2017-08-01 17:48:00

‘‘പരിശുദ്ധ മറിയം നിങ്ങള്‍ക്കു പ്രതീക്ഷയുടെ അടയാളം’’: യുവജനങ്ങളോടു പാപ്പാ


ബ്രസീലിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ അപ്പരെചീദ (Our Lady of Aparecida) ദേവാലയത്തിന്‍റെ മൂന്നൂറാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട യുവജനങ്ങളുടെ ‘‘റോത്ത 300’’ (‘‘വീഥി 300’’) എന്ന കൂട്ടായ്മയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അവരെ ഇങ്ങനെ ഓര്‍മിപ്പിക്കുന്നത്. ‘‘പ്രിയ കൂട്ടുകാരേ, അനുദിനജീവിതത്തിലെ അനിശ്ചിതാവസ്ഥകളുടെയും അരക്ഷിതാവസ്ഥകളുടെയും നടുവില്‍, ചുറ്റുമുള്ള അനീതിനിറഞ്ഞ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വി പദ്സന്ധികളില്‍ നിങ്ങള്‍ക്കു നിശ്ചയമുണ്ടായിരിക്കേണ്ടത്, മറിയം പ്രതീക്ഷയുടെ അടയാളമാണ്; ആ പ്രതീക്ഷ മഹത്തായ മിഷനറി പ്രവര്‍ത്തനത്തിനു നിങ്ങള്‍ക്കു പ്രചോദനമേകുന്നു എന്ന കാര്യമാണ്.  നിങ്ങള്‍ ജീവിക്കുന്ന വെല്ലുവിളികളെന്തെന്നു നിങ്ങള്‍ക്കറിയാം.  അവളുടെ ശ്രദ്ധയും മാതൃപൂര്‍ണമാ യ സംരക്ഷണയും മൂലം നിങ്ങള്‍ തനിയെ അല്ല എന്നു നിങ്ങള്‍ മനസ്സിലാക്കുക''. സന്ദേശം ഉപസംഹരിച്ചുകൊണ്ട് പാപ്പാ അവര്‍ക്കു പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു:  ‘‘പരിശുദ്ധ നാഥ അവളുടെ യുവത്വത്തില്‍ ദൈവത്തിന്‍റെ വിളിയെ സ്വീകരിക്കുകയും ആവശ്യക്കാരുടെ അടുത്ത് ഓടിയെത്തുന്നതിനു തയ്യറാകുകയും ചെയ്തവളാണ്.  നിങ്ങളുടെ പാതയില്‍ അവള്‍ നിങ്ങള്‍ക്കുമുമ്പേയുണ്ടായിരിക്കട്ടെ!’’

ബ്രസീലിലെ അമലോത്ഭവമാതാവിന്‍റെ ഈ ദേശീയ തീര്‍ഥാടനകേന്ദ്രം, പരായ്ബ ദൊ സുള്‍ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്നതും ആ നദിയില്‍ നിന്നു പാവപ്പെട്ട മുക്കുവര്‍ക്കു ലഭിച്ച, പരിശുദ്ധ നാഥയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതുമായ ദേവാലയമാണ്.  








All the contents on this site are copyrighted ©.