവന്‍ നന്മയാണ് ദൈവം ലക്ഷ്യമാക്കുന്നത് എന്നാണ്.  ഈ ദൈവികലക്ഷ്യം തന്നെയാണ് ദൈവികഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും തന്‍റെ മനോഭാവത്തിലും പ്രവൃത്തിയിലും പിന്‍തുടരേണ്ടതും.  'അങ്ങയുടെ തിരുമനസ്സ് നിറവേറട്ടെ'യെന്നു പ്രാര്‍ഥിക്കുന്ന നമുക്ക് സര്‍വസൃഷ്ടികളുടെയും നന്മ ലക്ഷ്യം വയ്ക്കാം.  അതാണ് ആത്മസാക്ഷാത്ക്കാരത്തിന്‍റെ വഴി. 








All the contents on this site are copyrighted ©.