2017-08-02 20:10:00

കളിക്കാര്‍ സമാധാനത്തിന്‍റെ പ്രയോക്താക്കള്‍


ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാന്‍ ഹാളിനോടു ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയില്‍ ജര്‍മ്മന്‍ ഫുഡ്ബോള്‍ ക്ലബ്, ബരൂസിയ മൊഞ്ചെഗ്ലാഡ്ബാഹി-ലെ (Borussia Monchengladbach) കളിക്കാര്‍ക്കും അതിന്‍റെ സംഘാടകര്‍ക്കും നല്കിയ നേര്‍ക്കാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1900-Ɔമാണ്ടു മുതല്‍ കളിക്കളത്തിലും സാമൂഹിക രംഗത്തും ജനങ്ങളുടെ പക്ഷംചേര്‍ന്നു നില്ക്കുകയും, വളരുന്ന തലമുറയ്ക്ക് മൂല്യാധിഷ്ഠിതമായി കായിക വിനോദത്തിലും കളികളിലും പരിശീലനം നല്ക്കുകയും ചെയ്തതില്‍ ക്ലബിനെ പാപ്പാ അഭിനന്ദിച്ചു.  എന്നും നല്ലകളിക്കാരെ രൂപപ്പെടുത്തിയെടുക്കാന്‍  സാധിച്ചിട്ടുള്ള  ക്ലബ്ബാണ് മൊഞ്ചെഗ്ലാഡ്ബാഹെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

കളിക്കളത്തിലെ ചിട്ടയും ക്രമവുംകൊണ്ട് കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കായികവിനദങ്ങളുടെ കൂട്ടായ്മയാണിത്. യുവജനങ്ങളുടെ രൂപീകരണത്തില്‍, പ്രത്യേകിച്ച് ഭിന്നശേഷിയുള്ളവരുടെ കായികശക്തി  മെച്ചപ്പെടുത്താന്‍  ക്ലബ് ചെയ്യുന്ന സേവനങ്ങളെ പാപ്പാ ശ്ലാഘിച്ചു.  ബറൂസിയയിലുള്ള ക്ലബിന്‍റെ ആസ്ഥാനത്ത് പതിവായെത്തുന്ന കാണികളായ കുടുംബങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ ക്ലബിന്‍റെ സാമൂഹികനന്മ മനസ്സിലാക്കാന്‍ സാധിക്കുമെന്ന്,  ജര്‍മ്മനിലെ തന്‍റെ പഠനകാലത്ത് പരിചയപ്പെട്ടിട്ടുള്ള ക്ലബിനെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചു.

ഇന്നു ലോകം കൊതിക്കുന്ന സമാധാനവും നന്മയും വളര്‍ത്താന്‍ ആവുന്നത്ര ഇനിയും ചെയ്യണമെന്നു ക്ലബ്ബിലെ കളിക്കാരോടും സംഘാടകരോടും പാപ്പാ അഭ്യര്‍ത്ഥിച്ചു. കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രാര്‍ത്ഥനനേര്‍ന്നുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. എന്നിട്ട് പൊതുകൂടുക്കാഴ്ച പ്രഭാഷണത്തിനായി സമീപത്തുള്ള പോള്‍ ആറാമന്‍ ഹാളിലേയ്ക്ക് നീങ്ങി. 








All the contents on this site are copyrighted ©.